വായാടിക്കുരുവികള്‍ (കഥ)

റീത്ത

സ്‌കൂള്‍ വാനിന്റെ ആരവം ഗേറ്റ് കടന്നുപോയി. തെന്നിത്തെറിച്ചെത്തിയ കലപിലകള്‍, ആന്‍സിയുടെ കാതില്‍ പതിഞ്ഞു. വായിച്ചുകൊണ്ടിരുന്ന മാഗസിന്‍ മടക്കി ടീപോയയില്‍ വയ്ക്കുന്നതിനിടയില്‍, ഓടിക്കിതച്ചവള്‍ അരികിലെത്തി… ജനീറ്റ… ഇളയ മകള്‍.
ചുമലില്‍നിന്ന് ഇഴുകിയിറങ്ങിയ സ്‌കൂള്‍ ബാഗ് സെറ്റിയിലേക്കെറിഞ്ഞ്, അമ്മയുടെ മടിയില്‍ മുഖം പൂഴ്ത്തി അവള്‍ കിതപ്പ് മാറ്റി. അടുത്തനിമിഷം ചാടിയെണീറ്റ്, തുള്ളിച്ചാടി.

'ഞാന്‍തന്നെ ഫസ്റ്റ്… ഞാന്‍തന്നെ ഫസ്റ്റ്… ചേച്ചി തോറ്റുപോയേ…'
ആ ശബ്ദത്തില്‍ വീടുണര്‍ന്നു.

പിന്നാലെ, അനീറ്റയുമെത്തി. മൂത്തയാള്‍.

+കയ്യിലിരുന്ന ലഞ്ച് കിറ്റ് സെറ്റിയിലിട്ട്, അവള്‍ അനിയത്തിയുടെമേല്‍ രൂക്ഷമായ ഒരു നോട്ടമെറിഞ്ഞു.
'ഇവള്‍ക്ക് ഞാന്‍ വച്ചിട്ടുണ്ട്… നോക്കിക്കോ…' ആരോടിന്നെല്ലാതെ പറഞ്ഞുകൊണ്ട് അവള്‍ സ്വന്തം മുറിയിലേക്ക് നടന്നുനീങ്ങി.

അതൊന്നും ശ്രദ്ധിക്കാതെ, ഒരു പൂമ്പാറ്റയെപ്പോലെ, ജനീറ്റ അപ്പോഴും പാറിക്കൊണ്ടിരുന്നു. തെല്ലിട ആ പ്രസരിപ്പില്‍ കുടുങ്ങിപ്പോയ മനസ്‌സിനെ വീണ്ടെടുത്ത്, ആന്‍സി, സ്വരത്തില്‍ ഗൗരവം ചാലിച്ചു
'ജനീറ്റയ്ക്കിത്തിരി കൂടുന്നുണ്ട് കേട്ടോ…'

ശബ്ദം നിലച്ചു. ജനീറ്റയുടെ മുഖത്തെ ചിരി മങ്ങിമറഞ്ഞു. അനുനയിപ്പിക്കാന്‍ എന്നോണം അവള്‍ അമ്മയുടെ അടുത്തെത്തി ചേര്‍ന്നുനിന്നു.

'ചേച്ചിയെ ദേഷ്യം പിടിപ്പിക്കരുതെന്ന് നിന്നോട് എത്രപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്, മറന്നുപോയോ?  ഇനി അവളുടേന്ന് കിട്ടുന്നത് മേടിച്ചോണം…'
അവളെ കൈത്തണ്ടയില്‍ പിടിച്ച് പതിയെ മാറ്റി.

'ഇല്ലമ്മേ… ഇനി അങ്ങനെ ചെയ്യൂല്ല…' കുസൃതി കണ്ണുകളില്‍ ഒളിപ്പിച്ച്, സങ്കടം വരുത്തി അവള്‍ കൊഞ്ചി.

