തെക്കന്‍പാട്ടുകളില്‍ മുഖ്യമായൊരു കഥാഗാനം. പതിനാറാം ശതകത്തില്‍ തിരുവിതാംകൂര്‍ രാജവംശത്തിലെ അംഗങ്ങള്‍ തമ്മിലുണ്ടായ മാത്സര്യത്തെയും അന്തച്ഛിദ്രത്തെയും പറ്റിയാണ് അഞ്ചുതമ്പുരാന്‍ പാട്ടില്‍. ചീരാട്ടുപോര്, മാടമ്പുകഥ, പെരുങ്കുളത്തുപോര്, ഏര്‍വാടിപ്പോര് എന്നീ ഭാഗങ്ങളാണ് അടങ്ങിയിട്ടുള്ളത്. അഞ്ചു തമ്പുരാക്കന്മാരെപ്പറ്റില്‍ ഇതില്‍ പ്രസ്താവിക്കുന്നു. ഓടനാട്ടുനിന്ന് വേണാട്ടിലേക്ക് ദത്തെടുത്ത രണ്ട് രാജകുമാരന്മാരും വഞ്ചി ആദിത്യവര്‍മ്മ എന്ന അനന്തരാവകാശിയും തമ്മിലുണ്ടായ സ്ഥാനാരോഹണത്തര്‍ക്കമാണ് ചീരാട്ടുപോരിലെ പ്രതിപാദ്യം. സകലകലാ മാര്‍ത്താണ്ഡവര്‍മ്മയുടെ അനന്തരവനായ ആദിത്യവര്‍മ്മയുടെ തിരുമാടമ്പിനെക്കുറിച്ചുള്ളതാണ് മാടമ്പുകഥ. രവിവര്‍മ്മാവിന്റെ ചില ദേശങ്ങള്‍ ചങ്കിലി മാര്‍ത്താണ്ഡവര്‍മ്മ കൈയടക്കുകയും രവിവര്‍മ്മ സകലകലാ മാര്‍ത്താണ്ഡവര്‍മ്മയെ ശരണം പ്രാപിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പലകല ആദിത്യവര്‍മ്മ പെരുങ്കുളത്തും ഏര്‍വാടിയിലും ചെന്ന് ചങ്കിലിയെ തോല്‍പ്പിക്കുകയും, മടക്കത്തില്‍ സ്ഥാനമോഹിയായ പലകല ആദിത്യവര്‍മ്മ ആഭിചാര പ്രയോഗംകൊണ്ട് സകലകലയെ നിഗ്രഹിക്കുകയും വിവരമറിഞ്ഞ് ഓടിയെത്തിയ കലയപ്പെരുമാളെ കൊല്ലിക്കുകയും അമ്മാവനെ കൊല്ലുവാന്‍ അയയ്ക്കപ്പെട്ട ബാധ മരുമകനെയും ബാധിക്കുകയും പറമണ്ണാന്‍ ബാധയെ പിടിച്ചുകെട്ടി കൊണ്ടുപോകയും വഴിക്കുവച്ച് ഇരവിപ്പിള്ള കയര്‍ത്തതിനാല്‍ ആ മന്ത്രവാദി ബാധയെ അഴിച്ചുവിടുകയും, ബാധ തിരികെവന്ന് പകലകല ആദിത്യവര്‍മ്മയെ കൊല്ലുകയും, മരണമടഞ്ഞവരെല്ലാം ദുര്‍ദേവതമാരായി ഇരവിപ്പിള്ളയെ കുടുംബസമേതം നശിപ്പിക്കുകയും ചെയ്തതായി വര്‍ണ്ണിക്കുന്നതാണ് മറ്റു രണ്ടു ഭാഗങ്ങള്‍. ആ ദുര്‍ദേവതകള്‍ക്ക് ഊട്ടും പാട്ടും നല്‍കിയതുകൊണ്ടാണ് അവ അടങ്ങിയത്. കഴക്കൂട്ടത്തുപിള്ളയും ഒരു മാടനായി മാറി. ചരിത്രപരമായ ഈ കഥാഗാനം തിരുവിതാംകൂര്‍ ചരിത്രത്തിലേക്ക് വെളിച്ചം പകരുന്നു. അതോടൊപ്പം പ്രാക്തന വിശ്വാസങ്ങളെയും അനാവരണം ചെയ്യുന്നു.