കലാസൃഷ്ടി

എന്നാൽ എന്റെ സ്വന്തം കൃതികൾ ചിലതിൽ ആംഗലേയകവികളുടേതായ ചില ആശയങ്ങളുടെ ഒരു നേരിയ കലർപ്പ് അപൂർവ്വമായി കണ്ടുവെന്നുവരാം. അവരുടെ കൃതികളുമായുള്ള ഗാഡമായ അഭിഗമനംമൂലം അറിയാതെ സംഭവിച്ചുപോകുന്നതാണത്. പക്ഷേ, ഒരൊറ്റ വരിയിലെ ഒരാശയമോ മറ്റോ മാത്രമേ ഇങ്ങനെയൊരു പരിണാമത്തിനാധാരമായിരിക്കുകയുള്ളുവെന്നതു തീർച്ചയാണ്.

ആംഗലേയകവിതകൾ വായിക്കുമ്പോൾ അവയിൽ പല ഭാഗങ്ങളുടേയും ജീവൻ, ഓരോരോ അവസരത്തിൽ, അപ്പോഴത്തെ ഇന്നതെന്നു വ്യവച്ഛേദിക്കാനാകാത്ത, ബഹുവിധസാഹചര്യങ്ങൾക്കുള്ള അജ്ഞാതമായ സ്വാധീനശക്തിയുടെ അത്ഭുതപ്രവർത്തനം മൂലം, ഹൃദയത്തിന്റെ നിഗൂഢതകളെപ്പോലും ഗാഢമായി സ്പർശിച്ച്, ഉപബോധമനസ്സിൽ ചില നേരിയ ചലനങ്ങളുണ്ടാക്കി, അതിന്റെ ഓരോ കോണുകളിലേയ്ക്ക് ഒളിഞ്ഞു കടന്ന് അവിടെ സുഖവിശ്രമം കൊണ്ടുവെന്നു വന്നേക്കും. വികാരോത്തേജകങ്ങളായ ചില നിമിഷങ്ങളിൽ, പ്രകടനോൽസുകമകായ കവിഹൃദയം തരംഗതരളിതമായിച്ചമയുകയും അവനറിയാതെതന്നെ അതു തുളുമ്പിത്തുളുമ്പി വാഗ്രൂപത്തിൽ പുറത്തേക്കു പ്രവഹിക്കുകയും ചെയ്യുന്നു. ഒരു യഥാർത്ഥ കലാകാരന് കലാനിർമ്മിതി ഒരു സ്വപ്നമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചിലപ്പോൾ ഇന്നതു ചെയ്തില്ലേ, എന്തുകൊണ്ടതു ചെയ്തു എന്നു ചോദിച്ചാൽ, ആ പാവം കുഴങ്ങിപ്പോകും. കാരണം, അതിൽ അയാൾ മനസ്സറിഞ്ഞ് ഉത്തരവാദിത്വം വഹിച്ചിട്ടില്ലെന്നുള്ളതാണ്. അദൃശ്യമായ ഏതോ ഒരു ശക്തി അയാളിൽ പ്രവർത്തിക്കുന്നുണ്ട്- ചിലപ്പോഴെങ്കിലും പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ പ്രവർത്തിക്കുന്ന അവസരങ്ങളിൽ അയാൾ-അയാളുടെ സത്ത- ആ ശക്തിയുടെ വെറുമൊരു കിങ്കരൻമാത്രം! ആജ്ഞാപിക്കുന്നതെന്തോ, അതു ചെയ്യുന്നു. ഇങ്ങനെ നിശ്ശബ്ദമായ ഒരാജ്ഞയുടെ, ബോധരഹിതമായ ഒരനുസരിക്കലിന് ഒരു യഥാർത്ഥ കലാകാരൻ, ഒട്ടുമിക്കപ്പോഴും പാത്രമായിത്തീരും. ആ അദൃശ്യശക്തിയുടെ ആജ്ഞയനുസരിക്കലാണ് അവന്റെ കലാസൃഷ്ടി.