'ഡ്രസ്‌സ് മാറി മേല് കഴുകിയിട്ട് വാ…'

'വിശക്കുന്നമ്മേ… കഴിച്ചിട്ട് മേല് കഴുകാം…'

'നിന്റെ സൂത്രം കയ്യിലിരിക്കട്ടെ, ആദ്യം പറയുന്നതനുസരിക്ക്…'
കിച്ചനിലേക്ക് നടന്ന ആന്‍സിയുടെ പിന്നാലെ, കിണുങ്ങിക്കൊണ്ട് അവള്‍ നടന്നു. പിന്നെ, എന്തോ ഓര്‍ത്തിട്ടെന്നവണ്ണം പിന്തിരിഞ്ഞ് മുറിയിലേക്ക് ഓടി.

ആന്‍സി ഉള്ളില്‍ ചിരിച്ചു. അല്‍പ്പം അയഞ്ഞുകൊടുത്താല്‍ തലയില്‍ ചവിട്ടിക്കയറുന്ന പ്രകൃതമാണ് ഇവള്‍ക്ക്. പക്ഷേ, അനീറ്റ അങ്ങനെയല്ല. എല്ലാക്കാര്യത്തിലും അടുക്കും ചിട്ടയുമുണ്ട്്. പഠനവും വായനയുമൊക്കെയായി അവളുടെ ലോകത്ത് കഴിയുവാനാണിഷ്ടം. അലോസരങ്ങളൊന്നുമില്ലാതിരുന്ന അവളുടെ അരികത്തേക്ക്, ഒരു വായാടിക്കുരുവിയായി ഇവള്‍ പറന്നിറങ്ങിയത് പിന്നീടാണ്… എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം.

ചേച്ചിയുടെ ചിറകിന്‍കീഴിലൊതുങ്ങാതെ, ആ വായാടിക്കുരുവി ഇഴുകിയിറങ്ങി, അവള്‍ക്ക് ചുറ്റും പറന്നു. പിന്നെ, അവളെ കളിയാക്കി ദേഷ്യം പിടിപ്പിച്ച്, കൊത്തിപ്പറന്ന് കളിച്ചു…

ചൂട് കാപ്പി ചെറുതായി തണുപ്പിച്ച് കെറ്റിലിലേക്ക് പകര്‍ന്നു. നേരത്തേ തയ്യാറാക്കിവച്ചിരുന്ന ചുരുളപ്പം നിറച്ച കാസറോളുമെടുത്ത് ഡൈനിംഗ് ടേബിളിനടുത്തെത്തുമ്പോള്‍ കുളികഴിഞ്ഞ് വേഷം മാറി അനീറ്റ എത്തി. പിയേഴ്‌സ് സോപ്പിന്റെ മണം അവളെ പൊതിഞ്ഞുനിന്നു. തലമുടിയിലെ നനവ് കണ്ണില്‍പ്പെട്ടു.

'മോളെ, തല ശരിക്കും തുവര്‍ത്തിയില്ലേ…?'

അവള്‍ തലകുലുക്കി. പിന്നെ, കസേര നീക്കിയിട്ട് അതിലിരുന്നു.

കാസറോളിന്റെ അടപ്പ് മാറ്റുമ്പോള്‍ മുഖത്ത് സന്തോഷം വിരിയുന്നത് കാണാമായിരുന്നു. തേങ്ങയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും വിളയിച്ച്, പാന്‍കേക്കിനുള്ളില്‍ നിറച്ച് ഉണ്ടാക്കുന്ന ചുരുളപ്പം അവള്‍ക്ക് ഏറെ പ്രിയമാണ്.
ബെഡ്‌റൂമിലെ വാര്‍ഡ്രോബ് വലിച്ചടയ്ക്കുന്ന ശബ്ദം. കയ്യില്‍ക്കിട്ടുന്ന ഉടുപ്പെടുത്തണിഞ്ഞ്, ചേച്ചിയെ തോല്‍പ്പിക്കാന്‍വേണ്ടി തിരക്കിടുന്ന ജനീറ്റയുടെ ചിത്രം ആന്‍സി മനസ്‌സില്‍ക്കണ്ടു. നിമിഷങ്ങള്‍ക്കകം അവളെത്തി, അനീറ്റയുടെയടുത്ത് കസേര വലിച്ചിട്ട് ഇരുന്നു. കണ്ണുകള്‍ അപ്പോഴും ചേച്ചിയുടെ മുന്നിലുള്ള പേ്‌ളറ്റിലാണ്… അടുത്ത മത്സരത്തിനുള്ള ഊഴം.

