കാറ്ററിഞ്ഞതും പറയാത്തതും

കാറ്ററിഞ്ഞതും പറയാത്തതും
രജനിഗണേഷ്
വഴിയിറമ്പുകളില്‍ തലയുയര്‍ത്തിനിന്ന കാട്ടപ്പച്ചെടികള്‍ പറഞ്ഞു  'രാഘവാ… നിനക്കെങ്ങനെ കഴിഞ്ഞു?'
കശുമാവിന്‍ തോപ്പില്‍നിന്നിറങ്ങി കൈതക്കാട്ടിലൂടെ പോകുന്ന കാറ്റ് ചൊല്ലി : 'എങ്കിലും രാഘവാ… നീ…'
രാഘവന്‍ നിസംഗനായിരുന്നു. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മുറിമുണ്ട് മുറുക്കിക്കുത്തി, കൈതക്കാട് കടന്ന് കശുമാവിന്‍ തോപ്പിലൂടെ തലകുനിച്ച് പോകുമ്പോഴും രാഘവന്‍ നിസംഗനായിരുന്നല്ലോ. അന്ന്, ഉമ്മറത്ത് കോടിപുതച്ച് കിടത്തിയ ഒരു ശവമുണ്ടായിരുന്നു.


മരണം ആദ്യം മലയിറങ്ങിവന്നത് ഭാസ്‌കരന്‍ കുട്ടിക്ക് വേണ്ടിയായിരുന്നു. പകല്‍വെളിച്ചം കെട്ടുതുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ശീതക്കാറ്റ് കുടഞ്ഞെറിയുംപോലെ വിറച്ചുകിടന്ന അനിയനെ മാറത്തടക്കി, രാഘവന്‍ കുഞ്ഞമ്പു വൈദ്യരുടെ അടുത്തേക്ക് ഓടി. വഴിനീളെ… ഭാസ്‌കരന്‍ കുട്ടി മഞ്ഞവെള്ളം ഛര്‍ദിച്ചുകൊണ്ടിരുന്നു. പീളകെട്ടിയ അവന്റെ കണ്ണുകള്‍ നിര്‍ജ്ജീവമായി ഏട്ടന്റെ മുഖത്ത് തറച്ചുനിന്നു. വരണ്ടുണങ്ങിയ ചുണ്ടുകള്‍ നാവുനീട്ടി നനയ്ക്കുന്നിതിനിടയില്‍ അവന്‍ ചോദിച്ചു:

'മിന്നുന്ന ചോപ്പ് കുപ്പായം ഇന്ന് മാങ്ങിത്തര്വോ ഏട്ടാ…?'

അവന്റെ സ്വരം ചിലമ്പിച്ചപോലെയായിരുന്നു. വേവലാതിപിടിച്ച മനസേ്‌സാടെ ഓടുന്നതിനിടയിലും രാഘവന്‍ പറഞ്ഞു…

'മാങ്ങാം മോനെ…'

'പൈച്ചിട്ട് കൊടലുനുറുങ്ങുണ്…'  ഒരേങ്ങല്‍പോലെ ഭാസ്‌കരന്‍ കുട്ടി പിറുപിറുത്തു. ഒന്നുംപറയാതെ ചൂടുള്ള നെറ്റിയില്‍ ചുണ്ടമര്‍ത്തി, രാഘവന്‍ വൈദ്യരുടെ വളപ്പിലേക്ക് കയറി.

