നാടു നടുങ്ങി, നാലു നിലയും കുലുങ്ങി, മാനും
കലയും നടുങ്ങി, തമ്മിൽ കലഹം മുഴുത്തനേരം
മലമകളതുനേരം തലയുമഴിഞ്ഞു കുത്തു-
മുലയും തുളുമ്പിച്ചെന്നു കലഹം ശമിപ്പിപ്പാനായ്
പലവാക്കുമരുൾ ചെയ്തു ഫലമില്ലെന്നോർത്തു മാറി
പരിചോടേ പാർവ്വതിയും, കലശൽ പിന്നെയുമേറി.
മലമകൾ ഭഗവതി പുനരതുനേരം
വലരിപുസുതനുടെ ബാണമശേഷം
മലർസമമാകെന്നരുളിച്ചെയ്തു
മലർശരനായി മഹേന്ദ്രതനൂജൻ;
ശരധിയിലൊരു ശരമില്ലാതാകെ-
ന്നരുൾ ചെയ്തു ഗിരിനന്ദിനിയപ്പോൾ
ഇല്ലെന്നാകിൽ ശരവും വേണ്ടാ
നല്ല തരം പുനരെന്നു കിരീടി
വില്ലുവലിച്ചഥ തല്ലു തുടങ്ങി
മുല്ലശരാരിയെ വിരവൊടു പാർത്ഥൻ;
ഹരനുടെ ജടയിൽ കുടികൊണ്ടീടിന
സുരനദിയാകിയ ഭഗവതിയപ്പോൾ
വലരിപുസുതനുടെ വില്ലു പിടുങ്ങി-
ത്തരസാ തന്നുടെ തിരയിലൊളിച്ചു
ചാപം പോയൊരു സമയേ വിജയൻ
കോപം പൂണ്ടു മരങ്ങൾ പറിച്ചു
താപസവന്ദിതനാകിയ ശിവനെ
ത്താഡനപീഡനമങ്ങു തുടങ്ങി;
ത്രീക്ഷണനും ഹരിസുതനും തമ്മിൽ
വൃക്ഷം കൊണ്ടുമടിച്ചു പിടിച്ചും
വട്ടം തിരിക ചവിട്ടുക മുട്ടുക
കട്ടയിലിട്ടു ചവിട്ടിയുരുട്ടുക
തള്ളുക കിള്ളുക തങ്ങളിലിങ്ങനെ
തുള്ളിയുലഞ്ഞു വലഞ്ഞു കിരീടി.

തല്ലും ചവിട്ടും കൊണ്ടങ്ങെല്ലും പൊടിഞ്ഞു പിന്നെ
പല്ലും കൊഴിഞ്ഞു മദമെല്ലാം ശമിച്ചു പാർത്ഥൻ
വല്ലാതെ ഭൂമൌ വീണാൻ വില്ലാളിമാരിൽ മുമ്പൻ
അല്ലൽ മുഴുത്തു പാർത്ഥൻ ഉള്ളിൽ വിചാരം പൂണ്ടു

പദം: ദ്വിജാവതി – ആദി