ഭക്തവത്സല! മമ സിദ്ധിച്ചു മനോരഥം.
രക്തപങ്കജചരണാഗ്രേ സന്തതം മമ
ഭക്തി സംഭവിക്കേണം മുക്തിയും ലഭിക്കേണം
ത്വല്‍ പാദാംബുജഗളീതാംബുധഅരണം കൊണ്ടൂ
സര്‍പ്പഭൂഷണന്‍ ജഗത്തൊക്കെസ്‌സംഹരിക്കുന്നു;
ത്വല്‍ പാദാംബുജഗളിതഅംബുധാരണം കൊണ്ടു
സല്പുമാന്‍ മഹാബലി സിദ്ധിച്ചാനൈന്ദ്രം പദം
ത്വല്‍ പാദാംബുജരജഃ സ്പൃഷ്ടികൊണ്ടഹല്യയും
കില്ബിഷത്തോടു വേര്‍പെട്ടു നിര്‍മ്മലയാള്‍.
നിന്തിരുവടിയുടെ നാമകീര്‍ത്തനം കൊണ്ടു
ബന്ധവുമകന്നു മോക്ഷത്തെയും പ്രാപിക്കുന്നു
സന്തതം യോഗസ്ഥന്‍മാരാകിയ മുനീന്ദ്രന്മാര്‍;
ചിന്തിക്കായ് വരേണമേ പാദപങ്കജദ്വയം”
ഇത്ഥമോരോന്നേ ചൊല്‌ളി സ്തുതിച്ചു ജനകനും
ഭക്തികൈക്കൊണ്ടു കൊടുത്തീടിനാന്‍ മഹാധനം;
കരികളറുനൂറും പതിനായിരം തേരും
തുരഗങ്ങളെയും നല്‍കീടിനാന്‍ നൂറായിരം;
പത്തിയുമൊരുലക്ഷം മുന്നൂറു ദാസികളും
വസ്ത്രങ്ങള്‍ ദിവ്യങ്ങളായുള്ളതും ബഹുവിധം.
മുത്തുമാലകള്‍ ദിവ്യരത്‌നങ്ങള്‍ പലതരം
പ്രത്യേകം നൂറുകോടിക്കാഞ്ചനഭാരങ്ങളും
സീതാദേവിക്കു കൊടുത്തീടിനാന്‍ ജനകനും;
പ്രീതികൈക്കൊണ്ടു പരിഗ്രഹിച്ചു രാഘവനും.
വിധിനന്ദനപ്രമുഖന്മാരാം മുനികളെ
വിധിപൂര്‍വ്വം ഭക്ത്യാ പൂജിച്ചു വണങ്ങിനാന്‍.
സമ്മാനിച്ചിതു സുമന്ത്രാദി മന്ത്രികളെയും
സമ്മോദം പൂണ്ടു ദശരഥനും പുറപെ്പട്ടു
കല്മഷമകന്നൊരു ജനകനൃപേന്ദ്രനും
തന്മകളായ സീതതന്നെയുമാശേ്‌ളഷിച്ചു
നിര്‍മ്മലഗാത്രിയായ പുത്രിക്കു പതിവ്രതാ
ധര്‍മ്മങ്ങളെല്‌ളാമുപദേശിച്ചു വഴിപോലെ.
ചിന്മയന്‍ മായാമയനായ രാഘവന്‍ നിജ
ധര്‍മ്മാദാരങ്ങളൊടും കൂടവേ പുറപെ്പട്ടു.
മൃദംഗാനകഭേരീതൂര്യാഘോഷങ്ങളോടും
മൃദുഗാനങ്ങള്‍ തേടും വീനയും കുഴലുകള്‍
ശൃംഗകാഹളങ്ങളും മദ്ദളമിടക്കകള്‍
ശൃംഗാരരസപരിപൂര്‍ണ്ണവേഷങ്ങളോടും
ആന തേര്‍ കുതിര കാലാളായ പടയോടു
മാനന്ദമോടും പിതൃമാതൃഭ്രാതാക്കളോടും
കൗശികവസിഷ്ഠാദിതാപസേന്ദ്രന്മാരായ
ദേശികന്മാരോടും ഭൃത്യാമാത്യാദികളോടും
വേഗമോടെഅയോദ്ധ്യയ്ക്കാമ്മാറങ്ങു

തിരിച്ചപേ്പാളാകാശദേശേ വിമാനങ്ങളും നിറഞ്ഞുതേ.
സന്നാഹത്തോടു നടന്നീടുമ്പോള്‍ ജനകനും
പിന്നാലെ ചെന്നു യാത്രയയച്ചോരനന്തരം
വെണ്‍കൊറ്റക്കുട തഴ വെണ്‍ചാമരങ്ങളോടും
തിങ്കള്‍മണ്ഡലം തൊഴുമാലവട്ടങ്ങളോടും
ചെങ്കൊടിക്കൂറകള്‍കൊണ്ടങ്കിതധ്വജങ്ങളും
കുങ്കുമമലയജകസ്തൂരിഗന്ധത്തോടും
നടന്നു വിരവോടു മൂന്നു യോജന വഴി
കടന്നനേരം കണ്ടു ദുര്‍ന്നിമിത്തങ്ങളെല്‌ളാം.