പി.ശ്രീകുമാര്‍

നിഴൽ, പ്രകാശത്തിൻറ്റെ ദുഃഖം.

സത്യത്തിൻറ്റെ മുഖം.

സൂര്യനും, നക്ഷത്രങ്ങളും, ആകാശവും നിഴൽ കാണുന്നില്ല….

പാറി നടക്കുന്ന ചിത്രശലഭങ്ങൾ നിഴൽ കാണുന്നില്ല.

എപ്പോഴും ഒഴുകി നടക്കുന്ന ഞാനും.

അങ്ങകലെ ആ കുന്നിൻചരുവിൽ കുറെ നിഴലുകൾ.

അവ നിഴലുകളാണോ അതോ…….

അല്ല, നിഴലുകളല്ല……. . കുറെ മനുഷ്യർ.

എന്തോ തേടി, എന്തോ നേടി, എവിടേക്കോ അലയുന്ന കുറെ മനുഷ്യർ. കാലം നിഴലുകളായി പെയ്തൊഴിയുന്നതറിയാതെ അവരും.

ഓർമയിലൊരു കുന്നിൻചെരിവ് കടന്നു വന്നു,

മായ്ച്ചിട്ടും മായാത്ത കുറെ ഓർമ്മകൾ.

ആ വീട് അത്ര വലുതല്ല, അവിടത്തെ താമസക്കാരും.

ആ വീടിൻറ്റെ മുറ്റത്തു നിറയെ പൂച്ചെടികളുണ്ട്, ശംഖുപുഷ്പവും, റോസും, മുല്ലയും, നാലുമണിപ്പൂവും.

കുറച്ചു നാളായി അവർ അവിടെ താമസം തുടങ്ങിയിട്ട്. എവിടെ നിന്നോ എത്തിയവർ.

ആ വെളുത്തു മെലിഞ്ഞ താടിക്കാരൻ, അയാളുടെ ഭാര്യയും, പിന്നെ മകളും.

ഞാൻ ആദ്യമായി ആ വീട്ടിലെത്തുമ്പോൾ അയാൾ ചാര് കസേരയിൽ കിടക്കുകയായിരുന്നു.

ഏതാണ്ട് അൻപത് വയസ്സ് കഴിഞ്ഞിട്ടുണ്ടാകും, തലമുടി നര കയറിത്തുടങ്ങി, താടിയിലും വെള്ളി രോമങ്ങൾ.

എന്നെ കണ്ട് അയാൾ നിവർന്നിരുന്നു. അയാളുടെ കണ്ണുകളിലെ തീഷ്ണത എന്നെ അലട്ടി. നിസ്സംഗമായ ആ മുഖം ഇപ്പോഴും എനിക്കോർമയുണ്ട്…..

അടുക്കളയിലാവണം, പാത്രങ്ങളുടെ കൂട്ടിമുട്ടൽ ശബ്ദം.

“വിമലേ, എനിക്കൊരു കട്ടൻചായ” ഗാംഭീര്യമുള്ള ശബ്ദം. ഭാര്യയോടാവണം.

എന്നെ നോക്കി അയാൾ ചോദ്യമെറിഞ്ഞു “എന്താ?”

“ഒന്ന് പരിചയപ്പെടാൻ…”

“അവിടിരിക്കൂ.” കസേര ചൂണ്ടി അയാൾ പറഞ്ഞു.

ആശ്വാസമായി, ഞാൻ കസേരയിലിരുന്നു.

“പറഞ്ഞോളൂ”

എന്താ പറയേണ്ടതെന്നറിയാതെ ഞാനിരുന്നു.

“പറഞ്ഞോളൂ”, അയാൾ വീണ്ടും.

നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങുന്നു, ഒച്ചിനെപ്പോലെ.

അയാൾക്കൊരു പ്രത്യേകതയുണ്ട്, ഇടയ്ക്കിടെ താടി ചൊറിയും.

വളരെ കുറച്ചു മാത്രം സംസാരിക്കും.

കണ്ണാടി ഗ്ലാസിൽ കട്ടനുമായി ആ സ്ത്രീ വന്നു. പ്രൗഢയായ ഒരു മധ്യവയസ്ക.

“വിമലേ, ആ കട്ടൻ അയാൾക്ക് കൊടുക്കൂ.”

അവർ എൻറ്റെ നേരെ ഗ്ലാസ് നീട്ടി.

ആശ്വാസം, വറ്റി വരണ്ട തൊണ്ട നനക്കാമല്ലോ. ഞാൻ ഒരു കവിൾ കട്ടൻ കുടിച്ചു.

ഈ മനുഷ്യൻ ഒരു പ്രത്യേക പ്രകൃതക്കാരൻ തന്നെ.

“ഞാൻ അടുക്കളയിലോട്ടു പോട്ടെ”.

ഞാൻ അയാളെ ശ്രദ്ധിച്ചു. അങ്ങ് ദൂരെ കണ്ണും നട്ട്, എന്തോ ചിന്തിക്കുന്ന പോലെ.