നെല്ലിമരത്തിന്റെ ചോട്ടില്‍ അരിഷ്ടത്തിന്റെ ഭരണി കുഴിച്ചിടുകയായിരുന്ന വൈദ്യര്‍, തോടുകടന്നെത്തിയ രാഘവനേയും കയ്യിലെ മഞ്ഞനിറം പകര്‍ന്ന രൂപത്തേയും നോക്കി. ഉമ്മറത്തിണ്ണയില്‍ കിടത്തിയ അസ്ഥികോലത്തെ തിരിച്ചും മറിച്ചും പരിശോധിച്ചു. നെറ്റിചുളിച്ച്, നരവീണ പുരികക്കൊടികളുയര്‍ത്തി, രാഘവനെ നോക്കി. പിന്നെ, അരച്ചുരുട്ടിയ പച്ചമരുന്നിന്റെ നീര് രോഗിയുടെ വായിലും മൂക്കിലുമൊഴിച്ച്, വൈദ്യര്‍ തലയുഴിഞ്ഞു.

'അപ്പോത്തിക്കിരിയെ കാണണം… പെട്ടെന്ന്…'

ഇരുട്ടിന്റെ കൊഴുത്ത അലമാല മുറിച്ച് നീന്തി, നിലതെറ്റിയവനെപ്പോലെ, ഗ്രാമമുഖ്യന്റെ മുന്നില്‍ രാഘവന്‍ നിന്നു… പതറിയ വാക്കുകള്‍ ഇടറിവീണു…

'പാക്കരന് ജാസ്തിയാ… അപ്പോത്തിക്കിരീനെ കാണാന്‍ വൈദ്യര് പറഞ്ഞു… കായ് വേണേനും തമ്പ്രാ…'
കസേരപ്പിടിയില്‍ കൈമുറുക്കി ഗ്രാമമുഖ്യന്‍ മുറ്റത്തേക്ക് ആഞ്ഞുതുപ്പി.
'കായൊന്നുമില്ല… നീ പോ…'

രാഘവന്‍ പിന്നേയും ഓഛാനിച്ചുനിന്നു. കാലമര്‍ത്തിച്ചവിട്ടി ഗ്രാമമുഖ്യന്‍ അമറിയപ്പോള്‍… രാഘവന്‍ തിരിഞ്ഞോടി… എങ്ങോട്ടെന്നില്ലാതെ.

ഒടുവില്‍, കുടിലിന്റെ വരാന്തയില്‍… മരിച്ച് മരവിച്ച് ഭാസ്‌കരന്‍ കുട്ടി കിടന്നു.

അന്നാദ്യമായി രാഘവന്‍ കരഞ്ഞു. പൊട്ടിക്കരയുന്ന അപ്പനും അമ്മയ്ക്കും സാന്ത്വനം പകരാനാവാതെ… ഉറക്കെ. വാങ്ങിക്കൊടുക്കുവാന്‍ കഴിയാത്ത, മിന്നുന്ന ചോപ്പ് കുപ്പായം അവന്റെ കണ്ണില്‍ ചായം കലക്കി ഒഴിച്ചു.

ചാറ്റല്‍മഴയും നിലാവെയിലും ചൂടുംപേറി, കന്നിമാസം പകുതിയായി. കൊയ്ത്തിന്റെ തിരക്കായി.

കൊയ്തും മെതിയും കഴിഞ്ഞ് കൂലിനെല്ലിന് കാത്തുനിന്ന്, കിട്ടാതെ രാമനും രാഘവനും ഒടുവില്‍ കുടിയിലേക്ക് മടങ്ങുമ്പോള്‍ നേരം ഏറേ ഇരുട്ടിക്കഴിഞ്ഞിരുന്നു. വരമ്പിന്റെ പൊത്തിലെങ്ങോ പതിയിരുന്ന മരണം എപ്പോഴോ രാമന്റെ ഞരമ്പുകളില്‍ പടര്‍ന്നുകയറി. നുരയും പതയും തെറിപ്പിച്ച് പിടയുന്ന അച്ഛനെ തലച്ചുമടേറ്റി, രാഘവന്‍ മുഖ്യന്റെ കളപ്പുരയിലേക്കോടി. നെല്ല് പറയളന്ന് കൂട്ടുകയായിരുന്ന പണിയാളരുടെയടുത്ത്, കയറ്റുകട്ടിലില്‍, മുഖ്യനുണ്ടായിരുന്നു.

