ആ കിടിയല്ലിവനയ്യോ! നമ്മുടെ
മക്കടെ മാതുലനിങ്ങനെ കർമ്മം!
മലയൻമാരൊരുദിക്കിൽ ചെന്നു
വലയും കെട്ടിപ്പാർക്കുന്നേരം
കലയെക്കണ്ടു ഭയപ്പെട്ടൊരുവൻ
തലയും കുമ്പിട്ടോടിപ്പോയി
വലയിൽപ്പെട്ടു വലഞ്ഞതു കണ്ടു
മലയനൊരമ്പു പ്രയോഗിച്ചുടനെ
തലയിൽക്കൊണ്ടു തറച്ചു വിറച്ചൊരു
ഫലമില്ലാതെ മരിച്ചാൻ ഭോഷൻ;
നായൻമാരുടെ നായാട്ടിങ്കല-
പായം പലവിധമിങ്ങനെയുണ്ടാം.
ആയതിനൊന്നും സംഗതിയില്ല വി-
നായകജനകൻ കളിയാടുമ്പോൾ.

കാട്ടാളരാജൻതാനും കാട്ടാളസ്ത്രീയും തൻറെ
കൂട്ടാളിവൃന്ദത്തോടേ വേട്ടവിനോദം പൂണ്ടു
കുന്തീകുമാരനുടെ അന്തികം തന്നിൽച്ചെന്നു
പന്തി നിരന്നുനിന്നങ്ങന്തിയും വന്നണഞ്ഞു;

തടിച്ചോരു പന്നിവേഷം നടിച്ചോരു മൂകാസുരൻ
കടുത്തോരു കോപത്തോടങ്ങടുത്തു പാർത്ഥനെക്കൊൽവാൻ
ഉരത്ത പന്നിക്കൂറ്റൻറെ പെരുത്ത ഘോഷങ്ങൾ കേട്ടു
കരുത്തുള്ളർജ്ജുനൻ തൻറെ ഗുരുത്വംകൊണ്ടതുനേരം
അഴിച്ചു സമാധി നേത്രം മിഴിച്ചു നോക്കുന്നേരം
ഉറച്ചു തന്നുടെ ദേഹം മറച്ചുകൊണ്ടൊരു ശത്രു
ചതിച്ചു നമ്മെക്കൊല്ലുവാൻ കുതിച്ചുവന്നിതു മൂഢൻ
വധിപ്പാൻ വരുന്നവനെ വധിച്ചാൽ മൽഗുരുനാഥൻ
വിധിച്ച കർമ്മങ്ങൾക്കേതും വിരുദ്ധമല്ലതു നൂനം
പടുത്വമോടേവം ചിന്തിച്ചെടുത്തുഗാണ്ഡീവംകൈയി-
ലെടുത്തു നല്ലൊരു ബാണം തൊടുത്തു കോപം നടിച്ചു.
ഘോണിത്തടിയനെ നോക്കിയയച്ചൊരു
ബാണമതുൽക്കടമക്കിടിതന്നുടെ
ഘോണാം ചെന്നു പിളർന്നൊരു നേരം
പ്രാണങ്ങൾക്കു പ്രയാണമടുത്തു;
സംഗതി കൊള്ളാമെന്നുമുറച്ചി –
ട്ടംഗജരിപുവും ബാണമയച്ചു;
പൃഷ്ഠേ ചെന്നു തറച്ചൊരു ബാണം
പൃഷ്ഠം ഝടിതി പിളർന്നു തിരിച്ചു
വന്നു പതിച്ചെന്നോർത്തു കിരീടി
ചെന്നു കരത്തിലെടുത്തൊരു സമയം
വന്നു സമീപേ നിന്നു കിരാതൻ
ഒന്നു കയർത്തു പറഞ്ഞുതുടങ്ങി: