സി.പി. ജോണ്‍

ഇന്ത്യന്‍ ഭാഷകളില്‍ മാര്‍ക്‌സിനെക്കുറിച്ചുള്ള ആദ്യപുസ്തകമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള രചിച്ച ‘കാറല്‍ മാര്‍ക്‌സിനെപ്പറ്റി’. 1912 ആഗസ്റ്റില്‍ പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തിന്റെ നൂറാം വാര്‍ഷികമാണിപ്പോള്‍.

കേരളത്തില്‍ രാഷ്ര്ടീയപ്പാര്‍ട്ടികള്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ വൈകിയാണ് രൂപംകൊണ്ടത്. 1885ല്‍ തന്നെ കോണ്‍ഗ്രസ് സ്ഥാപിതമായി. 1920 ആകുമ്പോഴേക്കാണ് കേരളത്തില്‍ കോണ്‍ഗ്രസ് സജീവമായി പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1920ല്‍ സ്ഥാപിതമായെങ്കിലും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകമുണ്ടാകുന്നത് 1939ല്‍ ആണ്. പക്ഷെ രാഷ്ര്ടീയപ്പാര്‍ട്ടികള്‍ രൂപീകരിക്കപ്പെടുന്നതിനുമുമ്പുതന്നെ ആധുനിക രാഷ്ര്ടീയം ഉരുത്തിരിയാന്‍ തുടങ്ങിയിരുന്നു. നമുക്കത്ഭുതം തോന്നും, ഇതിന് നേതൃത്വം കൊടുത്തത് പത്രപ്രവര്‍ത്തകരായിരുന്നു; മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തന്നെയായിരുന്നു. രാഷ്ര്ടീയപ്പാര്‍ട്ടികള്‍ ഉദയംകൊള്ളുന്നതിനു മുമ്പുതന്നെ കാറല്‍ മാര്‍ക്‌സിനെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും സുവ്യക്തമായ ധാരണകള്‍ കേരളത്തിലെ ജനങ്ങള്‍ക്കുണ്ടാക്കുന്നതിനു വേണ്ടി നീണ്ട ലേഖനങ്ങള്‍ എഴുതിയ ആളാണ് സ്വദേശാഭിമാനി.

1912ല്‍ മാര്‍ക്‌സിനെക്കുറിച്ച് സ്വദേശാഭിമാനി എഴുതിയ പുസ്തകത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ് കേരളം. മാര്‍ക്‌സിനെക്കുറിച്ച് അതിനുശേഷം നിരവധി ലേഖനങ്ങളും പുസ്തകങ്ങളും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട് എങ്കിലും ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, ഏറ്റവും കൃത്യമായി മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും കുറിച്ച് വിശകലനം ചെയ്ത് എഴുതിയത് സ്വദേശാഭിമാനി തന്നെയാണ് എന്നുപറയാം. മാര്‍ക്‌സിസത്തെക്കുറിച്ച് മലയാളത്തില്‍ ഏറ്റവും ആധികാരികമായെഴുതിയ ഇ.എം.എസ്., ടി. ദാമോദരന്‍, ഉണ്ണിരാജ, എന്‍.ഇ. ബലറാം തുടങ്ങിയവരുടെയെല്ലാം ലേഖനങ്ങള്‍ അല്ലെങ്കില്‍ പുസ്തകങ്ങള്‍ മോശമായിരുന്നു എന്നല്ല ഇതിനര്‍ത്ഥം. രാമകൃഷ്ണപിള്ള എഴുതുമ്പോള്‍ മാര്‍ക്‌സിസത്തോടൊപ്പം മാര്‍ക്‌സിനെയും അവതരിപ്പിച്ചിരുന്നു. മാര്‍ക്‌സ് എന്ന മനുഷ്യനെയും മാര്‍ക്‌സിസമെന്ന രാഷ്ര്ടീയ തത്ത്വശാസ്ര്തത്തെയും ഒരുമിച്ച് ഗവേഷകര്‍ക്കായി വ്യക്തതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് രാമകൃഷ്ണപിള്ളയുടെ നേട്ടം.