ഇടയ്ക്കിടെ താടി ചൊറിയുന്നുണ്ട്.

ഞാൻ ഒറ്റ വലിക്കു ബാക്കി കട്ടൻ കുടിച്ചുതീർത്തു.

ഗ്ലാസ് താഴെ വച്ചു.

“ഞാൻ റോഡിനപ്പുറം, ആ പൂക്കടയുടെ അടുത്താണ് താമസം”.

അയാൾ എന്നെ നോക്കി. ഒന്നും മിണ്ടാതെയുള്ള ആ നോട്ടം താങ്ങാൻ എനിക്കാവില്ലായിരുന്നു. ഞാൻ മെല്ലെ എണീറ്റു.

അയാളെ നോക്കി പറഞ്ഞു, “പിന്നൊരിക്കൽ വരാം”.

അപ്പോൾ അതാ ആ വാതിൽക്കൽ ഒരു പെൺകുട്ടിയുടെ പാതി മറഞ്ഞ രൂപം.

മകളായിരിക്കും. പൂത്തുലഞ്ഞു നിൽക്കുന്ന യൗവനം. ആ കണ്ണുകളിൽ ആർദ്രഭാവം.

ഞാൻ പടിയിറങ്ങി. മുറ്റത്ത് പൂത്തു നിൽക്കുന്ന നാലുമണിപ്പൂക്കൾ, നെല്ലി മരത്തിൽ പറ്റിപ്പിടിച്ചു കിടക്കുന്ന വള്ളികളിൽ നിറയെശംഖുപുഷ്പങ്ങൾ,

മുല്ലപ്പൂക്കളുടെ മണം രാത്രിയിലേക്ക് പടർന്നു തുടങ്ങിയിരുന്നു.

ഞാൻ റോഡിലെത്തി. ഒന്ന് നിന്നു, തിരിഞ്ഞു നോക്കണോ , വേണ്ട.

റോഡ് കുറുകെ കടന്നു ഞാൻ വീട്ടിലെത്തി.

അതാ നന്ദിനിയേടത്തി പോകാനൊരുങ്ങി നിൽക്കുന്നു.

നന്ദിനിയേടത്തി! അമ്മയുടെ ഒരകന്ന ബന്ധു. ഭർത്താവുപേക്ഷിച്ചു പോയി. ഒരു മകനുണ്ട്. മകൻ വാടകക്ക് ഓട്ടോ ഓടിക്കുന്നു. പിന്നെ ഞങ്ങളുടെ വീട്ടിൽ നിന്ന് കിട്ടുന്നതും. അതാണ് ആ കുടുംബത്തിൻറ്റെ വരുമാനം..

അച്ഛൻറ്റെ മരണശേഷം ഒരു വശം തളർന്ന് അമ്മ കിടപ്പിലായതാണ്.

ഞാൻ അവധിക്കു വരുന്നത് വരെ അമ്മയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് നന്ദിനിയേടത്തിയാണ്. ഞങ്ങൾക്കൊരത്താണിയാണ്നന്ദിനിയേടത്തിയും മകനും.

” ആഹാരം മേശപ്പുറത്തു വച്ചിട്ടുണ്ട്. അമ്മ കഴിച്ചു, മരുന്നും കൊടുത്തു.

ഞാൻ പോവുകാ, രാവിലെ വരാം”. ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

നന്ദിനിയേടത്തി ഇരുളിലേക്ക് മറഞ്ഞു.

വാതിലടച്ചു. ഞാൻ മുറിയിലെത്തി, വേഷം മാറി.

നേരെ അമ്മയുടെയടുത്തെത്തി.

“നീ എവിടായിരുന്നു?” അമ്മ.

“ഒന്ന് നടക്കാനിറങ്ങിയതാ, പിന്നെ ആ പുതിയ താമസക്കാരുടെ വീട്ടിലും പോയി”

” എവിടെ, വിമലേടെ വീട്ടിലോ?:”

“അതെ, അമ്മക്ക് അവരെ അറിയോ?”

അമ്മ പൊടുന്നനെ നിശബ്ദയായി. നിശബ്ദതയ്ക്കു ഘനം നിറച്ചു കൊണ്ട്, കറണ്ടും പോയി.

ഞാൻ മെഴുകുതിരി കത്തിച്ചു വെച്ചു.

അമ്മയുടെ കണ്ണുകളിൽ കണ്ണീരുനിറയുന്നതു മെഴുതിരി വെട്ടത്തിൽ കണ്ടു.

ഞാൻ മെല്ലെ ആ കണ്ണീരു തുടച്ചു. അമ്മയുടെ നെറ്റിയിൽ തലോടി.

