ലക്ഷ്മി താളം

കാട്ടുന്നു – കനിയുന്നു
കാടും പടലും – കടന്നു വലയുന്നു;
സുരതരുണികളൊന്നു തളർന്നും
നരവീരനെ മാടിവിളിച്ചും
സരസം പുനരൊന്നു കളിച്ചും
വിരവോടൊരു ദിക്കിലൊളിച്ചും
ചിലരമ്പൊടു നെറ്റി ചുളിച്ചും
കലഹിച്ചു പറഞ്ഞിതു:

ലക്ഷ്മിതാളം

“കൊട്ടിന്നും – പാട്ടിന്നും
ഒട്ടും വിജയാ! നിനക്കു രസമില്ലേ?
അതിമോഹനമെന്നുടെ യാനം,
അതിശോഭനമെന്നുടെ ഗാനം,
ചിതമല്ലിതു നിന്നുടെ ധ്യാനം,
അതിലൊക്കെ നിനക്കഭിമാനം,
ഇതിനെന്തൊരു സംഗതി
കണ്ടാലും — കളിയല്ലേ
തണ്ടാർമിഴിമാരശേഷമിഹ വന്നു;
തവ കണ്ണുകളാശു തുറക്കു!
നവ ലീല മനസ്സിലുറയ്ക്കു!
ശിവസേവയിലാശ കുറയ്ക്കു!
അവമാനമിതൊക്കെ നിനയ്ക്കു!
നരവീര! ധനഞ്ജയ!

വന്നാലും – വിരവോടേ
വാമാക്ഷിമാരെ വിരഞ്ഞു വിഹരിക്കാം.
പല്ലവാധരിമാരേക്കണ്ടാൽ
നല്ല വാക്കു പറഞ്ഞീടേണം
മുല്ലസായകതുൽയനാകിയ
നല്ല സുന്ദരനല്ലയോ നീ

കുന്തീനന്ദനനായ ഭവാൻ
എന്തിനിങ്ങനെ ദു:ഖിക്കുന്നു?