'അപ്പന് വിഷം തീണ്ടി തമ്പ്രാ…'  രാഘവന്‍ കരയാതെ കരഞ്ഞു.

ആരും ഒന്നും മിണ്ടിയില്ല.

കാളവണ്ടിയില്‍, വൈദ്യരുടെയടുത്ത് എത്തിച്ചാല്‍ ഒരുപക്ഷേ അപ്പന്‍ രക്ഷപ്പെടുമെന്ന് രാഘവന് തോന്നി.
'തമ്പ്രാ… വണ്ടീമ്മപ്പോയാ… അപ്പനെ…'

പറഞ്ഞുതീര്‍ന്നില്ല, അതിനുമുമ്പ് ആട്ട് കിട്ടി.

'ഫ …..ന്റെ മോനെ… നിനക്കിത്രേം അഹങ്കാരോ…? വിഷം തീണ്ടിയാ ചാവും… ചാവുമ്പം കൊണ്ടോയി കുഴിച്ചിട്…'
മുഖ്യന്‍ മുറുക്കാന്‍ ചെല്ലമെടുത്ത് തിരിഞ്ഞു നടന്നുകഴിഞ്ഞു. കങ്കാണി, രാഘവനെ പിടിച്ച് മുറ്റത്തിന് പുറത്താക്കി.
ഉണങ്ങിയ വിറകുകമ്പുപോലെ രാമനെ ചുമന്ന്, രാഘവന്‍ കുടിയിലെത്തി… അമ്മയുടെ നെഞ്ചത്തലയ്ക്കല്‍ അവന്റെ ഉള്ളില്‍ അഗ്നിയായി കത്തി. ഉള്ളം ചുട്ട് നീറിപ്പുകഞ്ഞ്, കണ്ണീരൊലിച്ച്, കണ്ണുകള്‍ ചുവന്ന് കടുത്തു.

വന്നവരൊക്കെ പിറുപിറുക്കുന്നു… 'ന്റെ ഭഗവതീ… ഇതെന്ത് കെടുതിയാ…'

കിഴക്ക് നിന്നുവന്ന കാറ്റ് മരണഗന്ധത്തോടെ കടന്നുപോയി.

കറുത്തും വെളുത്തും ദിവസങ്ങളും…

അമ്മയും മകനും ഒന്നും മിണ്ടിയില്ല. കട്ടപിടിച്ച ഇരുട്ടില്‍ പരസ്പരം കാണാന്‍ കഴിയാത്തവരെപ്പോലെ അവരിരുന്നു.
പറമ്പത്തും പാടത്തും പണിയുണ്ടായിട്ടും… രാഘവന്‍ നേരാംവണ്ണം ജോലിക്ക് പോയില്ല. ലോകമുറങ്ങിത്തുടങ്ങുമ്പോഴെപ്പോഴോ അയാള്‍ കുടിയിലെത്തും. ചിമ്മിനിവിളക്ക് കരിന്തിരികത്തി, ഒടുവില്‍ നിലാവെട്ടത്തിലും കുഞ്ഞിപ്പെണ്ണ് മകനെ കാത്തിരിക്കും. പിഞ്ഞാണപ്പാത്രത്തിലെ നാല് മണി വറ്റ് മകന് നീക്കിവച്ച്, ഉപ്പ് ചേര്‍ക്കുമ്പോള്‍… അവന്‍ മുറുമുറുക്കും…

'എനിക്ക് പയ്പ്പില്ല…'

പിന്നേയും നിര്‍ബന്ധിച്ചാല്‍, അലര്‍ച്ചയോടൊപ്പം പിഞ്ഞാണവും തെറിക്കും.

