രാമനവനേയും ശത്രുഘ്‌നനേയുമാ
മോദാലെടുത്തു നിവര്‍ത്തിസ്‌സസംഭ്രമം
ദീര്‍ഘബാഹുക്കളാലിംഗനം ചെയ്തു
ദീര്‍ഘനിശ്വാസവൌമന്യോന്യമുള്‍ക്കൊണ്ടു
ദീര്‍ഘനേത്രങ്ങളില്‍ നിന്നു ബാഷ്‌പോദകം
ദീര്‍ഘകാലം വാര്‍ത്തു സോദരന്മാരെയും
ഉത്സംഗസീമനി ചേര്‍ത്തുപുനരപി
വത്സങ്ങളുമണച്ചാനന്ദപൂര്‍വ്വകം
സത്സംഗമേറെയുള്ളൊരു സൌമിത്രിയും
തത്സമയേ ഭരതാംഘ്രികള്‍ കൂപ്പിനാന്‍.
ശത്രുഘ്‌നനുമതി ഭക്തി കലര്‍ന്നു സൌ
മിത്രിതന്‍ പാദാംബുജങ്ങള്‍ കൂപ്പീടിനാന്‍.
ഉഗ്രതൃഷാര്‍ത്തന്മാരായ പശുകുല
മഗ്രേ ജലാശയം കണ്ടപോലെ തദാ.
വേഗേന സന്നിധൌ ചെന്നാശുകണ്ടിതു
രാഘവന്‍ തന്‍ തിരുമേനി മാതാക്കളും.
രോദനം ചെയ്യുന്നമാതാവിനെക്കണ്ടു
പാദങ്ങളില്‍ നമിച്ചാന്‍ രഘുനാഥനും
എത്രയുമാര്‍ത്തികൈക്കൊണ്ടു കൌസല്യയും
പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു
ഗാഢമാശ്‌ളിഷ്യ ശിരസി മുകര്‍ന്നുട
നൂഢമോദം മുലയും ചുരന്നു തദാ.
അന്യരായുള്ളൊരു മാതൃജനത്തേയും
പിന്നെ നമസ്‌കരിച്ചീടിനാദരാല്‍.
ലക്ഷമണന്‍ താനുമവ്വണ്ണം വണങ്ങിനാന്‍
ലക്ഷമീസമയായ ജാനകീദേവിയും.
ഗാഢമാശ്‌ളിഷ്യ കൌസല്യാദികള്‍ സമാ
രൂഢഖേദം തുടച്ചീടിനാര്‍ കണ്ണുനീര്‍.
തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം
ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടന്‍
നത്വാ രഘൂത്തമനാശു ചൊല്‌ളീടിനാ
നെത്രയും ഭാഗ്യവാന്‍ ഞാനെന്നു നിര്‍ണ്ണയം.
താതനു സൌഖ്യമല്‌ളീ നിജ മാനസേ
ഖേദമുണ്ടോ പുനരെന്നെപ്പിരികയാല്‍?
എന്തോന്നു ചൊന്നതെന്നോടു ചൊല്‌ളീടുവാ
നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?
രാമവാക്യം കേട്ടു ചൊന്നാല്‍ വസിഷ്ഠനും:
ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേള്‍.
നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു
മന്നവന്‍ പിന്നെയും പിന്നെയും ദു:ഖിച്ചു
രാമരാമേതി സീതേതി കുമാരേതി
രാമേതി ലക്ഷമണേതി പ്രലാപം ചെയ്തു