പന്തണിക്കുളുർകൊങ്കമാരുടെ
ചന്തമമ്പൊടു കണ്ടാലും നീ
കണ്ണുകളായിരമുള്ളവനും
കണ്ണനും പ്രിയനായ ഭവാൻ
കണ്ണടച്ചതു വിന്നിലുള്ളൊരു
പെണ്ണുങ്ങൾക്കതിദണ്ഡമയ്യോ!
ഖാണ്ഡവത്തെക്കരിച്ചവനേ!
ഗാണ്ഡീവത്തെ ധരിച്ചവനേ
പാണ്ഡവാ! കളവാണിമാരുടെ
താണ്ഡവങ്ങളെ കണ്ടുകൊൾക.
വാശി ഒന്നും തുടങ്ങീടാതെ
വേശ്യമാരെ പരിഗ്രഹിക്ക
ഈശസേവയിലാശ വേണ്ട സു-
രേശനന്ദന! ക്ലേശമയ്യോ!”
ഇങ്ങനെ പലവിധമുരചെയ്തും പുന-
രംഗജശരതതിയേറ്റു വലഞ്ഞും,
അംഗനമാരവർ ചെയ്തൊരു യത്നം
ഭംഗമതായി മനസ്സും മുട്ടി;
അതിഘനഭാവസമാധയുറപ്പി-
ച്ചവിടെ സ്ഥിതനാമർജ്ജുനവീരൻ
ഇക്കഥയൊന്നുമറിഞ്ഞതുമില്ലവ-
നുൽക്കടധൈര്യപയോധിഗഭീരൻ;
അർജ്ജുനമാനസബന്ധമൊഴിപ്പാ-
നിജ്ജനമോർത്താലെളുതല്ലെന്നിഹ
നിർജ്ജരനാരികളെല്ലാം തരസാ
ലജ്ജിതമാരായങ്ങു നടന്നു.
ഹസ്തിനപുരമതിലതുകാലം പല-
രൊത്തുവിചാരവുമങ്ങു തുടങ്ങി;
കാട്ടിലിരിക്കും ധർമ്മാത്മജനുടെ
പാട്ടിലിരിക്കും ബ്രാഹ്മണർ ചൊല്ലി-
ക്കേട്ടു വിശേഷം ദുര്യോധനനും
കൂട്ടക്കാരും കുരുസഭതന്നിൽ
മന്ത്രികളും യജമാനന്മാരും
യന്ത്രികളാകിന കർണ്ണൻ ശകുനി
“അന്തണവരരേ കാട്ടിലിരിക്കും
കുന്തീസുതരുടെ വാർത്തകൾ പറവിൻ”;
“നാട്ടിലവർക്കു പുരസ്ഥിതിയേക്കാൾ
കാട്ടിൽ പെരുകിന പരമാനന്ദം;”
“കാറ്റിൻ മകനുടെ കായമതിപ്പോൾ
കാറ്റും മഴകളുമേറ്റു വലഞ്ഞു
കൊറ്റിനു വകയില്ലാഞ്ഞിട്ടവനൊരു
കൊറ്റിപ്പക്ഷി കണക്കെ മെലിഞ്ഞു;”
“കൊറ്റിനു വകയില്ലെന്നോ? ശിവശിവ!
മാറ്റികൾ നിങ്ങൾക്കെന്തറിയാവൂ?
ഊറ്റക്കാർക്കൊരിടത്തും ചെന്നാൽ
ഊനം വരുമാറില്ലെന്നറിവിൻ.”
“ഫലമൂലാദികൾ വളരെത്തിന്നാം
മലയിലതല്ലാതെന്തോന്നുള്ളു?”
“ഫലമില്ലാത്ത വിവാദം കൊണ്ടിഹ
കലഹിക്കുന്നതുമെന്തിനു വെറുതെ?
കറി നാലും കൂടാതൊരു ഭക്ഷണ-
മറിയുന്നില്ല വനങ്ങളിലെങ്ങും;”
“കറി വെപ്പാനെന്തുള്ളതു കാട്ടിൽ?
വിറകിനു മാത്രം മുട്ടില്ലവിടെ
അരിയും മോരും പാത്രവുമീവക-
യൊരു വസ്തുക്കളുമവിടെക്കിട്ടാ;
കൂറു പറഞ്ഞാൽ ബോധം വരുമോ
ചോറുണ്ണുന്നവരുണ്ടോ കാട്ടിൽ?”
“ചോറു തരും യജമാനന്മാരിൽ
കൂറുണ്ടായതു കുറ്റമതാണോ?
കാര്യം പറയാമറിയണമെങ്കിൽ
സൂര്യനവർക്കൊരു പാത്രം നൽകി;
എന്തൊരു വസ്തു നിരൂപിച്ചെന്നാൽ
അന്തരമില്ലതിലുണ്ടാമപ്പോൾ;
അരിയും വേണ്ടാ വിറകും വേണ്ടാ
കറിവെപ്പാനായൊന്നും വേണ്ടാ
ഉപ്പും വേണ്ടാ മുളകും വേണ്ടാ
വെപ്പാനുള്ളവരാരും വേണ്ടാ
നിരുപിക്കുമ്പോൾ ചോറും കറിയും
പരിചൊടു പാത്രം തന്നിൽ കാണാം
ഇലയും പഴവും തൈരുമിതെല്ലാം
ചെലവഴിയാതവിടത്തിൽ കാണാം.
തോരൻ പരിപ്പുചാറും ചീരക്കറിയുമിഞ്ചി-
ത്തൈരും പച്ചടിയതിൽ ചേരും വേപ്പിലക്കട്ടി
നാരങ്ങാ മാങ്ങാ ചിലനേരം ശാപ്പാടിങ്ങനെ
ഓരോ ദിവസമോരോ ഘോഷം വിശേഷിച്ചുണ്ടാം
‘കണ്ണൻ പഴവും പൊന്നിൻ കിണ്ണം നിറച്ചു പാലും
വെണ്ണയും നല്ല ചോറും ഉണ്ണാതെ പോകുന്നതെന്തേ?
പൊണ്ണാ വന്നാലു’ മെന്നീവണ്ണം വിളിക്കും ഭീമൻ
തിണ്ണം വഴിമേൽ വന്നു കണ്ണിൽ കണ്ടോരെയെല്ലാം;
ചക്കപ്രഥമനോടു വക്കാണിക്കുന്നവരെ
തക്കത്തിൽ വിളിച്ചില വയ്ക്കുന്നു ഭീമസേനൻ;
ഒക്കെപ്പറവതിനു വാക്കിന്നു ഭംഗി പോരാ
പാക്കിനും വെറ്റിലക്കും തൂക്കുപുകയിലയ്ക്കും
ആർക്കും മുഷിച്ചിലില്ല പാർക്കും പരിഷകൾക്കു
ഭോഷ്കല്ലവിടെയുള്ള സൌഖ്യത്തിനതിരില്ല;