എ.വി. സന്തോഷ്‌കുമാര്‍

ഒരു കൂനമണ്ണിന്മേല്‍
ഒരു മരത്തിനായി ധ്യാനിച്ച്
ഞാനടയിരുന്നു
കരിയായിരുന്നു അത്
ഒരു കല്‍ക്കരി തുണ്ട്
കല്‍ക്കരി തുണ്ടില്‍ ഒരു കിളിക്കായി ധ്യാനിച്ച്
ഞാനടയിരുന്നു
വേരായിരുന്നു അത്
വെട്ടിയമരത്തിന്റെ
ആഴത്തിലോടിയ വേര്
വേരിലിരുന്ന്
ഒരിലയ്ക്കായി ധ്യാനിച്ച്
ഞാനടയിരുന്നു
കുളിരായത് ഇളംകാറ്റ്
കാറ്റുകൊണ്ടുവന്ന പൂമണം
പേറുന്ന പൂമ്പൊടി
പുരണ്ട തേനുണ്ട വണ്ടായി-
പിറന്ന കുഴിയില്‍
കയറ്റം പഠിക്കുന്ന കുഴിയാനകളെ
നിങ്ങള്‍ കുഴിച്ചെടുത്ത
തുണ്ടുമണ്ണില്‍
ഒരു മരത്തിനായി ധ്യാനിച്ച്
ഞാനടയിരിക്കുന്നു.

santhosh.udinur@gmail.com