പോയിതു ഞങ്ങള്‍ നായാട്ടിന്നതുനേരമതി
മായാവി നിശാചരന്‍ കട്ടുകൊണ്ടങ്ങുപോയാന്‍.
കാനനംതോറും ഞങ്ങള്‍ തിരഞ്ഞുനടക്കുമ്പോള്‍
കാണായി നിന്നെയതിഭീഷണവേഷത്തൊടും. 1760
പാണികള്‍കൊണ്ടു തവ വേഷ്ടിതന്മാരാകയാല്‍
പ്രാണരക്ഷാര്‍ത്ഥം ഛേദിച്ചീടിനേന്‍ കരങ്ങളും.
ആരെടോ! വികൃതരൂപം ധരിച്ചോരു ഭവാന്‍?
നേരോടെ പറകെ”ന്നു രാഘവന്‍ ചോദിച്ചപേ്പാള്‍
സന്തുഷ്ടാത്മനാ പറഞ്ഞീടിനാന്‍ കബന്ധനുംഃ
‘നിന്തിരുവടിതന്നേ ശ്രീരാമദേവനെങ്കില്‍
ധന്യനായ്‌വന്നേനഹം, നിന്തിരുവടിതന്നെ
മുന്നിലാമ്മാറു കാണായ്‌വന്നൊരു നിമിത്തമായ്.
ദിവ്യനായിരുപേ്പാരു ഗന്ധര്‍വനഹം രൂപ
യൗവനദര്‍പ്പിതനായ് സഞ്ചരിച്ചീടുംകാലം 1770
സുന്ദരീജനമനോധൈര്യവും ഹരിച്ചതി
സുന്ദരനായോരു ഞാന്‍ ക്രീഡിച്ചുനടക്കുമ്പോള്‍
അഷ്ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു
രുഷ്ടനായ്മഹാമുനി ശാപവും നല്കീടിനാന്‍.
ദുഷ്ടനായുള്ളോരു നീ രാക്ഷസനായ്‌പോകെന്നാന്‍
തുഷ്ടനായ്പിന്നെശ്ശാപാനുഗ്രഹം നല്കീടിനാന്‍.
സാക്ഷാല്‍ ശ്രീനാരായണന്‍ തന്തിരുവടിതന്നെ
മോക്ഷദന്‍ ദശരഥപുത്രനായ് ത്രേതായുഗേ
വന്നവതരിച്ചു നിന്‍ ബാഹുക്കളറുക്കുന്നാള്‍
വന്നീടുമലേ്‌ളാ ശാപമോക്ഷവും നിനക്കെടോ! 1780
താപസശാപംകൊണ്ടു രാക്ഷസനായോരു ഞാന്‍
താപേന നടന്നീടുംകാലമങ്ങൊരുദിനം
ശതമന്യുവിനെപ്പാഞ്ഞടുത്തേനതിരുഷാ
ശതകോടിയാല്‍ തലയറുത്തു ശതമഖന്‍.
വജ്രമേറ്റിട്ടും മമ വന്നീല മരണമ
തബ്ജസംഭവന്‍ മമ തന്നൊരു വരത്തിനാല്‍.
വദ്ധ്യനല്‌ളായ്കമൂലം വൃത്തിക്കു മഹേന്ദ്രനു
മുത്തമാംഗത്തെ മമ കുക്ഷിയിലാക്കീടിനാന്‍.
വക്രതപാദങ്ങള്‍ മമ കുക്ഷിയിലായശേഷം
ഹസ്തയുഗമവുമൊരു യോജനായതങ്ങളായ്. 1790
വര്‍ത്തിച്ചീടുന്നേനത്ര വൃത്തിക്കു ശക്രാജ്ഞയാ