“നീ മെഴുതിരി എടുത്തോണ്ടുപോയി ആഹാരം കഴിക്ക്, ഞാനുറങ്ങട്ടെ”

നന്ദിനിയേടത്തി എനിക്കിഷ്ടപ്പെട്ട മീൻകറിയും ചോറുമാണ് ഒരുക്കി വച്ചിരിക്കുന്നത്. പക്ഷെ കഴിക്കാൻ പറ്റുന്നില്ല.

അമ്മ എന്തിനാ കരഞ്ഞത്?

ഞാൻ മെഴുതിരി ഊതിക്കെടുത്തി. ഇരുട്ടിൽ നിശബ്ദത അലിഞ്ഞു ചേർന്നു.

നിമിഷങ്ങൾ കഴിയുന്തോറും എന്തോ അസ്വസ്ഥത എന്നെ ബാധിച്ചു തുടങ്ങി.

ഒരു തേങ്ങൽ കേട്ടുവോ…? ഞാൻ പെട്ടെന്ന് മെഴുതിരി കത്തിച്ചു. അമ്മയുടെ അടുത്തെത്തി. അമ്മ തേങ്ങുന്നു….

” അമ്മേ, എന്താ ഇത്….. കാര്യം പറയൂ……”

കറണ്ട് വന്നു.

അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ……..

“ലൈറ്റ് ഓഫ് ചെയ്തിട്ട് , നീ പോയി ഉറങ്ങ്.”

അമ്മ കരഞ്ഞതിന്റ്റെ കാര്യം ചോദിക്കണം, നാളെയാവട്ടെ .

ഓരോന്നോർമിച്ചു കിടന്നതറിയാം , ഉറങ്ങിപ്പോയി. മരച്ചില്ലകളിൽ തൂങ്ങിനിന്നു കത്തുന്ന സൂര്യനെ സ്വപ്നം കണ്ടു.

കാളിങ് ബെൽ കേട്ടാണുണർന്നത്, നന്ദിനിയേടത്തി വന്നു.

പ്രഭാതത്തിൻറ്റെ കലമ്പലുകൾക്കിടയിൽ ഞാൻ കുളി കഴിഞ്ഞെത്തി.

അമ്മ ഇഡ്ഡലി കഴിക്കുന്നു. എത്ര ശ്രദ്ധയോടെയാണ് നന്ദിനിയേടത്തി ഓരോ കാര്യവും ചെയ്യുന്നത്.

“നീ കാപ്പി കഴിച്ചിട്ട് വാ…” മേശപ്പുറത്തു ഇഡ്ഡലി റെഡി, ചായയും.

കൈ കഴുകാൻ വടക്കു വശത്തിറങ്ങിയപ്പോൾ നന്ദിനിയേടത്തി ചീരക്ക് നനക്കുകയായിരുന്നു.

“നന്ദിനിയേടത്തീ , അമ്മയ്ക്കെന്താ ഒരു വിഷമം? ഇന്നലെ രാത്രി കരഞ്ഞു.”

” അതേ, ആ പുതിയ താമസക്കാര് , വിമലയും, അവരുടെ മകൾ ഇന്ദുവും ഇവിടെ വന്നിരുന്നു . ഞാൻ ആദ്യമായാ അവരെ കാണുന്നെ.അതിനുശേഷമാ അമ്മയ്ക്ക് ഈ വിഷമം .” നന്ദിനിയേടത്തി അങ്ങനെയാ, എല്ലാം കൂട്ടിവായിക്കും.

നന്ദിനിയേടത്തീടെ വാക്കുകളിലും ആ വിഷമം ഉണ്ടായിരുന്നു.

ഞാൻ അമ്മയുടെ അടുത്തെത്തി. അമ്മ വല്ലാത്ത അസ്വാസ്ഥ്യം അനുഭവിക്കുന്ന്നുണ്ട്.

“വിഷുവിങ്ങെത്തി. നീ ഒരു കാര്യം ചെയ്യണം.”

“എന്താ അമ്മേ ? ”

“നീ പോയി ഒരു പട്ടു പാവാടക്കും ഒരു പട്ടു ബ്ലൗസിനും തുണി വാങ്ങി വരണം, ഇന്ന് തന്നെ.?

” ആർക്കാ അമ്മേ?”

” നീ ഇന്നലെ പോയില്ലേ, ആ വീട്ടിലെ കുട്ടിക്കാ. എനിക്ക് പിറക്കാതെ പോയ മകളാണവൾ? ഞാൻ, ഇനി എത്ര നാൾ, ഇങ്ങനെ അനങ്ങാൻവയ്യാണ്ട്?”

ഞാൻ ഒന്നും ആലോചിക്കാൻ പോയില്ല, ഉടനെ ബൈക്കെടുത്തു നഗരത്തിലേക്ക് വിട്ടു. മനസ്സിൽ ആരൊക്കെയോ തല്ലു കൂടുന്നു. കോലങ്ങൾഉറഞ്ഞുതുള്ളുന്നു.

ഞാൻ തുണിക്കടയിലെത്തി. “ഒരു പട്ടു പാവാടക്കും, പട്ടു ബ്ലൗസിനും തുണി