തകഴി ശിവശങ്കരപിള്ള

ചെറുകഥയിൽ ഉണ്ടായിട്ടുള്ള ഈ നവീനപരിവർത്തനത്തിന് ആദ്യമായി വിത്തുപാകിയത് ശ്രീമാൻ തകഴി ശിവശങ്കരപ്പിള്ളയാണ്. അദ്ദേഹത്തിന്റെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന ആദ്യത്തെ ചെറുകഥയുടെ ആവിർഭാവം ചെറുകഥാസാഹിത്യത്തിൽ അഭിനവവും ആകർഷകവുമായ ഒരു സുപ്രഭാവത്തെ വികിരണംചെയ്തു. ‘കേസരി’ പത്രത്തിൽ അതു വായിച്ച അന്നുതന്നെ എന്റെ പല സഹൃദയസുഹൃത്തുക്കളോടും, ചെറുകഥയുടെ ഇന്നത്തെ വികാസദശയെ ദീർഘദർശനംചെയ്തു ഞാൻ സംസാരിക്കുകയുണ്ടായി.

മറ്റു കഥാകൃത്തുകൾ

ശ്രീമാന്മാരായ കേശവദേവും എസ്.കെ. പൊറ്റെക്കാട്ടും, ശ്രീമതി ലളിതാംബിക അന്തർജ്ജനവും ഇന്നുള്ള കഥാകൃത്തുക്കളിൽ പ്രഥമഗണനീയരാണെന്നും അവരെ കഴിച്ചാൽ, ഒരൊറ്റ കഥാകൃത്തുപോലും മലയാളത്തിൽ ഇല്ലെന്നും പറയേണ്ടിയിരിക്കുന്നു. ശ്രീമാൻ കെ. എ. ദാമോദരമേനവൻ ഉൽക്കൃഷ്ടങ്ങളായ അനവധി ചെറുകഥകൾ എഴുതിട്ടുണ്ട്. എന്നാൽ അദ്ദേഹം കുറേനാളായി മൗനംഭജിക്കുകയാണ്. വീണ്ടും അദ്ദേഹം കഥാനിർമ്മാണത്തിൽ ശ്രദ്ധപതിപ്പിക്കുന്നപക്ഷം മേൽപ്പറഞ്ഞ കഥാകൃത്തുക്കളോടു തുല്യമായ ഒരു സ്ഥാനം നിഷ്പ്രയാസം അദ്ദേഹത്തിനു കരസ്ഥമാക്കാൻ സാധിക്കും. ശ്രീമാൻ പൊൻകുന്നം വർക്കി, അദ്ദേഹത്തിന്റെ കാടുപിടിച്ച കൃത്രിമഭാഷ വലിച്ചു ദൂരത്തെറിഞ്ഞിട്ട്, ഉള്ളതു പച്ചമലയാളത്തിൽ പറഞ്ഞാൽ, അല്പം ആശയ്ക്കു വഴിയുണ്ടെന്നു തോന്നുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മാത്രം കഥകളും കവിതകളും എഴുതിക്കണ്ടിട്ടുള്ള ശ്രീമാൻ പി. സി. കുട്ടിക്കൃഷ്ണൻ അടുത്തഭാവിയിൽ ഒരു നല്ല കവിയും കഥാകൃത്തുമായിത്തീരുമെന്നു ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ‘ചരിത്രം ആവർത്തിക്കപ്പെടുന്നു’ എന്ന ചെറുകഥയും, ‘ഒടുക്കത്തെ പോര്’ തുടങ്ങിയ കവിതകളും അതിനു സാക്ഷ്യംവഹിക്കുന്നുണ്ട്.