ഭാവനാഗതി
ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

വാനത്ത് വാര്‍തിങ്കളുയര്‍ന്നുയര്‍ന്നു
പാരത്രയും പാല്‍ക്കടലാക്കിടുന്നു;
അതിങ്കലാറാടിയനേകലോക
രാനന്ദപീയൂഷമശിച്ചിടുന്നു.

ഊണും കഴിഞ്ഞപ്പൊഴുതുമ്മരത്തി
ലുലാത്തി നില്‍ക്കുന്നു യുവാവൊരുത്തന്‍;
തന്‍ കൈയണിക്കുഞ്ഞിനവന്റെ തയ്യല്‍
താലോലമേകുന്നു സമീപമെത്തി.

ചിരിച്ചിരുന്നോരു കിടാവു തെല്ലു
ചിണുങ്ങി വെണ്‍തിങ്കളെ നോക്കി നോക്കി;
അച്ഛന്നുമമ്മയ്ക്കുമടുക്കല്‍ വേണ
‘മമ്മാവനും’; കൊച്ചനതാണു മോഹം.

കടുത്തു ചൊന്നാള്‍ കളവാണി: ‘എന്റെ
കൈവല്യവിത്തേ! കവിവാക്കു കേള്‍ക്കൂ!
‘കരത്തില്‍ വേണം ശശിയെന്ന് ബാലന്‍
കരഞ്ഞുകൊണ്ടാലടിതന്നെകൊള്ളും.’

അകത്തുപോകാ, മരുതെന്നൊടിമ്മ
ട്ടലട്ട’ലെന്നമ്മടവാര്‍ ചൊടിച്ചു;
‘അമ്മേ! വരില്ലമ്പിളി കൈവരാതെ
യങ്ങോട്ട് ഞാനെ’ ന്നവനും ശഠിച്ചു

കാര്‍വേണിതന്‍ വാക്കവള്‍ തന്‍ പ്രിയന്റെ
കര്‍ണ്ണങ്ങളൂടെ കരളില്‍ക്കടന്നു;
താതന്റെ കണ്‍ വണ്ടുകള്‍ മാറിമാറി
ത്തന്‍ കുഞ്ഞിലും ചന്ദ്രനിലും കളിച്ചു.

പഠിച്ചതാണക്കവിവാക്കു താനും;
പലപ്പൊഴും കേള്‍ക്കുവതാണുതാനും;
എന്നാലുമന്നായതവന്റെ ഹൃത്തി
ലേതോ വികാരത്തിനു വിത്തുപാകി.

കണ്ണീര്‍ പൊഴിക്കും ശിശുവിന്റെ നേര്‍ക്കു
കൈ കൊണ്ടൊരോങ്ങോങ്ങി കയര്‍ത്തു നല്ലാര്‍;
‘കാട്ടൊല്ല വിഡ്ഢിത്തര’മെന്നു ചൊല്ലി
ക്കടന്നതിങ്കല്‍പ്പിടികൂടി കാന്തന്‍.

‘താഡിക്കയോ കുട്ടനെ നീ? അതിന്നു
തായാട്ടവന്‍ കാട്ടിയതാരൊടാവോ?
മാഴ്കുന്നുവെന്നോ മതിയെക്കൊതിച്ചു?
മറ്റെന്തിലെന്നോമന തെറ്റുകാരന്‍?

അന്തിക്കണഞ്ഞമ്പിളി വിശ്വമിമ്മ
ട്ടാകര്‍ഷണം ചെയ് വതനീതിയല്ല!
അതിന്റെ ശക്തിക്കടിമപ്പെടുന്നോ
രാരോമലെന്‍ കുഞ്ഞപരാധിപോലും!

ആകാശ ഗങ്ഗയ്ക്കകമേ കരത്താ
ലാരീ വെളുത്താമ്പല്‍ വിടുര്‍ത്തിടുന്നോന്‍;
ആത്തിങ്കളല്ലീ പിഴയാളിവത്സ
നക്ഷിദ്വയം നല്‍കിനൊരാദിദേവന്‍?

ചരിപ്പതെങ്ങമ്മതി; യങ്ങുനിന്നെന്‍
തങ്കക്കുടം ധാത്രിയില്‍ വന്നിരിക്കാം;
അവന്റെ കൃത്യങ്ങള്‍ കഴിച്ചു വീണ്ടു
മങ്ങോട്ട് പോകുന്നതുമായിരിക്കാം..

പ്രാശിച്ചുവോ രോഹിണിതന്‍ മുലപ്പാല്‍
പണ്ടെന്റെ കുട്ടന്‍ വിധുമണ്ഡലത്തില്‍?
വാരിക്കളിച്ചോ ബുധനോടുകൂടി
വാനപ്പുഴത്തൂമണല്‍? ആരുകണ്ടു!