മുഖത്ത് വെള്ളത്തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. കുളികഴിഞ്ഞ് ശരീരം ശരിയായി തുടച്ചിട്ടുണ്ടാവില്ല. എങ്കിലും അവളെയോര്‍ത്ത് ആന്‍സിക്ക് ആകുലതയില്ല. കുഞ്ഞിലേതന്നെ സ്വന്തം കാര്യങ്ങള്‍ തനിയേ ചെയ്യുന്നതാണ് ആള്‍ക്ക് ഇഷ്ടം. എവിടേയും ജയിക്കണം.

'എന്റെ മോള്‍ ജീവിക്കാന്‍ പഠിച്ചവളാ… എവിടെക്കൊണ്ടിട്ടാലും പൂച്ചയെപ്പോലെ നാലുകാലില്‍ നിന്നുകൊള്ളും…'
ഗര്‍വ്വോടെ റോയിച്ചന്‍ പറയാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ ആന്‍സിയും വിട്ടുകൊടുക്കില്ല…

'ആണ്‍കുട്ടിയായിട്ട് ജനിക്കേണ്ടതായിരുന്നു… ദൈവത്തിന് പറ്റിയ ഒരു കൈപ്പിഴ…' – അവള്‍ പറയും. അതുകേട്ട് അയാള്‍ പൊട്ടിച്ചിരിക്കും. ചെറിയ മുഴക്കത്തോടെ.

ടെക്‌സ്റ്റൈല്‍ ഷോപ്പിലെ ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ മനസ്‌സിന്റെ കോണിലേക്ക് മാറ്റിയിടുന്ന നിമിഷങ്ങളാണവ.
പൈതൃകമായി കിട്ടിയിട്ടുള്ള പിശുക്കിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെങ്കിലും ആന്‍സിയെ സംബന്ധിച്ചിടത്തോളം റോയിച്ചന്‍ നല്ലവനാണ്. മറ്റ് ദുസ്വഭാവങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ, 'രണ്ട് പെണ്‍മക്കളാണുള്ളത്' എന്ന ചിലരുടെ ഓര്‍മ്മപ്പെടുത്തലുകളില്‍ കുലുങ്ങാറുമില്ല.

റോയിച്ചന് ആരോഗ്യമുണ്ടായിരുന്നാല്‍ മതി… ബാക്കിയെല്ലാം ദൈവത്തിന്റെ കൃപ. അത്രയേ അവള്‍ കരുതിയിട്ടുള്ളൂ.
കസേരയുടെ ഞരക്കം ആന്‍സിയെ ഉണര്‍ത്തി. അനീറ്റ എഴുന്നേല്‍ക്കാന്‍ തുടങ്ങുന്നതുകണ്ട്, കുടിച്ചുകൊണ്ടിരുന്ന കാപ്പി മുഴുവനാക്കാതെ, ഗ്‌ളാസ് ടേബിളില്‍ വച്ച് ജനീറ്റ വാഷ് ബേസിനിനടുത്തേക്ക് ഓടി. കൈകഴുകി, തിരിച്ചുവന്ന്  ചേച്ചിയെ നോക്കി വിജയഭാവത്തില്‍ ചിരിച്ചു.

