കൊന്നമൂട് വിജു

 

ഗ്‌ളാഡിയെ
ഇന്നലെകളില്‍ കണ്ടിരുന്നു
എട്ടാം ക്‌ളാസ്‌സില്‍ പഠിക്കുമ്പോള്‍
സ്വയംഭോഗിച്ചതിന്
അമ്മ വഴക്കു പറഞ്ഞപ്പോള്‍
നാടുവിട്ടതാണ്.

ലാലുവിനെ
ഈയിടെ കണ്ടു.
കുറേ തടിച്ചിരിക്കുന്നു.
അന്ന് എന്നോടൊപ്പം
സ്‌കൂളില്‍ വന്നിരുന്ന
അവളുടെ തനിപ്പകര്‍പ്പ്
കൂടെ വിരലില്‍ത്തൂങ്ങി നടക്കുന്നു.

ബിനോദ്
ഇപ്പോള്‍ ഇവിടെയൊക്കെയുണ്ട്
സ്വയം വളര്‍ന്നു കോടീശ്വരനായിട്ടും
എന്നെ മറക്കാത്തവന്‍,
ഞാനും ഒട്ടും മറന്നിട്ടില്ല
അവനെയും കിട്ടാനുള്ള 500 രൂപയും.

സതിയും ബിനിതയും
ഇപ്പോഴും അവിവാഹിതര്‍ തന്നെ.
കാരുണ്യം വറ്റിയ
ആഗോള വിപണിയില്‍
അവരുടെ വിചാര വികാരങ്ങള്‍
വളര്‍ന്നുമുറ്റി നില്‍ക്കുന്നു.

ദമയന്തിയുടെ
കാര്യമോര്‍ത്താല്‍
കരച്ചില്‍ വരും.
അവളിപ്പോള്‍ ഒരു
വാണിജ്യകേന്ദ്രമാണ്.

ജീന,
എന്റെ ആദ്യകാമുകി
മണ്ണായി പതിനഞ്ചുകൊല്ലം കഴിഞ്ഞിട്ടും
ഇടയ്ക്കുവന്ന് കൊഞ്ചാറുണ്ട്.

ഷിബി
ഇപ്പോള്‍ ഡി.വൈ.എസ്.പി.-
യാണെന്നറിഞ്ഞു.
ഇനി അവനും എന്നെ തിരിച്ചറിയില്ല.

ബൈജു,
എന്തിനും പോന്ന ആ തന്റേടത്തെ
രക്താര്‍ബുദം കവര്‍ന്നുപോയി.
അല്ലെങ്കിലും
‘തടിയുള്ള മരത്തിലേ ഇത്തിള്‍ വീഴൂ’

തുളസിയും മുരളിയും
ഇപ്പോള്‍ അറബികളുടെ നാട്ടിലാണ്.
വരുമ്പോള്‍ ഓരോ പേന
ചോദിച്ചു വാങ്ങണം.

എങ്കിലും കഴിഞ്ഞ ദിവസം
എന്നെ അറിയില്ലേ? യെന്നു ചോദിച്ച
ആ സുഹൃത്തിനെ മാത്രം
ഓര്‍ക്കുന്നതേയില്ല.