ഹാ! നാം നിനയ്ക്കും വിധമിക്കിടാവി
ന്നജ്ഞാതനല്ലമ്പിളി,യായിടേണ്ട;
മുഴുക്കെയെന്‍ പൈതലിനുള്ളില്‍നിന്നു
മുജ്ജന്മബന്ധസ്മൃതി മാഞ്ഞിടേണ്ട.

ആ വേഴ്ച ശീതാംശു മറന്നിരിക്കാം;
അല്ലെങ്കിലെന്തിത്ര വരാനമാന്തം?
അധഃപതിച്ചാല്‍ സ്വജനങ്ങളേയു
മത്യുച്ചരാവോരറിവീലതന്നെ

അല്ലെങ്കിലും മംഗലദേവതയ്ക്കു
കൂടപ്പിറപ്പാം കുളിര്‍തിങ്കളിങ്കല്‍
ആശാങ്കുരം വായ്പതിനാരെയാര്‍ക്കു
കുറ്റപ്പെടുത്താനധികാരമുള്ളൂ?

ആശിക്ക! സൃഷ്ടിയ്ക്കു ജഗല്‍ പിതാവു
മാശിച്ചുവെന്നായ്ധപ ശ്രുതി പൊങ്ങിടുന്നു;

നരന്നു തന്‍ ജീവിതമാശ, മൃത്യു
നൈരാശ്യമെന്നാണഭിയുക്തവാക്യം.

അഹോ! നികൃഷ്ടം തൃണവും വെറുക്കു
മാദര്‍ശസൗഭാഗ്യമകന്ന ജന്മം;
അതല്ലയല്ലോ നിലയെന്‍ കിടാവി
ന്നവന്റെ മാര്‍ഗ്ഗങ്ങള്‍ ശിവങ്ങള്‍ തന്നെ.

വിളക്കിലല്ലെന്‍ ശിശുവിന്നു വാഞ്ഛ;
മിന്നാമിനുങ്ങില്‍ നിരയിന്കലല്ല
താരോല്‍കരത്തിന്കലുമല്ല: സാക്ഷാല്‍
ചന്ദ്രന്കല്‍  ഉമ്പര്‍ക്കമൃതൂട്ടുവോന്‍കല്‍!

അത്യുച്ച മത്യുച്ച, മവന്റെ ജന്മം;
അത്രയ്ക്ക് മേന്മയ്കവനര്‍ഹനല്ലീ?
ആര്‍ക്കും കനിഞ്ഞത്തരമാശനല്‍കു
മാദര്‍ശസമ്പത്തഭിമാനമല്ലീ?

ആശപ്പെടുന്നോന്‍ വ്യവസായശാലി;
അദ്ധ്വാനശീലന്‍ ഫലമാസ്വദിപ്പോന്‍;
ആശിച്ചു നാം ജന്മമവന്ധ്യമാക്കാം;
ആശയ്ക്കുതാന്‍പോലഖിലാര്‍ത്ഥസിദ്ധി.

അത്യുല്‍കടാശാഫലമായ് ജഗത്തി
ലണുക്കളദ്രീശ്വരരായിടുന്നു
ആശിപ്പതെന്തി, ന്നതു നാളെ നേടാ
മപാവൃതം മര്‍ത്ത്യനതിന്‍ കവാടം.

ഇന്ദുക്കളോരോ ശതകത്തില്‍ നമ്മള്‍
ക്കിന്നുള്ള സമ്പത്തുകള്‍ മിക്കവാറും;
ഏകാന്തമായ് മാനുഷനിച്ഛവച്ചാ
ലേതിന്ദു തല്‍കന്ദുകമിന്നുമാകാ!

അഹോ! ജയിക്കുന്നു ചെറുപ്പമാരു
മസാദ്ധ്യമെന്തെന്നറിയാത്തകാലം,
ആശയ്ക്കു മര്‍ത്ത്യന്നതിരിട്ടിടേണ്ടൊ
രാവശ്യമില്ലാത്ത ദശാവിശേഷം.

അസാദ്ധ്യംആ വാക്കുലകത്തിലാദ്യ
മാത്മാവസാദപ്രദമാരുരച്ചു;
അവന്റെ നാവാമസിയേറ്റു മര്‍ത്ത്യ
നാലസ്യകൂപത്തിലധഃപതിച്ചു.

