മല്പ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻ
മദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!
പിന്നെയച്ചെമ്പനീർപ്പൂവണിച്ചുണ്ടുക—
ളെന്നധരത്തിലമർത്തിസ്സകൗതുകം
ഏതോ കതയൊന്നരുളുവാൻ പോകുന്ന—
രീതിയിൽ വീണ്ടും തുടർന്നു ഹാ മൽപ്രിയൻ:

“സദ്രസം വൈശ്വവണാലയന്തത്തില—
സ്സദ്യയെല്ലാം കഴിഞ്ഞാനന്ദലോലരായ്
ഞങ്ങളതിഥികളോരോ വിനോദങ്ങൾ
തങ്ങളിൽത്തങ്ങളിൽ ചൊന്നുകൊണ്ടങ്ങനെ
വിശ്രമിച്ചീടിനാരാലസൽക്കാഞ്ചന—
വിദ്രുമനിർമ്മിതവിശ്രമശാലയിൽ.
കേൾക്കായി പെട്ടെന്നടുത്ത മച്ചിൽ പല
വാഗ്വാദഘോഷവും മാശിപിടിത്തവും.
അംഗനാരത്നങ്ങൾ മേവുമപ്പൂമച്ചിൽ
ഞങ്ങൾ കടന്നു വിവരമറിയുവാൻ.

ആ മുറിക്കുള്ളിലിരുന്നതാണിദ്ദിവ്യ —
കോമളസ്സ്വർണ്ണലകുചോജ്ജ്വലഫലം!
ആരുമറിഞ്ഞി,ല്ലെവിടെനി, ന്നെപ്പോ, ൾ—
താ, രെന്തിനായ്, കൊണ്ടുവന്നുവെന്നൊന്നുമേ!
ഓർത്തു കുബേര, നസ്സൽക്കാരസദ്യയ്ക്കു
‘മാദ്രിക’യെത്താൻ ക്ഷണിക്കാത്ത തെറ്റിനെ!
യക്ഷപുരോഹിതന്മാരിലൊരുവനാം
‘ലക്ഷണാാമിത്ര’ന്റെ നന്ദിനിയാണാവൾ.
ആരും ക്ഷണിച്ചതില്ലെങ്കിലും വന്നിതാ
നാരിയവിടെക്കലഹമുണ്ടാക്കുവാൻ,
കഷ്ട, മവളായിരുന്നു, മുറിക്കുള്ളി—
ലിട്ടേച്ചുപോയതപ്പൊൻപക്വമങ്ങനെ.
അത്യന്തസുന്ദരിയായവൾക്കെ,’ന്നതിൽ
കൊത്തിയിട്ടുള്ള ലിപികളെക്കാൺകയാൽ.
ഞാനാണവകാശി, ഞാനാണവകാശി
നാണമില്ലാതെ കലഹിച്ചു ദേവിമാർ,
‘ഇന്ദിരാദേവി’യും ‘ഭാരതീദേവി’യും
കന്ദർപ്പകാന്തയാമാ ‘രതീദേവി’യും
തമ്മിൽ പിടിയും വലിയും തുടങ്ങിനാർ
കമ്രമായോരക്കനകഫലത്തിനായ്!
തീരുകില്ലിത്തർക്കമെന്നോർത്തു, യാതൊന്നു—
മോരാതെ പിന്മടങ്ങീടിനാർ ഞങ്ങളും.
വെണ്മണൽത്തിട്ടിൽ, സരയൂതടത്തിൽ, ഞാ—
നിന്നലെസ്സന്ധ്യയ്ക്കിരിക്കുന്നവേളയിൽ,
വന്നണഞ്ഞീടിനാൻ രംഭയെൻ മുമ്മിലി—
പ്പൊന്നിൻലകുചഫലവുമായങ്ങനെ!
‘നിങ്ങൾ തീർക്കേണമിത്തർക്ക’, മെന്നെന്നോടു
ചൊന്നിതെൻ കയ്യിൽ സമർപ്പിച്ചനന്തരം,
‘ആകില്ലെനിക്കെന്നു’, നാവൊന്നനക്കുവാ—
നാകുന്നതിന്മുൻപിലെങ്ങോ മറഞ്ഞവൾ!
ഇപ്പോളിവിടെ വന്നെത്തുമാ ലക്ഷ്മിയു—
മുല്പലസായകപത്നിയും വാണിയും.
ഏകീടണമിന്നവരിലൊരാൾക്കു ഞാ—
നാകമ്രമായൊരീ മായികപ്പൊൻകനി!
മന്ദാനിലനിലലകളിളകുമീ—
ച്ചന്ദനവൃക്ഷപ്പടർപ്പിനിടയിലായ്
പൂത്തുനിന്നീടുന്ന പിച്ചകപ്പച്ചില—
ച്ചാർത്തിൽ മറഞ്ഞു നീ നിന്നാലുമോമനേ!
കാണാം നിനക്കെന്റെ മുൻപിലദ്ദേവിമാർ
നാണംകുണുങ്ങി നടത്തുന്ന നാടകം.
കേൾക്കാം നിനക്കിപ്പോളീശ്വരിമാരവർ
മേല്ക്കുമേലൊന്നോടരുളും പരാതികൾ.
സസ്പൃഹം സാക്ഷ്യം വഹിക്കുനൊന്നെൻ വിധി—
കൽ!പനയ്ക്കേവമദൃശ്യയായ്! നിന്നു നീ!…