'അമ്മേ… ഒരുകാര്യം പറയാന്‍ മറന്നുപോയി… ഇവളിന്നുരാവിലെ സ്‌കൂള്‍ബസ്‌സില്‍വച്ച്… നമ്മുടെ ജോര്‍ജ്ജ് അങ്കിളിന്റെ മകനില്ലേ, കിച്ചു… അവനുമായി അടികൂടി. ഇവളുടെ കടിയേറ്റ് അവന്‍ കരഞ്ഞെന്നാണ് ജോമോള് പറഞ്ഞത്…'
കയ്യിലെടുത്ത പാത്രം ആന്‍സി താഴെവച്ചു. അടുത്ത നിമിഷം ജനീറ്റയുടെ കൈത്തണ്ടയില്‍ ആഞ്ഞൊരടി വീണു.
അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ നോവില്‍ സ്തംഭിച്ചുപോയി… ജനീറ്റ, ഒരുനിമിഷം അവള്‍ അമ്മയെ തുറിച്ച കണ്ണുകളോടെ നോക്കിനിന്നു. പിന്നെ, ഉച്ചത്തില്‍ കാറിക്കൊണ്ട് ബെഡ് റൂമിലേക്ക് പാഞ്ഞു.

അനീറ്റയും ഏതാണ്ട് അന്തിച്ചുപോയി. അമ്മയില്‍നിന്നും ഇത്ര, തീവ്രമായ  പ്രതികരണം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല.
'അമ്മേ, കിച്ചുവില്ലേ…, അവന്‍ വലിയ ചട്ടമ്പിയാണ്… അവന്‍ എല്ലാവരേയും എപ്പോഴും ഉപദ്രവിക്കും… അതുകൊണ്ട്…'  അമ്മയുടെ മുഖഭാവം ശ്രദ്ധിച്ചിട്ടാവണം അനീറ്റയ്ക്ക് മുഴുമിപ്പിക്കാനായില്ല.
ബെഡ് റൂമില്‍നിന്ന് കരച്ചിലുയരുന്നു…

കരയട്ടെ…, ആരേയും പേടിയില്ലാതിരുന്നാല്‍ ശരിയാവില്ല. ഇത്തരം പരാതികള്‍ നടാടെ കേള്‍ക്കുന്നതല്ല… ആദ്യമെല്ലാം കുഞ്ഞല്ലേയെന്ന് കരുതി അവഗണിക്കുകയായിരുന്നു…

…പെണ്‍കുട്ടിയാണ്…, സ്മാര്‍ട്ടാവുന്നത് നല്ലതുതന്നെ, പക്ഷേ, ഓവര്‍ സ്മാര്‍ട്ടാവുന്നത്…?

പാത്രങ്ങള്‍ കഴുകിവയ്ക്കുന്നതിലായി ആന്‍സിയുടെ ശ്രദ്ധ… പിന്നെ, ഡൈനിംഗ് ടേബിള്‍ തുടച്ച് വൃത്തിയാക്കി.

ബെഡ് റൂമിലെ ഏങ്ങലടികള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുന്നത് അറിഞ്ഞിരുന്നു. ഉറങ്ങിയിട്ടുണ്ടാവണം. തിരക്കൊഴിഞ്ഞ്, ആന്‍സി പതിയെ റൂമിലേക്ക് എത്തിനോക്കി.

ജനീറ്റ കട്ടിലില്‍ കമിഴ്ന്ന് കിടന്നുറങ്ങുന്നു…

ഫാനിന്റെ സ്വിച്ചില്‍ കൈവച്ചു. കാറ്റിറങ്ങിവന്ന്, അവളുടെ ഫ്രോക്കിന്റെ കിന്നരികളെ ചലിപ്പിക്കുന്നു. രണ്ട് നിമിഷം അലിവോടെ നോക്കിനിന്നിട്ട്, ആന്‍സി പതിയേ വാതില്‍ പുറകില്‍ ചാരി… ഹാളിലേക്ക് നടന്നു…

അനീറ്റ ടി.വിയുടെ മുന്നിലുണ്ട്. ഒരേറ്റുമുട്ടല്‍ ഒഴിവായിക്കിട്ടിയ ആശ്വാസത്തോടെയാവും അവളിരിക്കുക. സാധാരണ വൈകുന്നേരങ്ങള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചലനങ്ങളില്‍ ആര്‍ത്തുല്ലസിച്ച് കടന്നുപോവുകയാണ് പതിവ്. ഇന്നിപ്പോള്‍, കഥാപാത്രങ്ങള്‍ക്കൊപ്പം കാഴ്ച്ചക്കാരിയും ഉറങ്ങുകയാണ്.

