ഇന്നത്തെ ചോരണങ്ങൾ

എന്നാൽ, ഇന്നു സാഹിത്യലോകത്തിൽ അക്ഷന്തവ്യമായ ചോരണം യഥേഷ്ടം നടക്കുന്നുണ്ടെന്നു വ്യസനസമേതം പ്രസ്താവിക്കാതെ നിവൃത്തിയില്ല. ഒരു വരിയല്ല, പത്തു വരിയല്ല, ഒരാശയമല്ല, ഒരു കൃതി തന്നെ സ്വന്തമാക്കിയാൽ, എങ്ങനെ മൂക്കത്തു വിരൽവയ്ക്കാതിരിക്കും? ചോരന്മാരുടെ സാഹസങ്ങൾകൊണ്ട് ഇന്ന് ഏറ്റവും പൊറുതിമുട്ടിയിട്ടുള്ള ആൾ മഹാകവി ടാഗോറാണ്. അദ്ദേഹത്തിന്റെ കൃതികൾ – വിശേഷിച്ചും ‘ഉദ്യാനപാലകൻ’ – എത്ര പ്രേമഗായകന്മാരെയാണ് കേരളക്കരയിൽ ഇറക്കിവിട്ടിട്ടുള്ളതെന്ന് തിട്ടപ്പെടുത്തുവാൻ വിഷമം! ‘ഒരനുകരണ’മെന്നുവേണ്ട, ‘ആശയാനുവാദം’ എന്ന ആറക്ഷരങ്ങളെങ്കിലും അവരുടെ തലക്കെട്ടിന് കിന്നരിപിടിപ്പിച്ചിരുന്നുവെങ്കിൽ സമാധാനിക്കാമായിരുന്നു. പക്ഷേ, അവരുടെ ദുരഭിമാനം അതിനു സമ്മതിക്കുകയില്ല. ഈ സാഹിത്യകാരന്മാരുടെ മട്ടു കണ്ടാൽ, മറ്റുള്ളവർ ഇതൊന്നും വായിച്ചിട്ടില്ലെന്നോ, അഥവാ വായിച്ചാൽത്തന്നെ മനസ്സിലാവുകയില്ലെന്നോ തോന്നിപ്പോകും!

മലയാളത്തിലെ കവിതകളുടെതന്നെ ചോരണങ്ങൾ ഇന്നെത്ര നടക്കുന്നു! അനുകരണവും ചോരണവും ഒന്നല്ല.

കാമനീയകധാമമായെന്ന്-
ക്കാണണമിന്നെൻ കാമുകൻ

എന്ന രണ്ടു വരികൾ

കാമനീയധാമമായെന്നെ-
ക്കാണണമിന്നെൻ വല്ലഭൻ

എന്നാക്കി മാറ്റുന്നത് അനുകരണമാണെന്നു പറഞ്ഞുകൂടാ.

മധുരചിന്തകളിളകും സങ്കല്പ
മധുവിധുകാലരജനികൾ

യാതൊരു വിഷമതയും കൂടാതെ

മധുരചിന്തകളിളകും മോഹന-
മധുവിധുകാലരജനിയിൽ

എന്നാക്കിത്തീർക്കാം

അത്യനഘമാമീമുഹൂർത്തത്തി-
ലുത്തമേ, നീ മരിക്കണം!

എന്നത്,

അത്യനഘമാമീമുഹൂർത്തത്തി-
ലുത്തമേ, നീ പിരിയണം!

എന്നു മാറ്റിയെഴുതുവാൻ യാതൊരു വിഷമവുമില്ല, പക്ഷേ, അത് അനുകരണമല്ല, മുഴുത്ത ചോരണമാണ്. ഈ രീതിയിൽ കവികളാകുവാൻ തുടങ്ങിയാൽ അല്പമാത്രമായി അക്ഷരാഭ്യാസം ചെയ്തിട്ടുള്ള ഏതൊരു മരത്തലയനും നിഷ്പ്രയാസം കവിയാകുവാൻ കഴിയും. ഇന്നു പലരും എന്റെ കൃതികൾതന്നെ പലതുമെടുത്ത്, ഒരു വരിയുടെ തുമ്പുമാത്രം വെട്ടിക്കളഞ്ഞ് അവിടെ മറ്റൊരു പദം തുന്നിപ്പിടിപ്പിച്ചു വെച്ചിട്ടുള്ള അനേകം കൃതികൾ നിർമ്മിച്ചുവിട്ടിട്ടുണ്ട്. എനിക്കിത് അഭിമാനജനകമാണെങ്കിലും, തങ്ങൾക്കാക്ഷേപകരമായി പരിണമിക്കുവെന്നു കരുതുവാനുള്ള വിവേകം അക്കൂട്ടർക്കില്ലാതെപോകുന്നത് അത്ഭുതമായിരിക്കുന്നു. എന്റെ പല സ്നേഹിതന്മാർ, പലപ്പോഴും ഇതുപറഞ്ഞ് എന്നോടാവലാതിപ്പെട്ടിട്ടുണ്ട്-ഇതാ, ഈ മുഖവുര എഴുതുന്ന ഇന്നുപോലും, ഒരു സ്നേഹിതൻ എന്നോടിതിനെക്കുറിച്ചു സംസാരിക്കുകയുണ്ടായി. പക്ഷേ, ഞാൻ ഇക്കാര്യത്തിൽ എന്തു ചെയ്യുവാനാണ്? ‘പീനൽക്കോഡിൽ’ ഇതിനൊരു പ്രത്യേക നിയമം ഉണ്ടാകുന്നതുവരെ അടങ്ങിയിരിക്കുകയേ നിവൃത്തിയുള്ളു. ഉദാഹരണങ്ങൾ എടുത്തുകൊണാണിച്ച് കാര്യമില്ലാതെ ശത്രുക്കളെ വർദ്ധിപ്പിക്കണമെന്നു ഞാൻ വിചാരിക്കുന്നില്ല.