ലീജാപ്രമോദ് കൊലക്കേസ് ഒരു ശൂന്യതയില്‍ അവസാനിപ്പിക്കേണ്ടിവന്നതില്‍ അമല്‍ പിള്ളക്ക് അമര്‍ഷമുണ്ടായിരുന്നു. അതയാള്‍ പലവട്ടം ജയദീപിനോട് പ്രകടിപ്പിച്ചതാണ്. ശാന്തമായ ഒരു ഭാവനയില്‍ മുഴുകിയിരുന്ന് ദീപ് അതൊക്കെ കേള്‍ക്കുക മാത്രം ചെയ്തു. പ്രതി ആരാണെന്ന് അയാള്‍ക്കു നല്‌ള നിശ്ചയമുണ്ടെന്ന് അമലിനറിയാം. പക്ഷേ, തെളിവുകള്‍ നിരത്താന്‍ അയാള്‍ തയ്യാറായില്‌ള. അതായിരുന്നു അമലിനെ അദ്ഭുതപെ്പടുത്തിയത്. കേസ് എങ്ങുമെത്താതെ അവസാനിപ്പിക്കുന്നതിലെ ജയദീപിന്റെ മോട്ടീവ് അമലിനു മനസ്‌സിലാകുന്നില്‌ള. ഭയമാണോ? മാന്യനും ധീരമുമായ ഒരു പോലീസ് ഓഫീസറാണ് ജയദീപ്. രാഷ്ട്രീയക്കാരുള്‍പെ്പട്ട നിരവധി കേസുകള്‍ അയാള്‍ തെളിയിച്ചിട്ടുണ്ട്. പണം? അത് അയാള്‍ക്ക് ആസ്വാദ്യകരമായ വസ്തുവലെ്‌ളന്ന് ജയദീപിനെ അടുത്തുപരിചയമുള്ള അമലിനു വളരെ നന്നായറിയാം. സ്ത്രീ, താനറിയാത്ത, അയാളുടെ ദൗര്‍ബല്യമായിരുന്നോ? ഒരു പോലീസ് ഓഫീസറുടെ ചുമതലകള്‍ നിര്‍വഹിക്കുക മാത്രമായിരുന്നു ജയദീപിന്റെ കാമം എന്നാണ് അമല്‍ മനസ്‌സിലാക്കിയിട്ടുള്ളത്. എന്നിട്ടും ലീജാപ്രമോദ് വധക്കേസ് എന്തുകൊണ്ട് ഇങ്ങനെ അവസാനിച്ചു?
വിധി പ്രസ്താവിച്ചുകഴിഞ്ഞപേ്പാള്‍ മുതല്‍ ചാനലില്‍ വാര്‍ത്തകള്‍ വന്നുതുടങ്ങി. കേസ് വിശകലനം ചെയ്തുകൊണ്ടുള്ള ചര്‍ച്ചകള്‍. പോലീസിന്റെ കെടുകാര്യസ്ഥതയെ കുറ്റപെ്പടുത്താനാണ് അതില്‍ കൂടുതല്‍ സമയവും വിനിയോഗിച്ചത്. ഇതുമായി സാമ്യമില്‌ളാത്ത കേസുകള്‍ ചേര്‍ത്തുവച്ച് ആരോപണങ്ങളുടെ പാലം പണിയുവാന്‍ അവതാരകര്‍ മിടുക്കു കാണിച്ചു.
മാധ്യമം, പണമുണ്ടാക്കാനുള്ള ഒരു ഉപാധി മാത്രമാണെന്ന് നാണമില്‌ളാതെ പറഞ്ഞുനടക്കുന്ന മുതലാളിയുടെ ചാനല്‍, കേസിന്റെ വൈകാരികതയിലൂടെ മുന്നേറുവാനാണ് ആവേശം കാണിച്ചത്. ചാനല്‍ ഡിറക്ടര്‍ സണ്ണി കുര്യാക്കോസ് തന്നെ ക്യാമറക്കു മുന്നില്‍ വന്നു. കൊല്‌ളപെ്പട്ട ലീജയുടെ മാതാപിതാക്കളെ ക്യാമറക്കു മുന്നിലിരുത്തി കരയിപ്പിക്കാനും ജയദീപിനെതിരെ ശാപവാക്കുകള്‍ ഉരുവിടുവിക്കാനും അവര്‍ ശ്രമിച്ചത് ഒരു സാമൂഹികതരംഗം ഉണര്‍ത്തിവിട്ടു. അതിനിടയില്‍ കൊല്‌ളപെ്പട്ട ലീജയുടെ ഭര്‍ത്താവ് പ്രമോദിന്റെ കാമുകിയുടെ ചിത്രങ്ങളും നിരന്നു. അതിനെ ജയദീപിലേക്കു കണക്ട് ചെയ്യാനുള്ള ശ്രമം അയാളെ ചിരിപ്പിച്ചു. പള്ളിവക സ്ഥലം കൈയേറിയത്, താനിടപെട്ട് ഒഴിപ്പിച്ചുകൊടുത്തതിന്റെ പ്രതികാരം തീര്‍ക്കുന്ന ചാനല്‍ വിദ്യയില്‍ ജയദീപിന് പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്‌ള.
ഒന്‍പതു മാസങ്ങള്‍ക്കു മുമ്പാണ് ജയദീപ്, പ്രമോദിന്റെ ഫ്‌ളാറ്റില്‍ ആദ്യമായി ചെല്‌ളുന്നത്. ലീജ മരണപെ്പട്ട് രണ്ടാഴ്ചക്കു ശേഷം. കൊലപാതകം നടക്കുമ്പോള്‍ അയാള്‍ ഹൈദരാബാദില്‍ ട്രെയിനിംഗിലായിരുന്നു. പ്രാഥമികാന്വേഷണങ്ങള്‍ നടത്തിയത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സത്യപാലായിരുന്നു. അയാള്‍ ശേഖരിച്ച തെളിവുകളും രേഖകളും പരിശോധിച്ചിട്ടാണ് പ്രമോദിനെ കാണാന്‍ ചെന്നത്.