സന്ധ്യാപ്രാര്‍ത്ഥനകഴിഞ്ഞ് അനീറ്റ, പഠനമുറിയിലേക്ക് കടക്കുന്നതുകണ്ടു. ഇനി അപ്പനെത്തുന്നതുവരെ അവളുടെ സാന്നിധ്യം അവിടെയുണ്ട്. ജനീറ്റയും ഈ സമയത്താണ് ഹോംവര്‍ക്കുകള്‍ ചെയ്യുക, ആന്‍സി ഓര്‍ത്തു…, താന്‍ അടുത്തുണ്ടായിരിക്കണമെന്നുമാത്രം. അല്ലെങ്കിലവള്‍ ഓരോരോ സംശയങ്ങളുമായി ചേച്ചിയുടെയടുത്തേക്കോടും. ചേച്ചിയെ ശല്യപ്പെടുത്തുന്നത് അവളുടെ പ്രിയവിനോദമാണല്ലോ?

മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ആന്‍സി, ടി.വി. ഓണ്‍ ചെയ്തു. ഏതോ മലയാളസിനിമയാണ്… ശബ്ദം താഴ്ത്തിവച്ച്, വെറുതേ കണ്ടിരുന്നു…

ബൈക്കിന്റെ ശബ്ദം ഗേറ്റിനടുത്തെത്തിയപ്പോഴേക്കും അനീറ്റ, മുന്‍വാതില്‍ തുറന്ന് പുറത്തേക്കോടിക്കഴിഞ്ഞു… അപ്പന്റെ കയ്യില്‍നിന്ന് പഴങ്ങളടങ്ങിയ പ്‌ളാസ്റ്റിക് ബാഗ് ഏറ്റുവാങ്ങി, അവള്‍ മുന്നില്‍ നടന്നു. പിന്നാലെ, കയ്യില്‍ ഹെല്‍മെറ്റുമായി റോയിയുമെത്തി.

എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങകളിലും ഇത് പതിവാണ്. അടുത്ത രണ്ട് ദിവസങ്ങള്‍ കുട്ടികള്‍ക്ക് അവധിയാണല്ലോ…?

'കൊച്ചെവിടെ…?'  സോഫയിലേക്ക് ചാഞ്ഞുകൊണ്ട് റോയി തിരക്കി.
'അവളുറങ്ങിപ്പോയി…'  കാപ്പിക്കപ്പുമായി ഹാളിലേക്ക് വരുന്നതിനിടയില്‍ ആന്‍സി പറഞ്ഞു.

'ഇത്ര നേരത്തേ…?'

അവളൊന്നും മിണ്ടാതെ, അയാള്‍ക്കെതിരെ ഇരുന്നു. പിന്നെ ഒരധികപ്പറ്റുപോലെ, ചലിച്ചുകൊണ്ടിരുന്ന ടി.വി. ദൃശ്യങ്ങള്‍, റിമോട്ടെടുത്ത് ഓഫ് ചെയ്തു.

അനീറ്റ, അപ്പന്റെയടുത്തെത്തി, ചേര്‍ന്നുനിന്നു.

കാപ്പി ഒറ്റവലിക്ക് കുടിച്ച് ഗ്‌ളാസ്‌സ് ടീപ്പോയില്‍ വച്ചിട്ട്, ഷര്‍ട്ടിന്റെ മുന്‍വശത്തെ രണ്ട് ബട്ടനുകള്‍ വിടര്‍ത്തി, കോളര്‍ പുറകിലേക്ക് വലിച്ചുവച്ച് അയാള്‍ ഫാനിന്റെ ദിശയിലേക്ക് ചാഞ്ഞിരുന്നു.