നാളേറെപ്പോകെ, രാഘവന്‍ മൗനിയായി. ആരോടും മിണ്ടാതെ… ഒന്നിനോടും പ്രതികരണമില്ലാതെ…
'ഓന് പ്രാന്താ…'  നാട്ടുകാര്‍ പറഞ്ഞു.

വൃശ്ചികത്തിലെ കുളിര്‍ വിട്ടുമാറാത്ത പ്രഭാതം. മഞ്ഞിന്റെ മറനീക്കി… സൂര്യകിരണങ്ങള്‍, നാട്ടുവഴിയിലും അടിവാരത്തും മടിയോടെ എത്തിനോക്കി… പറമ്പിലും പാടത്തും പണിത്തിരക്ക് തുടങ്ങിയിരുന്നു.

പശുക്കളെ കൊണ്ടുപോകുന്ന ചെക്കനാണ് പണിക്കാരോട് ആദ്യം ഓടിവന്ന് വിവരം പറഞ്ഞത്…

'കൈതോല കൊത്തുണിടെ കുഞ്ഞിപ്പെണ്ണ് പോതോല്ലാണ്ട് കെടക്ക്ണ്…'

പലരും അങ്ങോട്ടോടാന്‍ തുടങ്ങിയതാണ്… പിന്നെ, മുഖ്യനെ ഭയന്ന് ഒന്നറച്ചു…

ആരൊക്കെയോ ചേര്‍ന്ന് കുഞ്ഞിപ്പെണ്ണിനെ കുടിയിലെത്തിച്ചു. നനഞ്ഞ പഴന്തുണിപോലെ… ജീവനറ്റ്… ഉമ്മറത്തെ പായയില്‍ അവര്‍ കിടന്നു. തലയ്ക്കല്‍ കത്തിച്ചുവച്ച ഒറ്റത്തിരി നാളമുലഞ്ഞു. ഒരനുഷ്ഠാനംപോലെ, തെറ്റിയും തിരിഞ്ഞും വരുന്ന അയല്‍ക്കാരുടെ നേര്‍ത്ത ഏങ്ങലുകള്‍.

വന്നവരൊക്കെ അത്ഭുതം കൂറി…

'ഇതിപ്പോ… മൂന്നാമത്തെയാണല്ലോ…?'

മലയിറങ്ങിവന്ന കാറ്റിന് നല്ല തണുപ്പായിരുന്നു. മുറ്റത്തെ വെറും മണ്ണില്‍ ഒന്നുമറിയാത്തപോലെ നിര്‍വ്വികാരനായിരിക്കുന്ന രാഘവനെ, പ്രായംചെന്ന ചോയി ചുമലില്‍ തട്ടി വിളിച്ചു…

ചോയിയെ എല്ലാരും വിലക്കി…

'ഓനെ വിളിക്കണ്ട… തിരികത്തിച്ച് തുണിയിടുമ്പളൊക്കെ ഓനിങ്ങനെ ഇരിക്കേരുന്ന്… അന്നേരം തുടങ്ങിയ ഇരിപ്പാ…'
ചോയിക്ക്, എന്നിട്ടും മനസ്‌സ് കേട്ടില്ല. അയാളവനെ ആശ്വസിപ്പിച്ചു…

'സാരമില്ല മോനേ… ഇനിക്ക് ഞാളില്ലേ… സങ്കടം വന്നാലും സന്തോയം വന്നാലും ഒരുമിച്ച്…'

ചോയിയുടെ ശോഷിച്ച കൈ തട്ടിത്തെറിപ്പിച്ച് രാഘവന്‍ തൊടിയിലേക്കിറങ്ങി, തിരിഞ്ഞുനോക്കാതെ നടന്നു… ആരും അവനെ തടഞ്ഞില്ല. വഴിയിലും വീട്ടുവളപ്പിലും നിന്നവര്‍ പറഞ്ഞു…

'ഓന് പ്രാന്താ…'

അവനത് കേട്ടോ എന്നറിയില്ല. കാലുകളമര്‍ത്തിച്ചവിട്ടി, കാറ്റിനൊപ്പം കിഴക്കോട്ടേക്ക് അവന്‍ നടന്നുപോയി…
മാസങ്ങള്‍ പലത് കഴിഞ്ഞു. രാഘവന്‍ വന്നില്ല…

മുക്കവലയിലും പാടത്തും പറമ്പിലും രാഘവന്റെ തിരോധാനം സംസാരമായി.

