ഉപസംഹാരം

‘ഈനോൺ’ എന്ന കൃതി സാധാരണായായി ഇന്റർമീഡിയറ്റ് വിദ്യാർത്ഥികൾക്കു പഠിക്കുവാനായി നിർദ്ദേശിക്കപ്പെടാറുണ്ട്. അതിന്റെ മാതൃകയിൽ രചിച്ചിട്ടുള്ള ഈ കൃതി ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഉപയോഗത്തിന്, വിശേഷിച്ചും ആംഗലേയകവിതകൾ വായിച്ചു രസിക്കുവാനുള്ള അഭിരുചിയെ ഉദ്ദീപിപ്പിക്കുന്ന കാര്യത്തിൽ തികച്ചും പര്യാപ്തമാണെന്നു ഞാൻ വിശ്വസിക്കുന്നു. പ്രസിദ്ധീകരണത്തിൽ എന്നെ ഹൃദയപൂർവം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എന്റെ പ്രിയ സുഹൃത്തുക്കളായ ശ്രീമാന്മാർ പോക്കാട്ടു രാഘവൻപിള്ള, റ്റി.എൻ. ഗോപിനാഥൻനായർ, കന്നുകുഴി വി. നാരായണപിള്ള ബി. എ, ചാലൂക്കോണം കുട്ടൻപിള്ള ബി. എ., എൻ. ചന്ദ്രശേഖരൻ നായർ എന്നീ മാന്യന്മാരോട് എനിക്കുള്ള അകൈതവമായ കൃതജ്ഞതയെ രേഖപ്പെടുത്തിക്കൊണ്ടു ഞാൻ എന്റെ സുധാംഗദയെ കൈരളീക്ഷേത്രത്തിലേക്കു ചമച്ചയച്ചുകൊള്ളുന്നു.

ചങ്ങമ്പുഴ കൃഷ്ണപിള്ള

ജ്ജ്വലിക്കുന്നു ഹിമാലയസാനുവി—
ലുൽക്കടഗ്രീഷ്മാന്തമദ്ധ്യാഹ്നദീപ്തികൾ
ചില്ലകൾ വിണ്ണിലുരുമ്മിപ്പലപല
വല്ലികൾ ചുറ്റിയ മാമരച്ചാർത്തുകൾ
ചാ,ഞ്ഞിലപ്പച്ചപ്പടർപ്പാൽ തടുക്കിലും
ചോർന്നുവീഴുന്നുണ്ടരുണ മരീചികൾ;
ഈടാർന്ന വെള്ളവിരിച്ചപോൽ ചുറ്റിലും
മൂടിക്കിടക്കും ഹിമതളിമങ്ങളിൽ!
മഞ്ഞുരുകീടവേ വെയ്‌ലി,ലങ്ങൊക്കെയും
മിന്നുന്നിതായിരം വർണ്ണപ്പകിട്ടുകൾ!
ചേലി,ലുയരെ, മരങ്ങൾ മരതക—
മേലാപ്പൊരുക്കിയിട്ടുള്ളതിന്മീതെയായ്
ഒന്നിൻമുകളിൽ മറ്റൊന്നായൊഴിയാതെ
വന്നേറിനിൽക്കുന്നു വെണ്മേഘപാളികൾ.