ഇതും ദിനചര്യയുടെ ഭാഗം… ഇനിയുളുള പത്തിരുപത് മിനിറ്റുകള്‍ റോയി,  മക്കളുടെ ലോകത്താണ്. അവരുടെ കുണ്ടണികള്‍ക്കും കുന്നായ്മകള്‍ക്കും ഒപ്പം… കൂട്ടത്തില്‍…, മക്കള്‍ക്ക് അമ്മയെക്കുറിച്ചുള്ള പരാതികളുടെ കെട്ടഴിക്കാനുള്ള സമയവും. ജനീറ്റയ്ക്കായിരിക്കും  എന്നും പരാതികളും പരിഭവങ്ങളും ആവശ്യങ്ങളും… ഏറെ.

എന്തോ ഓര്‍ത്തിട്ടെന്നപോലെ… റോയി ചിരിച്ചു.

'ഇന്നൊരു തമാശയുണ്ടായി… കേട്ടോ മോളെ…'

'എന്താ അപ്പാ…?' അപ്പന്റെ ചിരിയില്‍ മോളും പങ്കുചേര്‍ന്നു.

'നമ്മുടെ ജോര്‍ജ്ജില്ലേ… അവനും മൂത്തവനും കൂടി കടയില്‍ വന്നിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്ന വഴി…'
ആന്‍സിയുടെ നെഞ്ചിടിച്ചുവെങ്കിലും റോയിച്ചന്റെ മുഖഭാവം കണ്ടപ്പോള്‍ അതിന് ശമനം വന്നു.

'നമ്മുടെ ജനീറ്റയ്ക്ക് ഒരു ഷേക്ക്ഹാന്‍ഡ് കൊടുക്കണമെന്ന് അവന്‍ പറഞ്ഞു… എന്താകാര്യമെന്ന് ചോദിച്ചപ്പോഴാണ് വിശേഷമറിഞ്ഞത്…'
റോയി നിര്‍ത്തി… പിന്നെ ചിരിയോടെ തുടര്‍ന്നു:
'ആ കുട്ടിച്ചട്ടമ്പിയെക്കൊണ്ട് അവരൊക്കെ മടുത്തുവെന്നാണ് പറയുന്നത്. അത്ര ശല്യമാണെന്ന്… ആറ് വയസ്‌സല്ലേ ആയിട്ടുള്ളൂ, അതുകൊണ്ട് സഹിക്കുകയേ നിവൃത്തിയുള്ളൂ എന്നാണ് ജോര്‍ജ്ജ് പറയുന്നത്. എന്തായാലും ജനീറ്റയുടെ ഒറ്റക്കടിയില്‍ അവന്‍ ഒതുങ്ങിപ്പോയെന്ന്. ആ ചേട്ടന്‍ കുട്ടിയുടെ സന്തോഷമൊന്നു കാണണം…' വാക്കുകള്‍ മുറിഞ്ഞു, ചിരി തുടര്‍ന്നു.

ആന്‍സിയുടെ മുഖം അപ്പോഴാണ് അയാള്‍ ശ്രദ്ധിച്ചത്. യാതൊരു ഭാവഭേദവുമില്ല. അത് കണ്ടിട്ടെന്നവണ്ണം അനീറ്റ ഇടപെട്ടു.

'അപ്പാ… സ്‌കൂളില്‍വച്ച് ഞാനീവിവരം അറിഞ്ഞു. ഇവടെ വന്ന് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയ്ക്ക് ദേഷ്യം വന്നു… ജനീറ്റയ്ക്ക് നല്ലൊരടിയും കിട്ടി…'

റോയിയുടെ പ്രസന്നഭാവം മാറി, ശബ്ദം കനത്തു.