ജനം പരസ്പരം പറഞ്ഞു…

'ഓന്റെയും കഥ കയിഞ്ഞുകാണും…'

ഒടുവില്‍ കരക്കാര്‍ രാഘവനെ മറന്നുതുടങ്ങിയിരുന്നു. പക്ഷെ, ഒളിഞ്ഞും തെളിഞ്ഞും ദുരന്തങ്ങള്‍ അവര്‍ക്ക് അടയാളമിട്ടുകൊണ്ടിരുന്നു…

ഇരുട്ടുറയുന്ന തൊടിയില്‍ മായന്‍ ഒടിവച്ച് മറഞ്ഞു…

ഏറുമാടത്തില്‍ കാവല്‍നിന്നവര്‍ അകലെ, മലമുകളില്‍ അഗ്നിഗോളംപോലെ എന്തോ കണ്ട് ഭയന്നു…

തൊഴുത്തില്‍ പശുക്കള്‍ പതിവില്ലാതെ അമറിക്കൊണ്ടിരുന്നു…

ദീപാരാധന തൊഴുതുമടങ്ങിയ ഗ്രാമമുഖ്യന്റെ മകള്‍ എന്തോകണ്ട്, പേടിച്ച്, സംസാരിക്കാന്‍ വയ്യാതെ കിടപ്പിലായി…
ഒടുവില്‍ കവിടിനിരത്തി, മുഖ്യന്റെ ഉമ്മറത്ത് ജോത്സ്യന്‍ പ്രശ്‌നം വച്ച്, വരാനിരിക്കുന്ന ഒരു മഹാദുരന്തത്തിന്റെ അടയാളമാണിതെന്ന് വിധിച്ചു.

മച്ചകത്തമ്മ മുഖ്യന്റെ തറവാട്ടുമുറ്റത്ത് മുടിയഴിച്ചിട്ടാടി… തെയ്യക്കോലത്തിന്റെ ചുവപ്പുരാശിയില്‍ രൗദ്രതാളം മുറുകി… ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ കണ്ണുകള്‍ കത്തി… പാതിരാകുളിരില്‍ കുതിര്‍ന്നുനിന്ന ജനങ്ങള്‍ ഭയഭക്തിയോടെ തൊഴുതുനിന്നു… നാലുകെട്ടിനകത്ത് അച്ചിമാര്‍ അടക്കം പറഞ്ഞു…

'എന്താപ്പാ… ദേവിക്ക് വല്ലാത്തൊരു ഭാവം…?'

കരിയെഴുതിച്ചുവന്ന വട്ടക്കണ്ണ് തുറിച്ച് കലിയടങ്ങാതെ മച്ചകത്തമ്മ മുഖ്യനെ അളന്നു… ഒരുകാല്‍ പീഠത്തിലമര്‍ത്തി, മുഖ്യന്റെ കൈപിടിച്ച് ദേവി വിറച്ചു…

'ഇതുകൊണ്ടൊന്നും തൃപ്തി പോരാ… എന്റെ പൈതങ്ങളെക്കൊണ്ട് പറയും അറയും നിറച്ചില്ലേ… അവരെ ഊട്ടിയോ നീയ്യ്… എനിക്കെന്താ തന്നത്…?  നിത്യം പൂജവേണം… നിവേദ്യം വേണം… അല്ലെങ്കില്‍ നിന്റെ കുടുംബം കടപുഴക്കും ഞാന്‍… വിടില്ല ഞാന്‍… '

മുഖ്യന്‍ ഓഛാനിച്ച് തലകുലുക്കി.

