ബി. മുരളി

അബനി എന്ന പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ പേ്‌ള സ്‌കൂളില്‍ കൊണ്ടുവിടാന്‍ ചെന്നതായിരുന്നു.
വിരട്ടിക്കൊണ്ട് ടീച്ചര്‍ അച്ഛനോട് സൂചിപ്പിച്ചു:
“നാളെ പരീക്ഷയാ കേട്ടോ…”
‘കേട്ടു’ എന്ന് അബനിയുടെ അച്ഛന്‍ വിറച്ചുകൊണ്ട് പറഞ്ഞു.
പിന്നെ തിരിച്ചു വീട്ടില്‍വന്ന് അച്ഛന്‍ അച്ഛന്റെ അമ്മയോട് പറഞ്ഞു:
“എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു. നാളെ പരീക്ഷയാണത്രെ.”
അമ്മൂമ്മ പറഞ്ഞു: ”സ്‌കൂള്‍ ബാഗിലെ ഡയറി എടുത്തു നോക്കാം.”
ഓ… നാളെ ഇംഗ്‌ളീഷ് പരീക്ഷയാണ്. പ്രശ്‌നം ഇതാണ്: എഴുതുക എ റ്റു ഇസഡ്.
പിന്നെ അബനിയുടെ അച്ഛന്‍ ഉറങ്ങാന്‍ പോയി.
ഉറക്കത്തിനിടയില്‍ കേട്ടത്:
അമ്മൂമ്മ അബനിയോട്: “എ റ്റു ഇസഡ് എഴുതി നോക്ക്.”
(അബനി എഴുതിക്കാണും.)
പിന്നെയും സൂചന: “ഒന്നുകൂടി എഴുതി നോക്ക്.”
(അബനി പിന്നെയും എഴുതിക്കാണും.)
കുറച്ചു കഴിഞ്ഞപ്പോല്‍ വീണ്ടുമൊരു സ്നേഹനിര്‍ദ്ദേശം:
“ഒന്നുകൂടി എഴുതിനോക്ക്.”
അതു കുറച്ചു കടുത്തുപോയി. ഏണസ്റ്റ് ഹെമിങ്‌വേ പോലും ‘ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ’ രണ്ടുവട്ടം എഴുതിയിട്ടില്ലല്ലോ.
അബനി അപ്പോള്‍ പ്രഖ്യാപിച്ചു:
“എന്റെ ചാര്‍ജ് തീര്‍ന്നു.”
(ലോകത്തെ എല്ലാ ടീച്ചര്‍മാര്‍ക്കും സ്തുതി.)