പ്രചോദനത്തിന്റെ മറ്റൊരാഗമമാർഗ്ഗം

ചിലപ്പോൾ മറ്റൊരു രീതിയിലും പ്രചോദനം സംഭവിക്കാം. ഒരു കവിത വായിക്കുമ്പോൾ അതിലെ ഒരു വരി പെട്ടെന്നു ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നു. ഉത്തരക്ഷണത്തിൽ മുൻപു വിവരിച്ചവിധം ഒരു മിന്നൽ ഉത്ഭവിക്കുകയുണ്ടായി. പലപ്പോഴും എനിക്കനുഭവപ്പെട്ടിട്ടുള്ള ഒരു പരമാർത്ഥമാണിത്. ഉദാഹരണത്തിനായി ഒരു സംഭവം മാത്രം ഇവിടെ എടുത്തുകാണിക്കാം..

ബൈറൺന്റെ കൃതികൾ പലപ്പോഴും ഞാൻ വായിച്ചു രസിക്കാറുണ്ട്. എന്നാൽ മുൻപു മൂന്നുനാലു പ്രാവശ്യം വായിച്ചപ്പോഴൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ലാത്തവിധം, ഒരുദിവസം സായാഹ്നത്തിൽ Isles of Greece എന്ന കൃതിയിലെ,

Fill high the bowl with Samian wine!

Our virgins dance beneath the shade-

I see their glorious black eyes shine;

But gazing on each glowing maid,

My own the burning tear-drop laves,

To think such breasts must suckle slaves!

എന്നീ വരികൾ- വിശേഷിച്ചും അവസാനത്തെ ഒരീരടി- എന്റെ ഹൃദയത്തിൽ എന്തെന്നില്ലാത്തവിധം സ്പർശിക്കുകയും അവിടെ ചില തരംഗങ്ങൾ സഞ്ജനിക്കുകയും ചെയ്തു. അപ്പോൾ സംഭവിച്ച ആ വികാരവിക്ഷോഭം അല്പാല്പമായി ശാന്തപ്പെടുകയും, ആ പ്രശാന്തതയിൽ, അതിനെക്കുറിച്ചുള്ള അനുസ്മരണയുടെ ഫലമായി, അഭിനവമായ ഒരു ചിന്താപ്രവാഹം എന്നിൽനിന്നു സമുല്പന്നമാവുകയും ചെയ്തു. അതിനെ സ്വതന്ത്രമായി, സ്വച്ഛന്ദമായി, എന്റെ തൂലിക പകർത്തിക്കാട്ടിയിട്ടുള്ളതാണ് ‘ആ കൊടുങ്കാറ്റ്’. എന്റെ പല സുഹൃർത്തുക്കളോടും ഞാനിക്കാര്യം പറഞ്ഞിട്ടുണ്ട്. എനിക്കു പ്രചോദനം തന്ന ബൈറൺന്റെ വരികൾ എന്റെ കാവ്യത്തിൽ ഈ രൂപത്തിൽ കടന്നു കൂടി….

ഭാവശുദ്ധകളെന്ന കീർത്തിമുദ്രയും ചാർത്തി-
ബ്ഭാരതാംഗനകളേ, ഞെളിയുന്നല്ലോ നിങ്ങൾ!
സീതയും, സാവിത്രിയും, ഭാമയും ഞങ്ങൾക്കുണ്ടെ-
ന്നോതിയാൽ കഴിഞ്ഞെന്നോ, നിങ്ങൾ തൻ സമാധാനം?
അക്കടങ്കഥ പേർത്തുമിന്നയവിറക്കിയാ-
ലുൽക്കർഷമായെന്നാണോ നിങ്ങൾതന്നഭിമാനം?

