വീരവിരാട കുമാര വിഭോ

ചാരുതരഗുണ സാദരഭോ  മാരലാവണ്യ

നാരി മനോഹരി താരുണ്യ

ജയ ജയ ഭൂമി കാരുണ്യ

വന്നീടുക ചാരത്തിഹ പാരിത്തവ

നേരത്തവരാരുത്തര

സാരസ്യസാരമറിവതിനും

നല്ല മാരസ്യ ലീലകള്‍ ചെയ്‌വതിനും

നാളീക ലോചനമാരേ നാം

വ്രീള കളഞ്ഞു വിവിധമോരോ

കേളികളാടി മുധരാഗ മാലകള്‍ പാടി

കരം കൊട്ടി ചാലവേ ചാടി

തിരുമുന്നില്‍ താളത്തൊടു മേളത്തൊടു

മേളിച്ചനുകൂലത്തൊടു

ആളികളേ നടനം ചെയ്യേണം

നല്ല കേളി ജഗത്തില്‍ വളര്‍ത്തേണം

ഹൃദ്യതരമൊന്നു പാടീടുവാന്‍

ഉദ്യോഗമേതും കുറയ്ക്കരുതേ

വിദ്യുല്ലതാംഗീ ചൊല്ലീടുക പദ്യങ്ങള്‍ ഭംഗി

കലര്‍ന്നു നീ സദ്യോമാതംഗീ

ധകണം ധകതിമിതദ്ധയ്യ തദ്ധോം

ധകണം ധകതിമിതദ്ധയ്യ തദ്ധോംമെന്നു  

മദ്ദളം വാദയ ചന്ദ്രലേഖ നല്ല

പദ്യങ്ങള്‍ ചൊല്ലു നീ രത്‌ന രേഖേ

പാണീവളകള്‍ കിലുങ്ങീടവേ പാരം

ചേണുറ്റ കൊങ്ക കുലുങ്ങീടവേ

വേണിയഴിഞ്ഞും നവസുമ ശ്രേണി പൊഴിഞ്ഞും

കളമൃദു വാണി മൊഴിഞ്ഞും സഖി ഹേ

കല്യാണി കളവാണി ശുകവാണി സുശ്രേണീ

കല്യാണി ഘനവാണി ശുകവാണീ നാ

മിണങ്ങിക്കുമ്മിയടിച്ചീടേണം നന്നായ്

വണങ്ങിക്കുമ്മിയടിച്ചീടേണം