അബ്ദമെത്രയോ പോയി ഭിക്ഷുവും നായാടിയു
മിത്തരം സംഭാഷണം ചെയ്തകന്നതില്‍പ്പിന്നെ.
ധാത്രിയെന്തതിന്‍ പൊരുളെന്നിന്നുംധരിപ്പീല;
ധാത്രിതന്നുറക്കുപാട്ടായതിന്നീവാഗ്വാദം.
പന്കമറ്റുണ്ടായ് പോലും ഭാരതോര്‍വിയില്‍പ്പണ്ടു
ശന്കരാചാര്യര്‍ക്കൊരു ചണ്ഡാലമഹാചാര്യന്‍;
എന്നതാനീയൈതിഹ്യമര്‍ത്ഥവാദാകാരത്തില്‍
പ്പിന്നാളില്‍ സത്യാനൃതമെന്തതില്‍ച്ചേര്‍ന്നീടിലും.
എന്താവാമിതിന്‍ സാരം? സംഭൂതനെന്നായ് വരാം
മന്താവാം മഹാനേകന്‍ മാതംഗവംശത്തിന്കല്‍.
ചേണെഴും ശ്രീകാശിയിലക്കാലമാടിപ്പാടി
തൂണിലും തുരുമ്പിലും ശ്രുത്യന്തരസരസ്വതി;
അദ്ദേശപ്രാന്തത്തിന്കല്‍ വാണിടും വ്യാധന്‍പോലു
മദ്വൈതജ്ഞാനം നേടിജ്ജീവന്മുക്തനായ്ത്തീര്‍ന്നു.
ഉപരിഗ്രന്ഥങ്ങള്‍ തന്‍ പഠനം കൊണ്ടല്ലാതെ
യപരോക്ഷാനുഭൂതി വരികില്ലെന്നില്ലല്ലോ.
ശുദ്ധനാമദ്ദേഹത്തിന്‍ മുന്നില്‍  എന്തോതാം?  ഒരു
പുസ്തകം തിന്നും പുഴ പൂജ്യനാം ജഗല്‍ഗുരു!
ആചാര്യന്‍ തപസ്വിയാമന്നിഷാദനെപ്പറ്റി
രാജാവിന്‍ മുന്നില്‍ക്കടന്നാക്രോശം തുടര്‍ന്നീല;
ജ്ഞാനമെങ്ങങ്ങേ മേന്മ, ജാതിക്കോല്‍ കൊണ്ടല്ലതിന്‍
മാനമെന്നോര്‍ത്തങ്ങോട്ടു കൈ കൂപ്പിയത്രേനിന്നു.

ആത്മജ്ഞനാമാവ്യാധനാചാര്യഗുരുവെങ്കി
ലാത്മജ്ഞാനാപ്തിക്കേതു തദ്വംശ്യര്‍ക്കപാത്രത്വം?