മാമരത്തണലത്തു വട്ടമിട്ടേവം നിന്നു
മാവേലിപ്പാട്ടും പാടി കൈകൊട്ടിക്കളിക്കുമ്പോൾ;
മന്മഥൻ മഷിതേച്ചമട്ടെഴും നീലോജ്ജ്വല-
ക്കണ്മുന മിന്നൽപ്പിണരോരോന്നായെറിയുമ്പോൾ;
മുത്തണിപൊന്മാലകൾ മാറിവീണലഞ്ഞുല-
ഞ്ഞുത്തുംഗവക്ഷോജങ്ങളിളകിത്തുളുമ്പുമ്പോൾ;
അറിയാതതു കണ്ടിട്ടെൻ മിഴികളിൽ, കഷ്ടം
നിറയുന്നല്ലോ ചുടുകണ്ണീരിൻ കണികകൾ!
അമൃതം തുളുമ്പുമപ്പോർമുലക്കുടം, നിങ്ങൾ-
ക്കടിമപ്പുഴുക്കളെപ്പാലൂട്ടിപ്പോറ്റാനല്ലേ
താമരത്താരൊത്തൊരക്കൈയുകൾ, ദാസന്മാരെ-
ത്താരാട്ടു പാടിപ്പാടിത്തൊട്ടിലാട്ടുവാനല്ലേ?
കർമ്മധീരരാമേറെ മക്കളെ പ്രസവിച്ച
കർമ്മഭൂവേ, നീ നിരാധാരയാണെന്നോവന്നൂ?..

ഇതിലെ ഏതാനും വരികൾക്ക് ബൈറൺന്റ വരികളോടുള്ള സാദൃശ്യംകണ്ട് ‘ആ കൊടുങ്കാറ്റ്’ ബൈറൺന്റെ Isles of Greece എന്ന കൃതിയുടെ അനുകരണമാണെന്നു പറഞ്ഞാൽ, അതിൽ വലിയ അർത്ഥമുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. ഇങ്ങനെ ഒരൊറ്റഭാഗത്തു മാത്രമേ അവയ്ക്കു തമ്മിൽ എന്തെങ്കിലും അല്പം സാദൃശ്യമുള്ളു. മറ്റെല്ലാറ്റിനും അവ വ്യത്യസ്തങ്ങളായിരിക്കുന്നു. ‘മോഹിനി’ Porphyria’s Lover-ന്റെ അനുകരണമാണെന്നു വാദിക്കുന്നവരിൽ ഇത്രത്തോളം പോലും ന്യായം ഞാൻ കാണുന്നില്ല. ശ്രീമാൻ വൈലോപ്പിള്ളി ശ്രീധരമേനവൻ ബി.എ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടൂത്തിയ അദ്ദേഹത്തിന്റെ ഒരുപന്യാസത്തിൽ എന്റെ മുൻ പ്രസ്താവിച്ച അനുഭവം പ്രത്യേകം എടുത്തുകാണിച്ചിട്ടുള്ളതായി ഞാൻ ഓർക്കുന്നു.

ഈ രീതിയിൽ ഒന്നോ രണ്ടോ അംശങ്ങളിൽ മാത്രം അസ്പഷ്ടമായി കാണപ്പെടുന്ന ഐക്യരൂപ്യം കൊണ്ട്, മലയാളത്തിലെ ഒരു കൃതി മറ്റൊന്നിന്റെ അനുകരണമായിരിക്കണമെന്നില്ല. അങ്ങനെ നോക്കിയാൽ വ്യക്തിമാഹാത്മ്യം കൊണ്ട് ഇന്ന് അതുല്യമായ സ്ഥാനം സമ്പാദിച്ചിട്ടുള്ള മഹാകവികൾ എല്ലാവരും ആ അഭിമാനശൃംഗത്തിൽനിന്നു കീഴോട്ടിറങ്ങിപ്പോരേണ്ടിവരും. മഹാകവികളായ വള്ളത്തോളും ഉള്ളൂരും പല സംസ്കൃതകവികൾക്കും കടപ്പെട്ടിട്ടുണ്ട്. ആശാന്റ കൃതികളിൽആംഗലേയകവികളിൽ ചിലരുടെ സ്വാധീനശക്തി പ്രത്യക്ഷപ്പെടുന്നതായിക്കാണാം. ശ്രീമാൻ ശങ്കരക്കുറുപ്പിന്റെ ആദ്യകാലത്തെ കൃതികൾ വള്ളത്തോൾ കവിതകളോടും, ആധുനിക കവിതകൾ ടാഗോർകൃതികളോടും എത്രത്തോളം കടപ്പെട്ടിട്ടുണ്ടെന്ന് നിഷ്കർഷിച്ചു താരതമ്യപഠനം നടത്തുന്ന, വിമർശനബുദ്ധിയുള്ള ഒരു സഹൃദയന് നിഷ്പ്രയാസം കണ്ടുപിടിക്കുവാൻ കഴിയും.