അസാദ്ധ്യം!  ഇസ്സംസൃതിസിന്ധുവിമ്മ
ട്ടാകല്പകാലം പ്രവഹിച്ചിടുമ്പോള്‍;

തപിച്ചു നീര്‍ത്തുള്ളിയുമാവിയായി
ത്താരാപഥത്തോളമുയര്‍ന്നിടുമ്പോള്‍ള്‍;

സച്ചിന്മഹസ്സോടുമരക്ഷണത്തില്‍
സായുജ്യമേല്പാന്‍ കഴിവുള്ള മര്‍ത്ത്യന്‍
അവന്റെ വീര്യം ഗ്രഹിയാതെയെന്തി
ന്നബദ്ധ, മപ്പല്ലവിയാലപിപ്പൂ?        (യുഗ്മകം)

എടോ കിടാവേ! ശരി നീ കൊതിപ്പ
തേണാങ്കബിംബം കരതാരിലാവാന്‍.
ആയാലുമാകായ്കിലുമെന്തു? നിന്നി
ലറ്റംവരയ്ക്കക്കൊതി നിന്നിടട്ടേ.

പരസ്വമാകേണ്ടതുമായതും നീ
പാടില്ല കാമിപ്പതു, പാപമാകാം;
ആര്‍ക്കുള്ള വിത്തം ശശി? ആരവങ്ക
ലത്യാശയാര്‍ന്നാലപരാധിയാവോന്‍?

സല്‍കര്‍മ്മനിശ്രേണി ചമച്ചതിങ്കല്‍
‘ഛാന്ദോഗ്യര്‍’ കാണിച്ച വഴിധ3പക്കുകേറി
ചന്ദ്രങ്കലെത്താമൊരുനാള്‍ ശശിക്കെന്‍
തങ്കത്തിനൊറ്റശ്ശതകം കഴിഞ്ഞാല്‍.

അല്ലെങ്കില്‍ വൈജ്ഞാനികശാസ്ര്തമേകു
മാകാശയാനം വഴി പാഞ്ഞു വത്സന്‍
സജീവനായ്ച്ചന്ദ്രനു കൈകൊടുക്കാം
ശക്രന്‍ പകച്ചക്ഷതി കണ്ടു നില്‍ക്കെ

അതല്ലയെന്നാലവദാതമാകു
മാചാരമാര്‍ന്നെന്നരിമക്കിശോരന്‍
പ്രശസ്തനാകെ, പ്രകടീഭവിക്കാം
പാരിന്നു വേറിട്ടൊരു പാര്‍വണേന്ദു.

അന്നന്നു ലോകത്തിനു വാച്ച താപ
മന്നന്നു പോക്കുന്ന കരങ്ങളേന്തി
ഉദിച്ചിടാമുണ്ണിയിലൂഴിമാതി
ന്നുള്‍പ്പൂ കുളിര്‍പ്പിപ്പതിനുത്സുകത്വം.

വൈരം തമസ്സൊന്നൊടിയന്നു, വക്ത്രം
മന്ദസ്മിതംകൊണ്ടു മനോജ്ഞമാക്കി;
ചരിച്ചിടാമോമന സല്‍പഥത്തില്‍
സമ്പൂര്‍ണ്ണസൗഖ്യം സകലര്‍ക്കുമേകി.

താന്‍ നേടിവെച്ചീടിന ചന്ദനത്തെ
ത്തന്‍മാറിടത്തിങ്കലണിഞ്ഞിടാതെ
അങ്ങുള്ള പാഴ്‌ചേറഴിയാതെ മിന്നാ
മപ്പ,ന്നതന്യര്‍ക്കഖിലര്‍ക്കു മേകി.

മിഥ്യാഭിജാത്യക്കെടുഗര്‍വു മെയ്ക്കു
വിലങ്ങുവെച്ചാലതു വെട്ടിമാറ്റി
മകന്നു ചെല്ലാം മനതാരലിഞ്ഞു
മാടത്തിലും മാളികയില്‍ക്കണക്കേ.

മാസാര്‍ദ്ധമാര്‍ജ്ജിച്ച വസുക്കള്‍കൊണ്ടു
മാസാര്‍ദ്ധദാനം പതിവായ് നടത്തി
ആചാര്യനാകാമഖിലര്‍ക്കുമുണ്ണി
കന്യാര്‍ത്ഥമുള്ളോരസുധാരണത്തില്‍.

തനിക്കു പറ്റും ക്ഷിതിയിങ്കല്‍നിന്നു
തന്‍ പൗരുഷത്താലഭിവൃദ്ധി നേടി
താതന്നു കാട്ടാം വ്യവസായ ബന്ധു
ദൈവത്തൊടെന്നും സമശീര്‍ഷനെന്നായ് .

