നരന്നു തൻ ജീവിതമാശ, മൃത്യു
നൈരാശ്യമെന്നാണഭിയുക്തവാക്യം.

അഹോ! നികൃഷ്ടം തൃണവും വെറുക്കു —
മാദർശസൗഭാഗ്യമകന്ന ജന്മം;
അതല്ലയല്ലോ നിലയെൻ കിടാവി —
ന്നവന്റെ മാർഗ്ഗങ്ങൾ ശിവങ്ങൾ തന്നെ.

വിളക്കിലല്ലെൻ ശിശുവിന്നു വാഞ്ഛ;
മിന്നാമിനുങ്ങിൽ നിരയിന്കലല്ല
താരോൽകരത്തിന്കലുമല്ല: സാക്ഷാൽ
ചന്ദ്രന്കൽ – ഉമ്പർക്കമൃതൂട്ടുവോൻകൽ!

അത്യുച്ച മത്യുച്ച, മവന്റെ ജന്മം;
അത്രയ്ക്ക് മേന്മയ്കവനർഹനല്ലീ?
ആർക്കും കനിഞ്ഞത്തരമാശനൽകു–
മാദർശസമ്പത്തഭിമാനമല്ലീ?

ആശപ്പെടുന്നോൻ വ്യവസായശാലി;
അദ്ധ്വാനശീലൻ ഫലമാസ്വദിപ്പോൻ;
ആശിച്ചു നാം ജന്മമവന്ധ്യമാക്കാം;
ആശയ്ക്കുതാൻപോലഖിലാർത്ഥസിദ്ധി.

അത്യുൽകടാശാഫലമായ് ജഗത്തി —
ലണുക്കളദ്രീശ്വരരായിടുന്നു
ആശിപ്പതെന്തി, ന്നതു നാളെ നേടാ —
മപാവൃതം മർത്ത്യനതിൻ കവാടം.

ഇന്ദുക്കളോരോ ശതകത്തിൽ നമ്മൾ —
ക്കിന്നുള്ള സമ്പത്തുകൾ മിക്കവാറും;
ഏകാന്തമായ് മാനുഷനിച്ഛവച്ചാ —
ലേതിന്ദു തൽകന്ദുകമിന്നുമാകാ!

അഹോ! ജയിക്കുന്നു ചെറുപ്പ-മാരു-
മസാദ്ധ്യമെന്തെന്നറിയാത്തകാലം,
ആശയ്ക്കു മർത്ത്യന്നതിരിട്ടിടേണ്ടൊ–
രാവശ്യമില്ലാത്ത ദശാവിശേഷം.

അസാദ്ധ്യം-ആ വാക്കുലകത്തിലാദ്യ–
മാത്മാവസാദപ്രദമാരുരച്ചു;
അവന്റെ നാവാമസിയേറ്റു മർത്ത്യ–
നാലസ്യകൂപത്തിലധഃപതിച്ചു.

അസാദ്ധ്യം! – ഇസ്സംസൃതിസിന്ധുവിമ്മ–
ട്ടാകല്പകാലം പ്രവഹിച്ചിടുമ്പോൾ;

 

തപിച്ചു നീർത്തുള്ളിയുമാവിയായി–
ത്താരാപഥത്തോളമുയർന്നിടുമ്പോൾൾ;

സച്ചിന്മഹസ്സോടുമരക്ഷണത്തിൽ
സായു-ജ്യമേല്‌പാൻ കഴിവുള്ള മർത്ത്യൻ
അവന്റെ വീര്യം ഗ്രഹിയാതെയെന്തി–
ന്നബദ്ധ, മപ്പല്ലവിയാലപിപ്പൂ?        (യുഗ്‌മകം)