ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര
വിന്ദലോചനന്‍ മുകുന്ദന്‍ പരമാനന്ദാത്മാ
ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക
വൃന്ദവന്ദിതന്‍ ഭൂവി വന്നവതാരംചെയ്താന്‍.
നന്ദനനുണ്ടായിതെന്നാശു കേട്ടൊരു പങ്കതി
സ്യന്ദനനഥ പരമാനന്ദാകുലനായാന്‍
പുത്രജന്മത്തെച്ചൊന്ന ഭൃത്യവര്‍ഗ്ഗത്തിനെല്‌ളാം
വസ്ത്രഭൂഷണാദ്യഖിലാര്‍ത്ഥദാനങ്ങള്‍ചെയ്താന്‍.
പുത്രവക്രതാബ്ജം കണ്ടു തുഷ്ടനായ് പുറപെ്പട്ടു
ശുദ്ധനായ് സ്‌നാനംചെയ്തു ഗുരുവിന്‍ നിയോഗത്താല്‍ 690
ജാതകകര്‍മ്മവുംചെയ്തു ദാനവുംചെയ്തു; പിന്നെജ്ജാതനായിതു കൈകേയീസുതന്‍ പിറ്റേന്നാളും.
സുമിത്രാപുത്രന്മാരായുണ്ടായിതിരുവരു
മമിത്രാന്തകന്‍ ദശരഥനും യഥാവിധി
ചെയ്തിതു ജാതകര്‍മ്മം ബാലന്മാര്‍ക്കെല്‌ളാവര്‍ക്കും
പെയ്തിതു സന്തോഷംകൊണ്ടശ്രുക്കള്‍ ജനങ്ങള്‍ക്കും.
സ്വര്‍ണ്ണരത്‌നൌഘവസ്ത്രഗ്രാമാദിപദാര്‍ത്ഥങ്ങ
ളെണ്ണമില്‌ളാതോളം ദാനംചെയ്തു ഭൂദേവാനാം
വിണ്ണവര്‍നാട്ടിലുമുണ്ടായിതു മഹോത്സവം
കണ്ണുകളായിരവും തെളിഞ്ഞു മഹേന്ദ്രനും. 700
സമസ്തലോകങ്ങളുമാത്മാവാമിവങ്കലേ
രമിച്ചീടുന്നു നിത്യമെന്നോര്‍ത്തു വസിഷ്ഠനും
ശ്യാമളനിറംപൂണ്ട കോമളകുമാരനു
രാമനെന്നൊരു തിരുനാമവുമിട്ടാനലേ്‌ളാ;
ഭരണനിപുണനാം കൈകേയീതനയനു
ഭരതനെന്നു നാമമരുളിച്ചെയ്തു മുനി;
ലക്ഷണാന്വിതനായ സുമിത്രാതനയനു
ലക്ഷ്മണനെന്നുതന്നെ നാമവുമരുള്‍ചെയ്തു;
ശത്രുവൃന്ദത്തെ ഹനിച്ചീടുകനിമിത്തമായ്
ശത്രുഘ്‌നനെന്നു സുമിത്രാത്മജാവരജനും. 710
നാമധേയവും നാലുപുത്രര്‍ക്കും വിധിച്ചേവം
ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാന്‍.
സാമോദം ബാലക്രീഡാതല്‍പരന്മാരാംകാലം
രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും
ഭരതശത്രുഘ്‌നന്മാരൊരുമിച്ചെല്‌ളാനാളും
മരുവീടുന്നു പായസാംശാനുസാരവശാല്‍
കോമളന്മാരായൊരു സോദരന്മാരുമായി
ശ്യാമണനിറംപൂണ്ട ലോകാഭിരാമദേവന്‍