പുലയരുടെ (ഉത്തരകേരളം) അനുഷ്ഠാനപരമായ ഒരു പാട്ട്. സൃഷ്ടിപുരാവൃത്തമാണ് അടിതളിപ്പാട്ടിലെ ഉള്ളടക്കം. കായവെള്ളാട്ടി പുലരുവാന്‍ ഏഴരനാഴികയുള്ളപ്പോഴേ എഴുന്നേറ്റ് അടിതളി നടത്തുന്നു. അവള്‍ ശ്രീഭഗവാനെ പള്ളിയുണര്‍ത്തി. തേവാരത്തിന് പൂവ് കൊണ്ടുവരുവാന്‍ പൂമാണികള്‍ ഇല്ലാത്തിനാല്‍ ദൈവം പൂമാണികളെ സൃഷ്ടിച്ചു. പൂവിനു പോയ പൂമാണികള്‍ തിരിച്ചുവരാത്തതിനാല്‍ അവരെ അന്വേഷിച്ച് ശ്രീഭഗവാന്‍തന്നെ പുറപ്പെട്ടു. അര്‍ജുനമലയ്ക്കു ചെന്നപ്പോള്‍ അര്‍ജുനക്കിടാവ് മലചവിട്ടി വിറപ്പിക്കുകയായിരുന്നു. ശ്രീഭഗവാന്‍ അവനെ വാളുകൊണ്ടെറിഞ്ഞ് മുറിക്കുകയും 'കിഴക്കിനേന്‍ കൊറ്റി'യായി അവനെ മാറ്റുകയും ചെയ്തു. പൂമാണികളെ ശ്രീഭഗവാന്‍ അവിടെ കണ്ടെത്തി. ആനപ്പുറത്തിരുന്ന് കുതിരപ്പുറത്ത് കാലുനീട്ടിയാണ് ശ്രീഭഗവാന്‍ പിന്നെ യാത്രതിരിച്ചത്. തേവാരം കഴിഞ്ഞശേഷം ശ്രീഭഗവാന്‍ പൊന്നോലയും പൊന്നെഴുത്താണിയുമെടുത്ത് സൃഷ്ടി തുടങ്ങി; ഉദയാസ്തമയങ്ങള്‍ എഴുതി; മണ്ണുകൊണ്ട് മനുഷ്യരെ സൃഷ്ടിച്ചു. പിന്നീട് ശ്രീഭഗവാന്‍ ഉദയമലക്കോട്ടയില്‍ ചെന്നു. അസ്തമനക്കോട്ടയിലമ്മയായ അഞ്ജനാദേവി ശ്രീഭഗവാനോട്  ഉദിവെളി നടത്താത്തതിന്റെ കാരണമന്വേഷിച്ചു. മനുഷ്യര്‍ കരിഞ്ഞുപോകുമെന്നതിനാലാണത്രെ ഉദിവെളി നടത്താതിരുന്നത്. 'ആറു മറയും മറയ്ക്കകത്തുനിന്ന് ഏഴുകതിര്‍വച്ചും പൊന്‍കതിര്‍വച്ചും' ഉദിവെളി നടത്തുവാന്‍ അഞ്ജനാദേവി അപേക്ഷിച്ചു. ശ്രീഭഗവാന്‍ അതുപ്രകാരം ഉദിവെളി നടത്തിയതായി 'അടിതളിപ്പാട്ടി'ല്‍ വര്‍ണ്ണിക്കുന്നു.