മൽപ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻ
മദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!
ഏവം കഥിച്ചു വിരമിച്ചിതിന്ദിരാ—
ദേവി, സംതൃപ്തനായ് തീർന്നിതെൻനാഥനും.
ലോകാധിപത്യസംപ്രാപ്തി!—മറ്റെന്തൊരു
ഭാഗധേയം വേണ്ടതായതിൻമേലെയായ്!
സന്തുഷ്ടനായിസ്സുവർണ്ണഫലമത—
ചെന്താരിൽമാതിനു നീട്ടിയെഅൻ വല്ലഭൻ
“നിൽക്കൂ വരട്ടെ”—തടുത്തുകൊണ്ടപ്പൊഴേ
യ്ക്കുൾക്കിതപ്പോടിദം വാണിമാതോതിനാൾ!
നിന്നതവളുടെ കാൽച്ചുവട്ടിൽ തത്തി
മുന്നുന്ന പീലി വിടുർത്തിയൊരാൺമയിൽ!
മാറോടുചേർന്നക്കരവല്ലരിയിലാ
മാണിക്യവീണ ലസിച്ചൂ മനോഹരം.
വാസന്തചൂഡന്റെ ചിത്തഭാവം കണ്ടു
വാണിക്കു കോപം ജ്വലിച്ചിതെന്നാകിലും,
തെല്ലതുൾക്കാമ്പിലടക്കിനിന്നീവിധം
ചൊല്ലിനാൾ മൽപ്രാണനായകനോടവൾ:
“ആത്മബഹുമാന, മാത്മനിയന്ത്രണ—
മാത്മവിജ്ഞാന, മീ മൂന്നു മഹദ്വുണം
ഉത്തിഷ്ഠമാനമാ, മുത്തമമാ, രാജ—
ശക്തിയിലേക്കു നയിക്കുന്നു ജീവിതം.
എന്നാലുമശ്ശക്തി സിദ്ധിക്കുമാത്രമാ—
യിന്നാ ഗുണങ്ങൾ വരിപ്പതനുചിതം.
(ആഗതമാകും സ്വയമതൊരുവനി—
ലാ ഗുണം മൂന്നും തെളിത്തുല്ലസിക്കുകിൽ)
നിർത്തുവാൻ ജീവിതം നീതിയാ, ലാ നീതി
നിർഭയം ജീവിച്ചു ചെയ്തുകാണിക്കുവാൻ—
എന്നും ‘ശരി’ ശരിയാണ,തിനാൽ, ശരി—
യെന്നു തോന്നുന്നതനുഗമിച്ചീടുവാൻ—
എന്തുമാകട്ടേ ഫല, മവയെന്തെന്നു
ചേതസ്സിലോർക്കാതനുഗമിച്ചീടുവാൻ—
ഉദ്ദ്യുക്തനാക്കുന്നതാണതിശ്രേഷ്ഠമാം
ബുദ്ധി,—യതിനാസ്പദമാഗ്ഗുണത്രയം!”
മൽപ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻ
മദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!
ചൊല്ലിനാൾ പിന്നെയും വാണി: “സമ്മാനങ്ങ
ളല്ലേകുവാൻ പോവതിന്നു നിനക്കു ഞാൻ
സമ്മാനദാനത്തിനാകില്ലിതിൽപരം
സമ്മോഹിനിയാക്കിയെന്നെ മാറ്റീടുവാൻ!
ഞാനീ നിലയിലെമ്മട്ടു തോന്നുന്നവ—
ളാ,ണതുപോൽ നീ ഗണിക്കിൽ മാത്രം മതി,
എന്നാകിലേ, നിനക്കത്യന്തസൗന്ദര്യ—
മെന്നിലാണെന്നിന്നു കാണാൻ കഴിഞ്ഞിടൂ.
എന്നിരുന്നീടിലും, സമ്മാനലാഭത്തിൽ
മിന്നിവിടരും മിഴികൾക്കുമാത്രമേ,
ദേവതമാരായ ഞങ്ങൾതന്നാകാര—
ലാവണ്യനിർണ്ണയശക്തിയുള്ളെങ്കിലോ;
ഞാനും നിനക്കു വരം തരാം, ലേശവും
ഗ്ലാനിയതോർത്തു നിന്നുള്ളിലുണ്ടാകൊലാ!
നിന്നെ ഞാൻ ഗാഢമായ് സ്നേഹിച്ചിടാം, നിന്നൊ—
ടെന്നുമൊട്ടിപ്പിടിച്ചൊന്നിച്ചിരുന്നിടാം.
അഭ്യാസമൂലം സഹനശീലം നിന്നി—
ലത്രയ്ക്കധികം ബലിഷ്ഠമാകുംവരെ;—
പാരിലനുഭവകോടികളെ സ്വയം
നേരിട്ടെതിരിട്ടറിഞ്ഞറിഞ്ഞങ്ങനെ,
കെല്‌പു വായ്ക്കുംമട്ടിൽ നിന്നാത്മനിർണ്ണയ—
ശക്തിക്കുപൂർണ്ണവളർച്ചകിട്ടുംവരെ;—
നിന്നെ നയിക്കുന്ന നിർമ്മലനീതിയായ്
നിന്നു, നിൻ ജീവിതം സംസ്കരിച്ചീടുവാൻ;—
ഉത്തമസ്വാതന്ത്യപൂർണ്ണതപൂശിനി—
ന്നുജ്ജ്വലജീവിതം മാതൃകയാക്കുവാൻ;—
ഓരോതരത്തിൽ നടുക്കങ്ങൾ, കർമ്മങ്ങൾ
ഘോരവിപത്തുക,ളിത്തടസ്സങ്ങളാൽ,
ദുർഗ്ഗമായിത്തീർന്നിടുന്നതാം ജീവിത—
ദുർഗ്ഗസരണിയിൽക്കൂടി നിരാകുലം,
വെന്നിക്കൊടിയും പറപ്പിച്ചുകൊണ്ടു നീ
മുന്നോട്ടു മുന്നോട്ടു പോകുമാറങ്ങനെ
നിന്മനസ്പന്ദനം തോറും കലർത്തിടാം
നിർമ്മായമെൻ സർവ്വശക്തിയുമിന്നു ഞാൻ!
എന്നിൽനിന്നുണ്ടാം പ്രചോദനമുൾക്കൊണ്ടു
മന്നിതിൽ ദേവനായ് മാറും ക്ഷണത്തിൽ നീ!
ചോരയിലെന്റെ ചൈതന്യമുൾക്കൊണ്ടു നി—
ന്നോരോ സിരയും തുടുക്കും തെരുതെരെ!
നീ മണ്ണടിയിലും, മായാതെ നിന്നിടും
നീ മന്നിൽ നേടും വിശിഷ്ട വിഖ്യാതികൾ!
കാലത്തിനാകില്ല നിന്നെ മറയ്ക്കുവാൻ
ലോകത്തിനാകില്ല നിന്നെ മറക്കുവാൻ!”