ഷിറാസ് അലി

 

അന്യഗ്രഹങ്ങളില്‍ നിന്നും
സന്ദേശങ്ങള്‍ സ്വീകരിക്കുമ്പോള്‍
പതറരുത്
ചുണ്ടുകള്‍ വിറയ്ക്കരുത്
ഹൃദയമതിലോലം
തുടിക്കരുത്

അപരലിപികളില്‍
വീണുമായുന്ന അക്ഷരങ്ങള്‍
ഇനിയൊരിക്കല്‍
ആവര്‍ത്തിക്കാത്തതിനാല്‍

അകതാരില്‍
ഒരു നിശ്ചലനാളമായി

നാഡിപിടിച്ച്
മഹാകാലസ്പന്ദങ്ങളെണ്ണി

ഒരേദിശയില്‍
ഉലയാത്ത ശ്രദ്ധയോടെ

തള്ളിത്തള്ളിവരുന്ന
കവിതയെ അടക്കി

കാരുണ്യം ചുണ്ടിന്റെ
കോണിലൊളിപ്പിച്ച്

ധ്യാനനിമഗ്നനാകുക…

വൃദ്ധതാരങ്ങള്‍
വിസര്‍ജ്ജിക്കുന്ന
ഗാമാരശ്മികള്‍ കവര്‍ന്ന്
കനവുടഞ്ഞു ചിതറുന്ന
വിസ്‌ഫോടനങ്ങളുടെ
തീക്കുടുക്കകള്‍
കത്തിച്ചെറിയുമ്പോള്‍
നേര്‍ത്ത ഹൃദയഭിത്തികള്‍
തകര്‍ന്നു മരിച്ചുവീഴരുത്

യോഗസമാധിയിലെന്നോണം
പുറംകണ്ണുകള്‍ പൂട്ടി
ഒരേയിരുപ്പില്‍
രേഖകള്‍ വായിച്ചുപോകുക

തെര്യപ്പെടുത്തട്ടേ,
ഒരു സന്ദേശം
ഒരിക്കല്‍ക്കൂടി
ആവര്‍ത്തിക്കുന്നില്ല.