ഏതുനേരത്തും തണലൊഴിയാത്തൊര—
ശ്ശീതളശ്യാമളകാനനഭൂമിയിൽ
സദ്രസംചെയ്‌വതുണ്ടെപ്പോഴുമേകാന്ത—
നൃത്തമൊരേതോ മഹിതപ്രശാന്തത.
പ്രാണഹർഷത്താൽ തളർന്നലക്കൈകളാൽ
വീണവായിച്ചു രസിച്ചുകൊണ്ടങ്ങനെ
മന്ദാകിനിതൻ വിശാലവക്ഷസ്സിലായ്
ചെന്നു തലചാച്ചിടുന്നു പൂഞ്ചോലകൾ.
പൂത്തും തളിർത്തും കുളിർക്കാറ്റിൽ മർമ്മരം
വാർത്തുമിളകിക്കുണുങ്ങും മരങ്ങളിൽ
പാടിപ്പറന്നു കുയിലുകൾ കൂടുമ്പോ—
ളാടുന്നു പീലിവിടുർത്തി മയിലുകൾ.
ദൂരെയും ചാരെയും കൂകിപ്പലമട്ടു
പാറിപ്പറന്നു കളിക്കുന്നു പക്ഷികൾ!
ആലോലവായുവൊന്നെത്തുമ്പോഴേയ്‌ക്കുമൊ—
രായിരം പൂക്കളടർന്നുതിർന്നീടവേ;
പാവാട ചുറ്റും വിരി,ച്ചതിൽ രത്നങ്ങൾ
പാകിയപോലുല്ലസിക്കുന്നിതസ്ഥലം!
കുന്നിന്നിടംവലം മുന്നുപിന്നൊക്കെയും
കുന്നെന്നമട്ടി,ലണിനിരന്നങ്ങനെ
നോക്കിയാൽ നോട്ടമെത്താതെ, തുടർച്ചയായ്
മേൽക്കുമേൽ മിന്നുന്നു മഞ്ഞണിക്കുന്നുകൾ.
ഉണ്ടവതന്നടിവാരത്തിലായിരം-
തണ്ടലർപൂത്ത തടാകതടിനികൾ
അത്യന്തമോഹന,മാത്മഹർഷപ്രദ-
മുജ്ജ്വത്താമാ നഗവനമണ്ഡലം!

അത്യന്തഖിന്നയായ് തേങ്ങിക്കരഞ്ഞുകൊ-
ണ്ടദ്ദിക്കിലന്നലഞ്ഞെത്തീ ‘സുധാംഗദ’.
തന്നാത്മനാഥനാം, ‘വാസന്തചൂഡ’ നാ-
ലിന്നു, ഹാ, കഷ്ടം, പരിത്യക്തയാണവൾ!
ബന്ധുരഗാത്രനുമാർദ്രനുമാകുമ-
ഗ്ഗന്ധർവ്വനൊത്താ വനനികുഞ്ജങ്ങളിൽ
സന്തോഷപൂർവ്വം രമിച്ചുല്ലസിച്ചോരു
സുന്ദരിയാം ജലകന്യകയാണവൾ!

നഷ്ടമായ്,കഷ്ട, മിന്നാരോമലിൻ കവിൾ-
ത്തട്ടുകൾക്കാ രണ്ടു ചെമ്പനീർപ്പൂവുകൾ!
കോതാതൊതുക്കാതെ പുഷ്പങ്ങൾ ചൂടാതെ
കോമളാപാംഗിതൻ കൂന്തൽച്ചുരുളുകൾ;
പാറിക്കിടന്നൂ, പുറകിലും, തോളിലും,
മാറിലു, മോമൽക്കഴുത്തിനു ചുറ്റിലും;
പൊൻതൂണിലേറിപ്പടർന്നു തൂങ്ങും, നീല-
മുന്തിരിച്ചില്ലപ്പടർപ്പുകൾമാതിരി!

മുന്നോട്ടു കാൽകൾ തളർച്ചയാൽ നീങ്ങാതെ
നിന്നുപോയാ മരച്ചോട്ടിൽ മനോഹരി!
തെല്ലാശ്വസിക്കാ, നുടനൊരു മഞ്ഞണി-
ക്കല്ലിൽ തലചായ്ച്ചിരിക്കുകയായവൾ!
കഷ്ടം, പളുങ്കുമണികൾപോൽ കണ്ണിൽനി-
ന്നിറ്റിറ്റുവീഴുന്നു കണ്ണീർക്കണികകൾ!
ഓരോ നെടുവീർപ്പുമോതുന്നതുണ്ടുള്ളി-
ലോമലാൾക്കൊട്ടുമൊതുങ്ങാത്ത സങ്കടം!

ആണ്ടുനിശ്ശബ്ദതയിങ്കലക്കാടുകൾ
നീണ്ടുകനത്തു തുടങ്ങീ നിഴലുകൾ.
ആടാതെയായ് മരക്കൊമ്പുക,ളൊറ്റയ്ക്കു-
പേടിയാകും!—ശാന്തമായീ സമസ്തവും!