ധ്യാനിച്ചിവണ്ണം ശശിയെ ക്രമത്തില്‍
തദ്രൂപനായാല്‍ സമയം വരുമ്പോള്‍
മറഞ്ഞിടാം വത്സനു വംശതന്തു
മായാപ്പുകള്‍ത്തിങ്കളെ മന്നില്‍നിര്‍ത്തി.

വന്‍കൂരിരുട്ടിന്‍ വദനത്തില്‍ വീഴും
മര്‍ത്ത്യവ്രജത്തിന്നു വലച്ചില്‍ നീങ്ങാന്‍
കനിഞ്ഞുകാട്ടും വഴി, മുന്നില്‍ നിന്നു
കല്പ്പാന്തകാലം വരെയപ്രദീപം.

വിരിഞ്ചനും കാലവശന്‍ ജഗത്തില്‍
മിന്നാമിനുങ്ങിന്‍ കളികാട്ടിനില്‍ക്കെ
എനിക്കു പോരേ ചരിതാര്‍ത്ഥനാവാ
നെന്‍പുത്രനും പൗത്രനുമേവമായാല്‍ ?

കണ്ണീരു നീ വാര്‍പ്പതു മേലില്‍ നിന്റെ
കാര്യദ്രുമം കായ്പ്പതിനായിടട്ടേ
കുരച്ചിലിക്കേള്‍പ്പതു നിന്‍ജയത്തില്‍
കല്യാണശംഖദ്ധ്വനിയായ് വരട്ടെ.

കവേ! ശിശുക്കള്‍ക്കടി ശിക്ഷനല്‍കാന്‍
കല്പ്പിച്ചൊരങ്ങെത്ര കഠോരചിത്തന്‍ !
താരും ചരല്‍ക്കല്ലുമിണക്കി മാല
സരസ്വതിക്കങ്ങു ചമച്ചുവല്ലോ!!!

പ്രിയേ! നിനക്കുണ്ണികളെപ്പുലര്‍ത്താന്‍
പിതാമഹന്‍ നല്കിന ബാഹുവല്ലി
മകന്റെയീ മാന്തളിര്‍ മേനിയിങ്കല്‍
വജ്രായുധം പോലെ പതിച്ചിടാമോ?

ചിന്തിച്ചു നോക്കൂ! ദയിതേ നമുക്കു
തിങ്കള്‍ക്കിടാവിച്ചെറുപൈതലല്ലീ?
ഇത്തിങ്കള്‍ നേടാന്‍ കൊതിപൂണ്ട നമ്മെ
യീശന്‍ ഹനിപ്പാന്‍ തുനിയാത്തതെന്തേ?

സത്താകുമാശക്കു ഫലത്തെ നല്കും
സര്‍വേശ്വരങ്കല്‍ സഖി ! വിശ്വസിക്കൂ!
തങ്കക്കുടത്തെസ്സകലേന്ദുഭക്തി
സമ്പന്നനാക്കൂ! ചരിതാര്‍ഥനാക്കൂ! ‘

ആനന്ദബാഷ്പപ്പുതുമുത്തുമാല
യണിഞ്ഞ പോര്‍കൊങ്കകളോടൂകൂടി
മണാളനോതും മൊഴി മങ്ക കേട്ടാള്‍ ,
മാറത്തണച്ചാള്‍, മകനെപ്പുണര്‍ന്നാള്‍.

നീവെന്നുകുഞ്ഞേ! നിലവിട്ടൊതുങ്ങി
നിന്നമ്മ’ യെന്നമ്മടവാരുരയ്‌ക്കെ
‘വെല്‍വാന്‍ ശരിക്കാരെയു’ മെന്നു ചൊല്‍വൂ
വെണ്‍മുത്തൊളിപ്പുഞ്ചിരി തൂകി വത്സന്‍ .

‘അതേ! ജയിക്കായ് വരുമെന്‍ കിടാവി
ന്നശേഷലോകത്തെയു’ മെന്നു ചൊല്ലി.
കുനിഞ്ഞു ചുംബിപ്പു  യുവാവവന്റെ
കുഞ്ഞിക്കവിള്‍ത്തട്ടുകള്‍ നൂറുവട്ടം.

‘തഥാസ്തു’വെന്നായ് വിവിധാഗമങ്ങള്‍
സമാശ്രയിക്കും ദ്വിജരോതിടുന്നു;
ചന്ദ്രന്‍ നഭസ്സിങ്കലതൊക്കെ നോക്കി
സ്സാകൂതമന്ദസ്മിതമാര്‍ന്നിടുന്നു.

മണിമഞ്ജുഷ