3

അക്കണ്ണീർ നടയ്‌ക്കൽനിന്നർത്ഥിക്കൊരാഢ്യൻവീഴ്‌ത്തും
കൈക്കുംബിൾത്തണ്ണീർ ഭള്ളിൻ ശൗല്‌ക്കികേയകംഅല്ല,
അങ്ങും പണ്ടാ-വേടന്റെ വൃത്തിതാൻ കൈക്കൊണ്ടുപോ–
ലങ്ങെക്കൈയമ്പും ഖഗപ്രാണങ്ങൾ ഭക്ഷിച്ചുപോൽ.
നൂതനമങ്ങുതിർ-ത്തൊ-രക്കണ്ണീ, രതിന്മൂലം
സ്വാനുഭൂതിയാൽ ശുദ്ധം–സ്വാനുപാതത്താൽ ശുഭം.
പാർത്തിടാമങ്ങേസ്സൂക്തിയോരോന്നുമദ്ദിവ്യാശ്രു–
തീർത്ഥത്തിൽ മജ്ജിക്കയാൽ സ്‌നിഗ്‌ദ്ധമായ്, പ്രസന്നമായ്
ശാസിച്ചൂ ചെങ്കോലേന്തി ലോകത്തെദ്ധർമ്മം; പിന്നെ-
ബ്‌ഭാഷിച്ചൂ സൗഹാർദ്ദത്തിൽ തന്മാർഗ്ഗം ചരിക്കുവാൻ;
ആന്തരം ഫലിച്ചീല; വേണമായതിന്നോമൽ-
കാന്തതൻ പൂപ്പുഞ്ചിരിക്കൊഞ്ചലും കൺകോണേറും.
അത്തരം കാവ്യാങ്ഗനാരത്‌നത്തെജ്ജനിപ്പിപ്പാൻ
ശക്തനായ്‌ത്തീർന്നൂ ഭവാനക്കണ്ണീരുതിർക്കവേ.

 

ആക്കണ്ണീർ പതിക്കയാലാർദ്രമാം ഭൂഭാഗം താ-
നാക്കംപൂണ്ടഹിംസയാമൗഷധിക്കാരാമമായ്.
അപ്പക്ഷിക്കന്നാളിലങ്ങത്തരം നൈവാപാംബു-
തർപ്പിക്കെജ്ജപിച്ചതാം “മാനിഷാദാ”ദ്യം മന്ത്രം-
ആദ്യത്തെച്ചതുഷ്പാത്താം ഗായത്രി-ധരിത്രിത–
ന്നാർത്തിയെശ്ശമിപ്പിക്കും കാമധേനുവുമായി.
“ചേണിലിബ്രഹ്മാണ്ഡത്തെയേകനീഡമായേവൻ
കാണുവോനദ്ധന്യൻതാൻ ക്രാന്തദർശനൻ കവി.”
ഇത്തത്വം പഠിപ്പിപ്പൂ ലോകത്തെബ്ഭവാന്റെയ—
ത്തപ്തമാം ബാഷ്പാംബുവിൻ സമ്പാതം പുരാതനം
ആ നറുംതണ്ണീരൂറ്റിൽനിന്നു താൻ പാഞ്ഞീടുന്നു
നൂനമിപ്പൊഴും സാക്ഷാൽ സാഹിതീസരസ്വതി.
ആനൃ-ശംസ്യധർമ്മോപജ്ഞാതാവേ! നമസ്കാര—
മാനന്ദഘണ്ടാമാർഗ്ഗധാതാവേ! നമസ്കാരം!