'അതിന് നീ എന്തിനാണ് അവളെ അടിച്ചത്… അവള്‍ കുഞ്ഞല്ലേ…?'

'റോയിച്ചനെന്താണീ പറയുന്നത്… കുഞ്ഞായിത്തന്നെയാണ് എല്ലാരും വലുതാകുന്നത്… ഇപ്പോഴേ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നെ നമ്മുടെ കയ്യില്‍ നില്‍ക്കില്ല. റോയിച്ചനെപ്പോലെ എനിക്കിതൊന്നും അങ്ങനെ ചിരിച്ചുകളയാന്‍ പറ്റില്ല'.
ദേഷ്യവും സങ്കടവുമെല്ലാം ചേര്‍ന്ന് അവളുടെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടി. അതയാളുടെ മനസ്‌സില്‍ കൊണ്ടു. ആന്‍സിയെ കുറ്റപ്പെടുത്താന്‍ അയാള്‍ക്കാവില്ലായിരുന്നു. അവള്‍ പറയുന്നതിലും കാര്യമുണ്ട്. ജനീറ്റയ്ക്ക് വികൃതി അല്പം കൂടുതലാണല്ലോ. അത് നിയന്ത്രിക്കേണ്ടതുമാണ്… പക്ഷേ, താനൊരു സാധാരണ മനുഷ്യനാണ്. സ്വന്തം മക്കളുടെ വീരസാഹസികതകളില്‍ ഊറ്റം കൊള്ളുകയും സന്തോഷിക്കുകയും അവരുടെ കുറ്റം കാണാതെപോവുകയും ചെയ്യുന്ന ഒരു പിതാവ്. അത്രമാത്രം…

ആന്‍സിയുടെ മുഖത്ത് തറച്ചിരുന്ന മിഴികള്‍ പിന്‍വലിച്ച്, അയാള്‍ എണീക്കാന്‍ ആഞ്ഞു.

ബെഡ്‌റൂമിന്റെ വാതില്‍ അനങ്ങി… ശരംകണക്കേ പാഞ്ഞുവരുന്ന ജനീറ്റ…അവള്‍ അപ്പന്റെ അരികത്തെത്തി, അപ്പനോട് ചേര്‍ന്നിരിക്കുന്ന ചേച്ചിയെ അസൂയയോടെ ഒരുനിമിഷം നോക്കിനിന്നു. പിന്നെ, തലവെട്ടിച്ച് അമ്മയ്ക്കരികിലെത്തി കെട്ടിപ്പിടിച്ച്… കഴുത്തില്‍ ഞാന്നുകിടന്നു.

'ഇതെന്റെ അമ്മയാണല്ലോ… എന്റെ മാത്രം… ചേച്ചി ഔട്ട്…'
ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ ഓടിയകന്നു.

'അപ്പാ… ഇതേതാ സോപ്പ്, നല്ല പതയാണല്ലോ…?'
അനീറ്റയുടെ ശബ്ദത്തിന് ചിരിയുടെ കിലുക്കം.

'എനിക്കറിയില്ല മോളേ…!!!'

വീണ്ടും സെറ്റിയിലേക്ക് ചാഞ്ഞുകൊണ്ട് റോയി പറഞ്ഞു. അതിലെ, തെളിഞ്ഞ പരിഹാസത്തിന്റെ ഈണം ആന്‍സിയെ തണുപ്പിച്ചു. അവള്‍ കുഞ്ഞ് മോളെ ചേര്‍ത്തുപിടിച്ച്, ശിരസ്‌സില്‍ തലോടി.

'അങ്ങനെ എലിമിനേഷന്‍ റൗണ്ടില്‍ നമ്മള്‍ രണ്ടുപേരും ഔട്ട്, ഇനി നമുക്ക് കരയാം… അല്ലേ അപ്പാ…'

അനീറ്റയുടെ വാക്കുകള്‍ക്കൊപ്പം ചിരിയുടെ അലമാലകളുയര്‍ന്നു.