'പരമാത്മാവാകുന്ന ബിംബത്തില്‍ പ്രതിബിംബം
പരിചില്‍ കാണുന്നതു ജീവാത്മാവറികെടോ!
തേജോരൂപിണിയാകുമെന്നുടെ മായതങ്കല്‍
വ്യാജമെന്നിയേ നിഴലിക്കുന്നു കപിവരാ!
ഓരോരോ ജലാശയേ കേവലം മഹാകാശം
നേരേ നീ കാണ്‍മീലയോ, കണ്ടാലുമതുപോലെ
സാക്ഷാലുളെളാരു പരബ്രഹ്മമാം പരമാത്മാ
സാക്ഷിയായുളള ബിംബം നിശ്ചലമതു സഖേ!
തത്ത്വമസ്യാദി മഹാവാക്യാര്‍ത്ഥംകൊണ്ടു മമ
തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താല്‍. 310
മത്ഭക്തനായുളളവനിപ്പദമറിയുമ്പോള്‍
മത്ഭാവം പ്രാപിച്ചീടുമില്‌ള സംശയമേതും.
മത്ഭക്തിവിമുഖന്മാര്‍ ശാസ്ത്രഗര്‍ത്തങ്ങള്‍തോറും
സത്ഭാവംകൊണ്ടു ചാടിവീണു മോഹിച്ചീടുന്നു.
ഭക്തിഹീനന്മാര്‍ക്കു നൂറായിരം ജന്മംകൊണ്ടും
സിദ്ധിക്കയില്‌ള തത്ത്വജ്ഞാനവും കൈവല്യവും.
പരമാത്മാവാം മമ ഹൃദയം രഹസ്യമി
തൊരുനാളും മത്ഭക്തിഹീനന്മാരായ് മേവീടും
നരന്മാരോടു പറഞ്ഞറിയിക്കരുതെടോ!
പരമമുപദേശമില്‌ളിതിന്മീതെയൊന്നും.'' 320
ശ്രീമഹാദേവന്‍ മഹാദേവിയോടരുള്‍ചെയ്ത
രാമമാഹാത്മ്യമിദം പവിത്രം ഗുഹ്യതമം
സാക്ഷാല്‍ ശ്രീരാമപ്രോക്തം വായുപുത്രനായ്‌ക്കൊണ്ടു
മോക്ഷദം പാപഹരം ഹൃദ്യമാനന്ദോദയം
സര്‍വ്വവേദാന്തസാരസംഗ്രഹം രാമതത്ത്വം
ദിവ്യനാം ഹനുമാനോടുപദേശിച്ചതെല്‌ളാം
ഭക്തിപൂണ്ടനാരതം പഠിച്ചീടുന്ന പുമാന്‍
മുക്തനായ്‌വരുമൊരു സംശയമില്‌ള നാഥേ!
ബ്രഹ്മഹത്യാദിദുരിതങ്ങളും ബഹുവിധം
ജന്മങ്ങള്‍തോറുമാര്‍ജ്ജിച്ചുളളവയെന്നാകിലും  330
ഒക്കവേ നശിച്ചുപോമെന്നരുള്‍ചെയ്തു രാമന്‍
മര്‍ക്കടപ്രവരനോടെന്നതു സത്യമലേ്‌ളാ.
ജാതിനിന്ദിതന്‍ പരസ്ത്രീധനഹാരി പാപി
മാതൃഘാതകന്‍ പിതൃഘാതകന്‍ ബ്രഹ്മഹന്താ
യോഗിവൃന്ദാപകാരി സുവര്‍ണ്ണസ്‌തേയി ദുഷ്ടന്‍
ലോകനിന്ദിതനേറ്റമെങ്കിലുമവന്‍ ഭക്ത്യാ
രാമനാമത്തെജ്ജപിച്ചീടുകില്‍ ദേവകളാ
ലാമോദപൂര്‍വം പൂജ്യനായ്‌വരുമത്രയല്‌ള
യോഗീന്ദ്രന്മാരാല്‍പേ്പാലുമലഭ്യമായ വിഷ്ണു
ലോകത്തെ പ്രാപിച്ചീടുമില്‌ള സംശയമേതും. 340
ഇങ്ങനെ മഹാദേവനരുള്‍ചെയ്തതു കേട്ടു
തിങ്ങീടും ഭക്തിപൂര്‍വമരുള്‍ചെയ്തിതു ദേവിഃ
'മംഗലാത്മാവേ! മമ ഭര്‍ത്താവേ! ജഗല്‍പതേ!
ഗംഗാകാമുക! പരമേശ്വര! ദയാനിധേ!
പന്നഗവിഭൂഷണ! ഞാനനുഗൃഹീതയായ്
ധന്യയായ് കൃതാര്‍ത്ഥയായ് സ്വസ്ഥയായ്‌വന്നേനലേ്‌ളാ.
ഛിന്നമായ്‌വന്നു മമ സന്ദേഹമെല്‌ളാമിപേ്പാള്‍
സന്നമായിതു മോഹമൊക്കെ നിന്നനുഗ്രഹാല്‍.
നിര്‍മ്മലം രമാതത്ത്വാമൃതമാം രസായനം
ത്വന്മുഖോദ്ഗളിതമാവോളം പാനംചെയ്താലും 350