ഭൂമിയില്‍ത്തന്നെ മലിനാംബരത്തൊടും,
കണ്ണുനീരാലേ മുഖവും മിഴികളും,
നന്നായ് നനച്ചു, കരഞ്ഞു കരഞ്ഞു കൊ
ണ്ടര്‍ത്ഥിച്ചു കൊള്‍ക വരദ്വയം ഭൂപതി
സത്യം പറഞ്ഞാലുറപ്പിച്ചു മാനസം
മന്ഥര ചൊന്നപോലെയതിനേതുമൊ
രന്തരം കൂടാതെ ചെന്നു കൈകേയിയും
പത്ഥ്യമിതൊക്കെത്തനിയ്‌ക്കെന്നു കല്‍പ്പിച്ചു
ചിത്തമോഹേന കോപാലയേ മേവിനാള്‍
കൈകേയി മന്ഥരയോടു ചൊന്നാളിനി
രാഘവന്‍ കാനനത്തിന്നു പോകോളവും
ഞാനിവിടെക്കിടന്നീടുവനല്‌ളായ്കില്‍
പ്രാണനേയും കളഞ്ഞീടുവന്‍ നിര്‍ണ്ണയം,
ഭൂപരിത്രാണാര്‍ത്ഥമിന്നു ഭരതനു
ഭൂപതി ചെയ്താനഭിഷേകമെങ്കില്‍ ഞാന്‍
വേറെ നിനക്കു ഭോഗാര്‍ത്ഥമായ് നല്‍കുവന്‍
നൂറു ദേശങ്ങളതിനില്‌ള സംശയം.
ഏതുമിതിനൊരിളക്കം വരായ്കില്‍ നീ
ചേതസി ചിന്തിച്ച കാര്യം വരും ദൃഢം.
എന്നു പറഞ്ഞു പോയീടിനാള്‍ മന്ഥര
പിന്നെയവ്വണ്ണമനുഷ്ഠിച്ചു രാജ്ഞിയും
ധീരനായേറ്റം ദയാന്വിതനായ് ഗുണാ
ചാരസംയുക്തനായ് നീതിജ്ഞനായ്‌നിജ
ദേശിക വാക്യസ്ഥിതനായ് സുശീലനാ
യാശയശുദ്ധനായ് വിദ്യാനിരതനായ്
ശിഷ്ടനായുള്ളവനെന്നങ്ങിരിയ്ക്കിലും
ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാല്‍
സജ്ജന നിന്ദ്യനായ് വന്നുകൂടും ദൃഢം
ദുര്‍ജ്ജനസംസര്‍ഗ്ഗമേറ്റമകലവേ
വര്‍ജ്ജിയ്ക്കവേണം പ്രയത്‌നേന സല്പുമാന്‍,
കജ്ജളം പറ്റിയാല്‍ സ്വര്‍ണ്ണവും നിഷ്പ്രഭം.
എങ്കിലേ രാജാ ദശരഥനാദരാല്‍
പങ്കജനേത്രാഭ്യുദയം നിമിത്തമായ്
മന്ത്രിപ്രഭൃതികളോടും പറഞ്ഞുകൊ
ണ്ടന്ത:പുരമകം പുക്കരുളീടിനാന്‍.
അന്നേരമാത്മപ്രിയതമയാകിന
തന്നുടെ പത്‌നിയെക്കാണായ്ക കാരണം
എത്രയും വിഹ്വലനായോരു ഭൂപനും
ചിത്തതാരിങ്കല്‍ നിരൂപിച്ചിതീദൃഢം
മന്ദിരം തന്നില്‍ ഞാന്‍ ചെന്നു കൂടും വിധൌ
മന്ദസ്മിതം ചെയ്തരികെ വരും പുരാ
സുന്ദരിയാമവളിന്നെങ്ങു പോയിനാള്‍?
മന്ദമാകുന്നിതുന്മേഷമെന്‍ മാനസേ
ചൊല്‌ളുവിന്‍ ദാസികളേ!ഭവത് സ്വാമിനി
കല്യാണഗാത്രി മറ്റെങ്ങു പോയീടിനാള്‍?