മഞ്ഞ് പെയ്യുന്നുണ്ടായിരുന്നിട്ടും അയാള്‍ വിയര്‍ത്തുകൊണ്ടിരുന്നു.

മച്ചകത്തമ്മയ്ക്ക് അറയിലും… പ്രതിരൂപമായ ദേവിക്ക് മലമുകളിലും നിത്യപൂജ തുടങ്ങി. അപ്പവും അടയും നേദ്യച്ചോറുമായി മുഖ്യന്‍, മലമുകളിലേക്ക് ആളുകളെ അയച്ചു. പീഠംകല്ലില്‍ പൂക്കള്‍ ചിതറിവീണു. ഇലക്കുമ്പിളില്‍ വേവിച്ച ഇറച്ചിയും ചിരട്ടയില്‍ മദ്യവും വച്ചു… മനമുരുകി പ്രാര്‍ത്ഥിച്ച്, അവര്‍ മലയിറങ്ങി.

ശാന്തതയുടെ മൃദുസ്പര്‍ശം കാറ്റായി… നാട്ടിവഴികളിലൂടെ ചുറ്റിയടിച്ചു.

കാലം തുടികൊട്ടി… നാട്ടിപ്പാട്ടിലൂടെ ഒഴുകി.

പുതുകൂമ്പുകള്‍ മുളയ്ക്കുകയും പൊട്ടിവിരിയുകയും ചെയ്തു.

ഉച്ചവെയില്‍ തളര്‍ച്ചയിലാണ് അയാള്‍ മലയിറങ്ങിയത്. ഉറച്ച ദേഹത്തോടെ, കരിയില ചവിട്ടിപ്പൊടിച്ച് നീങ്ങുന്ന അയാളെ ആരും കണ്ടില്ല.

ഗ്രാമം വിളവെടുപ്പിന്റെ തിരക്കിലായിരുന്നു.

ഓലപ്പന്ത് തട്ടിക്കളിക്കുന്ന രണ്ട് മൂന്ന് കുട്ടികള്‍ അങ്ങുദൂരെ മരത്തണലിലിരിക്കുന്നു. പശുക്കള്‍, തൊഴുത്തിലെ ഉച്ചവെയിലിന്റെ ആലസ്യത്തില്‍, അയവെട്ടി, കണ്ണടച്ചുകിടന്നു.

കാറ്റ് ചൂളംവിളിയോടെ കൈതക്കാട്ടിലൂടെ, കശുമാന്തോപ്പിലൂടെ നീങ്ങുമ്പോള്‍… അതിനൊപ്പം രാഘവനും നടന്നു.
ഒരോര്‍മ്മ പോലെ, ചിതലരിച്ച്… ഇടിഞ്ഞുവീണ്… മണ്‍കൂനയായ സ്വന്തം കുടി. ചുറ്റിലും നിറഞ്ഞുനിന്ന പുല്ലാനിപ്പടര്‍പ്പില്‍ ഇളംകാറ്റ് കുറുകി. കാറ്റിന്റെ കുറുകലില്‍ ചോദ്യമുയര്‍ന്നു…

'എങ്കിലും രാഘവാ… ഇത് വേണായിരുന്നോ…?'

നിലത്തെ കരിയിലക്കൂമ്പാരത്തില്‍ കണ്ണടച്ച് കിടക്കാന്‍ തുടങ്ങുന്ന രാഘവന്‍ ആ ചോദ്യം കേട്ടു…

ഒരു നേര്‍ത്ത ചിരിയോടെ, കൈകള്‍ക്ക് മുകളില്‍ തലവച്ച് അയാള്‍ പതിയെ കണ്ണുകളടച്ചു.

കാറ്റ്, അപ്പോഴും കിഴക്കോട്ടേക്കൊഴുകി…