സുഗ്രീവസഖ്യം

ശ്രീരാമലകഷ്മണന്മാരെക്കഴുത്തിലാ
മ്മാറങ്ങെടുത്തു നടന്നിതു മാരുതി
സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാന്‍.
”വ്യഗ്രം കളക നീ ഭാസ്‌കരനന്ദന!
ഭാഗ്യമഹോ ഭാഗ്യമോര്‍ത്തോളമെത്രയും.
ഭാസ്‌കരവംശസമുത്ഭവന്മാരായ
രാമനും ലകഷ്മണനാകുമനുജനും
കാമദാനാര്‍ത്ഥമിവിടേക്കെഴുന്നളളി.
സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ
രാഗ്രേ മഹാതരുച്ഛായാതലേ തദാ
വിശ്വൈകനായകന്മാരാം കുമാരന്മാര്‍
വിശ്രാന്തചേതസാ നിന്നരുളീടിനാര്‍.
വാതാത്മജന്‍ പരമാനന്ദമുള്‍ക്കൊണ്ടു
നീതിയോടര്‍ക്കാത്മജനോടു ചൊല്‌ളിനാന്‍:
”ഭീതി കളക നീ മിത്രഗോത്രേ വന്നു
ജാതന്മാരായോരു യോഗേശ്വരന്മാരീ
ശ്രീരാമലകഷ്മണന്മാരെഴുന്നളളിയ
താരെയും പേടിക്കവേണ്ടാ ഭവാനിനി.
വേഗേന ചെന്നു വന്ദിച്ചു സഖ്യം ചെയ്തു
ഭാഗവതപ്രിയനായ്‌വസിച്ചീടുക.”
പ്രീതനായോരു സുഗ്രീവനുമന്നേര
മാദരപൂര്‍വ്വമുത്ഥായ സസംഭ്രമം
വിഷ്ടപനാഥനിരുന്നരുളീടുവാന്‍
വിഷ്ടരാര്‍ത്ഥം നല്‌ള പല്‌ളവജാലങ്ങള്‍
പൊട്ടിച്ചവനിയിലിട്ടാ,നതുനേര
മിഷ്ടനാം മാരുതി ലകഷ്മണനുമൊടി
ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും
പുഷ്ടമോദാലൊടിച്ചിട്ടരുളീടിനാന്‍;
തുഷ്ടി പൂണ്ടെല്‌ളാവരുമിരുന്നീടിനാര്‍
നഷ്ടമായ്‌വന്നിതു സന്താപസംഘവും.
മിത്രാത്മജനോടു ലകഷ്മണന്‍ ശ്രീരാമ
വൃത്താന്തമെല്‌ളാമറിയിച്ചതുനേരം
ധീരനാമാദിത്യനന്ദനന്‍ മോദേന
ശ്രീരാമചന്ദ്രനോടാശു ചൊല്‌ളീടിനാന്‍:
”നാരീമണിയായ ജാനകീദേവിയെ
യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിര്‍ണ്ണയം.
ശത്രുവിനാശനത്തിന്നടിയനൊരു
മിത്രമായ്‌വേലചെയ്യാം തവാജ്ഞാവശാല്‍.
ഏതുമിതു നിരൂപിച്ചു ഖേദിക്കരു
താധികളൊക്കെയകറ്റുവന്‍ നിര്‍ണ്ണയം.
രാവണന്‍തന്നെസ്‌സകുലം വധംചെയ്തു
ദേവിയേയുംകൊണ്ടു പോരുന്നതുണ്ടു ഞാന്‍.
ഞാനൊരവസ്ഥ കണ്ടേനൊരുനാളതു
മാനവവീര! തെളിഞ്ഞു കേട്ടീടണം.