സ്വര്‍ഗ്ഗവും നരകവും
ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

നാകമാം വെണ്മാടവും നാരകച്ചളിക്കുണ്ടും
ലോകനായകന്‍ തീര്‍ത്തുമര്‍ത്ത്യരോടരുള്‍ചെയ്തു;
‘എങ്ങോട്ടു പോകും നിങ്ങള്‍?’ ഏവരും ചൊന്നാരൊപ്പം
‘ഞങ്ങള്‍ പോംവെണ്മാടത്തില്‍; കണ്ടില്‍ച്ചെന്നെവന്‍വീഴും?’
‘ഒന്നു നില്ക്കുവിന്‍ വത്സര്‍’ എന്നോതി ക്ഷണം തീര്‍ത്താന്‍
പൊന്നിനാല്‍ക്കുണ്ടിന്‍ പാത വര്‍ഷിച്ചാന്‍ രത്‌നങ്ങളെ;
കണ്മുനത്തെല്ലാല്‍ വിശ്വം കാല്‍ക്കീഴിലാക്കും വേശ്യ
പ്പെണ്‍മണിക്കൂട്ടത്തെയും നിര്‍ത്തിനാനെങ്ങും നീളെ.
കണ്ടകം വാരിത്തൂകി വാളിന്‍ വായ്ത്തലയ്‌ക്കൊപ്പം
വിണ്ടലപ്പാതയ്ക്കുള്ള വിസ്താരം ചുരുക്കിനാല്‍;
ത്യാഗിതന്നധ്വാവെന്നു കൈകാട്ടിത്തൂണ്‍നാട്ടിനാന്‍
ഭീകരം മരുപ്രായമമ്മാര്‍ഗ്ഗം സുദര്‍ഗ്ഗമം.
‘പോരുവിന്‍ വേണ്ടും വഴി’ ക്കെന്നജന്‍ ചൊല്ലും മുന്നേ
നാരകം നരാകീര്‍ണ്ണം ! നിര്‍മ്മര്‍ത്ത്യഗന്ധം നാകം ! !

മണിമഞ്ജുഷ