കാലേ പുറപെ്പട്ടിതു കുമാരന്മാരും.
ഏതാനുമങ്ങൊരാപത്തകപെ്പട്ടിതു
താതെനെന്നാകിലും ഭ്രാതാവിനാകിലും.
എന്തകപെ്പട്ടിതെന്നുള്ളില്‍ പലതരം
ചിന്തിച്ചു ചിന്തിച്ചു മാര്‍ഗേ്ഗ ഭരതനും
സന്താപമോടയൊദ്ധ്യാപുരി പുക്കു
സന്തോഷവര്‍ജ്ജിതം ശബ്ദഹീനം തഥാ
ഭ്രഷ്ടലക്ഷമീകം ജനോല്‍ബാധവര്‍ജ്ജിതം
ദൃഷ്ട്വാവിഗതോത്സവം രാജ്യമെന്തിദം
തേജോവിഹീനമകം പുക്കിതു, ചെന്നു
രാജഗേഹം രാമലക്ഷമണവര്‍ജ്ജിതം
തത്രകൈകേയിയെക്കണ്ടു കുമാരനന്മാര്‍
ഭക്ത്യാ നമസ്‌കരിച്ചീടിനാ!രന്തികേ,
പുത്രനെക്കണ്ടു സന്തോഷേണ മാതാവു
മുത്ഥായ ഗാഢമാലിംഗ്യ മടിയില്‍ വ
ച്ചുത്തമാംഗേ മുകര്‍ന്നാശു ചോദിച്ചിതു:
ഭദ്രമല്‌ളീ തല്‍ കുലത്തിങ്കലൊക്കവേ?
മാതാവിനും പിതൃഭ്രാതൃജനങ്ങള്‍ക്കു
മേതുമേ ദു:ഖമില്‌ളല്‌ളീ പറക നീ?
ഇത്തരം കൈകേയി ചൊന്നനേരത്തതി
നുത്തരമാശു ഭരതനും ചൊല്‌ളിനാന്‍:
ഖേദമുണ്ടച്ഛനെക്കാണാഞ്ഞെനിക്കുള്ളില്‍
താതനെവിടെ വസിക്കുന്നു മാതാവെ?
മാതാവിനോടു പിരിഞ്ഞു രഹസി ഞാന്‍
താതനെപ്പണ്ടു കണ്ടീലൊരുനാളുമേ.
ഇപേ്പാള്‍ ഭവതി താനെ വസിക്കുന്നതെ
ന്തുള്‍പ്പൂവിലുണ്ടു മേ താപവും ഭീതിയും.
മല്‍പിതാവെങ്ങു?പറകെന്നതു കേട്ടു
തല്‍പ്രിയമാശു കൈകേയിയും ചൊല്‌ളിനാള്‍
എന്മകനെന്തു ദു:ഖിപ്പാനവകാശം?
നിന്മനോവാഞ്ചിതമൊക്കെ വരുത്തി ഞാന്‍.
അശ്വമേധാദി യാഗങ്ങളെല്‌ളാം ചെയ്തു
വിശ്വമെല്‌ളാടവും കീര്‍ത്തിപരത്തിയ
സല്പുരുഷന്മാര്‍ഗതി ലഭിച്ചീടിനാന്‍
ത്വല്‍പിതാവെന്നു കേട്ടോരു ഭരതനും
ക്ഷോണീതലെ ദു:ഖവിഹ്വലചിത്തനായ്
വീണുവിലാപം തുടങ്ങിനാനെത്രയും.

ഭരതപ്രലാപം

ഹാ താത! ദു:ഖസമുദ്രേ നിമജ്യ മാ
മേതൊരു ദിക്കിനു പോയിതു ഭൂപതേ!
എന്നെയും രാജ്യഭാരത്തേയും രാഘവന്‍
തന്നുടെ കൈയ്യില്‍ സമര്‍പ്പിയാതെ പിരി
ഞ്ഞെങ്ങു പൊയ്‌ക്കൊണ്ടു പിതാവേ! ഗുണനിധേ!
ഞങ്ങള്‍ക്കുമാരുടയോരിനി ദൈവമേ!