പ്രേമസംഗീതം

ഒരൊറ്റമതമുണ്ടു ലകി,ന്നുയിരാം പ്രേമം; അതൊന്നല്ലോ
പരക്കെ നമ്മെപ്പാലമൃതൂട്ടും പാര്‍വണശശിബിംബം
ഭക്ത്യനുരാഗദയാദിവപുസ്സാപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു.
അതിന്നൊരരിയാം നാസ്തിക്യംതാന്‍ ദ്വേഷം; ലോകത്തി
ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം.
മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്,
മടുമലര്‍വാടിക മരുപ്പറമ്പായ്, വാനം നാരകമായ്.

2

പദങ്ങളന്വയമാര്‍ന്നേ വാക്യം ഭവിപ്പു സാര്‍ത്ഥകമായ്;
ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നല്കൂ.
പരാര്‍ദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?
പരാനപേക്ഷം പ്രാണിക്കമരാന്‍ പഴുതില്ലൊരിടത്തും;
പരന്‍പുമാനും പ്രകൃതിസഹായന്‍പ്രപഞ്ചഘടനത്തില്‍.
പേര്‍ത്തും തമ്മില്‍ പൃഥ്‌വ്യപേ്തജോവായ്വാകാശങ്ങള്‍
പിണയ്പുമേന്മേല്‍ സൃഷ്ടിയിലീശന്‍; പിരിപ്പു സംഹൃതിയില്‍
വരിഞ്ഞു നില്‌പൊരു സുമമളിയെത്തന്‍ വിശിഷ്ടഗന്ധത്താല്‍
വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പുസവിധത്തില്‍
മധുവ്രതത്തിനു മടുമലര്‍ വേണം മനം കുളിര്‍പ്പിപ്പാന്‍
മലര്‍ന്ന പൂവിനു വണ്ടും വേണം മന്നിതു വിണ്ണാവാന്‍
പ്രജകള്‍ ജഗത്തില്‍ സുകൃതികള്‍ ജായാപതികള്‍ നടും ശുഭമാം
പരസ്പരപ്രണയാമരതരുവിന്‍ ഫലപ്രകാണ്ഡങ്ങള്‍
ചൂടാന്‍മലരും ഘനമായ്‌ത്തോന്നിനദോഹദകാലത്തില്‍
ചുമന്നിരിപ്പൂ ദുര്‍ഭരഗര്‍ഭം സുഖേന ജനയിത്രി
പിതാവു, മാതാ, വുടപ്പിറന്നോര്‍ ബാന്ധവരിഷ്ടന്മാര്‍
പ്രേയസി, മക്കള്‍, ഭുജിഷ്യര്‍ തുടങ്ങി പ്രേമപരാധീനര്‍
പരിചരണോദ്യതര്‍ പലജീവികള്‍തന്‍ പരിതഃസ്ഥിതിമൂലം
പദേപദേ നാം പ്രമുദിതര്‍ കാണ്മൂ ഭവാബ്ധി ഗോഷ്പദമായ്

3

പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ;
പ്രപഞ്ചമസ്മദ്വചനാമ്രേജനപണ്ഡിതമാം കീരം
പ്രപഞ്ചമസ്മല്‍ഭാവവിഡംബന പാടവമാര്‍ന്ന നടന്‍;
പ്രപഞ്ചഭൂമിയില്‍വിതച്ചവിത്തിന്‍ ഫലത്തെ നാം കൊയ്‌വൂ;
പ്രപഞ്ചമരുള്‍വൂ പട്ടും വെട്ടും പകരത്തിനുപകരം.
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം,
വെണ്മ മനസ്സില്‍ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം.
പേശലമല്ലൊരു വസ്തുവുമുലകില്‍ പ്രേക്ഷകനില്ലെന്നാ,
ലീശ്വരസൃഷ്ടിയിലെങ്ങെങ്ങില്ലീയിതരേതരയോഗം?
പദാര്‍ത്ഥനിരതന്‍ പ്രകൃതിജഭാവം പരസ്പരാകര്‍ഷം;
പ്രാണികുലത്തിന്‍ പ്രഥമാത്മഗുണം പരസ്പരപ്രേമം.
നമിക്കിലുയരാം, നടുകില്‍ത്തിന്നാം, നല്‍കുകില്‍ നേടിടാം;
നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ
മനവും മിഴിയും നാവും കരവും മന്നിന്‍ മാലകലാന്‍
മഹാനുകമ്പാമസൃണിതമാക്കും മനുഷ്യര്‍ ദേവന്മാര്‍
പാഷാണൗഷധിപക്ഷിമൃഗാദികള്‍ പല പല വടിവുകളില്‍
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി.
പേര്‍ത്തും നമ്മിലുമവയിലുമൊപ്പം പ്രേക്ഷിപ്പോര്‍ക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം.
ഉലകാമുത്തമവിദ്യാലയമിതിലുപകാരോപനി,ഷ
ത്തോതിക്കോനവനുപദേശിപ്പതുമുറക്കവേ കേള്‍ക്കാം.
ഏകോദരസോദരര്‍ നാമേവരു,മെല്ലാജീവികളും
ലോകപടത്തില്‍ത്തമ്മിലിണങ്ങിടുമോതപ്രോതങ്ങള്‍
അടുത്തുനില്‌പോരനുജരെ നോക്കാനക്ഷികളില്ലാത്തോര്‍
ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
അഹോ! ജയിപ്പൂ ജഗദാധാരമൊരത്ഭുതദിവ്യമഹ
സ്സഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം.
ആഴ് വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യന്‍പുലയനിലു
ണ്ടാദിത്യനിലുണ്ടണുകൃമിയിലുമുണ്ടതിന്‍ പരിസ്ഫുരണം
അരചര്‍ക്കരചനുമടിമയ്ക്കടിമയുമഭിന്നര്‍; ഉള്ളിലവര്‍
ക്കതില്‍ക്കൊളുത്തിന തിരിതാന്‍ കത്തുവതന്തഃകരണാഖ്യം.

4

നമോസ്തുതേ മജ്ജീവനദായക! നടേശ! പരമാത്മന്‍!
നരാഖ്യമങ്ങേ നര്‍ത്തകഗണമിതില്‍ ഞാനുമൊരല്പാങ്ഗം.
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;
വിശ്വപ്രിയമായ് നടനം ചെയ് വതു വിധേയനെന്‍കൃത്യം.

അരങ്ങുലയ്ക്കാനരചന്‍ മതിയാമതിനു കൊഴുപ്പേകാ
നനുചരനാവാ, മണിയാടകളല്ലഭിനയമതു സിദ്ധം.
അകമേ നിലകൊണ്ടതാതുചുവടുക,ളാമരുതെന്നുതിരി
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യര്‍ ധരിക്കാതെ.
അതൊന്നു കാണ്മാന്‍ മിഴികള്‍ തുറന്നാലന്നിമിഷംമുതല്‍ ഞാ
നരങ്ങുമണിയറയും പുകഴും മട്ടാടാനതുചതുരന്‍.
പരാപരാത്മന്‍! ഭക്ത്യഭിഗമ്യന്‍ ഭവാനെയാര്‍ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാല്‍?
പരസുഖമേ സുഖമെനിക്കു നിയതം, പരദുഃഖം ദുഖം;
പരമാര്‍ത്ഥത്തില്പ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനും; അവ രണ്ടും
പരാര്‍ത്ഥമാക്കുക പകലും രാവും; പ്രഭോ! നമസ്‌കാരം!

മണിമഞ്ജുഷ 1933