കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ യുവസാഹിത്യപുരസ്‌കാരം ലഭിച്ച സുസ്‌മേഷ് ചന്ത്രോത്തുമായി അഭിമുഖം
രാധിക സി. നായര്‍

– വായനക്കാരന്റെ തടവിലകപെ്പടാനും മുന്‍വിധികളാല്‍ നയിക്കപെ്പടാനും ആഗ്രഹിക്കുന്നില്‌ള.
– ആഹ്‌ളാദിച്ച് ചെയ്യുന്ന ജോലിയാണ് എഴുത്ത്.
– മനുഷ്യന് ദൈവം കൊടുത്ത ഏറ്റവും ശരിയായ ധ്യാനമാര്‍ഗമാണ് സ്‌നേഹപൂര്‍വ്വമുള്ള രതി.
– ജീവിതത്തില്‍ സ്വാധീനിച്ച ആറുപേര്‍: അമ്മ, മദര്‍ തെരേസ, മാധവിക്കുട്ടി, ഇറോം ശര്‍മ്മിള, ദയാബായി, പ്രോതിമാ ബേദി.
– ഈ എഴുതുന്നതൊക്കെ തന്നെയാണ് ഞാനുള്‍പെ്പടുന്ന സാമൂഹികജീവിതം.

 

കഥാലോകത്ത് വേറിട്ട നടപ്പാണ് സുസ്‌മേഷ് ചന്ത്രോത്തിന്‍േറത്. ജീവിതത്തിലും അങ്ങനെതന്നെ എന്നു പറഞ്ഞാലും തെറ്റില്‌ള. എഴുത്ത് ഉപജീവനമാക്കിയ കഥാകാരന്മാരുടെയും രചയിതാക്കളുടെയും പാരമ്പര്യമുണ്ട് മലയാളത്തിനെങ്കിലും ഇന്നത്തെ ആധുനിക ജീവിതപരിസരത്തില്‍ ചെറുപ്പക്കാരനായ ഒരെഴുത്തുകാരന്‍ എഴുത്തിനെ പൂര്‍ണമായി വിശ്വസിച്ച്, രചനയുടെ കരുത്തില്‍ ജീവിതം ജീവിക്കുന്നത് അപൂര്‍വതയാണ്. സുസ്‌മേഷിനെ വ്യത്യസ്തനാക്കുന്നത് അതുമാത്രമല്‌ള. താരതമേ്യന മൃതപ്രായമായ നോവല്‍ശാഖയെ കനമുള്ള നോവല്‍ത്രയങ്ങള്‍കൊണ്ട് സുസ്‌മേഷ് പരിപോഷിപ്പിച്ചു. ഇപേ്പാള്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ യുവപുരസ്‌കാരത്തിനും അര്‍ഹനായി. സുസ്‌മേഷിന്റെ പുരസ്‌കാരവഴിയിലെ മറ്റൊരു മാണിക്യക്കല്‌ള്. രചനാജീവിതത്തെക്കുറിച്ച് സുസ്‌മേഷ് ഇവിടെ പറയുന്നു.

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്‌കാരം. അതിനര്‍ഹമായ ആദ്യ ആള്‍ എന്ന നിലയില്‍ എന്തു തോന്നുന്നു. ഇപേ്പാള്‍ എഴുത്തില്‍ ഉത്തരവാദിത്വങ്ങള്‍ കൂടിവരികയാണോ?
വളരെ സന്തോഷമുണ്ട്. ഉത്തരവാദിത്വത്തെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഉത്തരവാദിത്വത്തിനപ്പുറമാണ് മനുഷ്യസാധ്യമായ കര്‍ത്തവ്യമെന്ന് ഞാന്‍ കരുതുന്നു. എഴുതാന്‍ സാധിച്ചാല്‍ എഴുതും. അതിനായി പരിശ്രമിക്കും. എന്നേ ഇപേ്പാഴും പറയാന്‍ പറ്റൂ.
വെള്ളത്തൂവലുകാരനില്‍നിന്ന് സുസ്‌മേഷ് ചന്ദ്രോത്തിലേക്ക് എത്തുമ്പോള്‍ അകലം കൂടിയോ കുറഞ്ഞോ?
അത് തികച്ചും വ്യക്തിപരമാണ്. അകലം കൂടിയിട്ടുണ്ടാവാം. വെള്ളത്തൂവലുകാരനായ ഒരാള്‍ക്കുമുന്നില്‍ ഞാനിപേ്പാഴും അതേ വെള്ളത്തൂവലുകാരനാണ്. അങ്ങനെയേ ആകാന്‍ എനിക്ക് പറ്റൂ. കൗമാരപ്രായത്തില്‍ അവിടംവിട്ട എന്നെ വെളിയില്‍ നിന്നൊരാള്‍ നോക്കിക്കാണുമ്പോള്‍ വെള്ളത്തൂവലില്‍ നിന്ന് ഒരുപാട് അകലത്തെത്തിയ ഒരാളായി തോന്നിയേക്കാം. ആ തോന്നലും ശരിയാണ്. കാരണം ഹൈറേഞ്ചിനുവെളിയില്‍ അസ്ത്വിത്വവും മേല്‍വിലാസവും ഉള്ള ഒരാളാണ് ഞാന്‍. വാസ്തവത്തില്‍ എന്റെ ഇടം ഇവിടെയൊന്നുമല്‌ള. അതിനാല്‍ ദൂരത്തിന്റെ പ്രശ്‌നമൊക്കെ എന്റെ വിഷയമേയല്‌ള.
വെള്ളത്തൂവലില്‍നിന്ന് കൊച്ചിയോടുള്ള പ്രണയത്തിലെത്തുന്നതെങ്ങനെ?
അന്നത്തെ ചില സാഹചര്യങ്ങളില്‍ പതിനാറാം വയസ്‌സില്‍ എറണാകുളത്തെത്തിപെ്പട്ട ആളാണ് ഞാന്‍. അതായത് ഇടയ്ക്കിടെയുള്ള സന്ദര്‍ശനങ്ങള്‍. അക്കാലത്ത് ഞാനൊരു തൊഴില്‍ സ്ഥാപനത്തിലെ പഠിതാവായിരുന്നു. ഇടയ്ക്കിടെ എനിക്ക് എറണാകുളത്ത് വരേണ്ടതുണ്ടായിരുന്നു. അതൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങള്‍ സകുടുംബം താമസിക്കാന്‍ തിരഞ്ഞെടുത്തതും എറണാകുളമാണ്. ഇപേ്പാഴും എന്റെ മാതാപിതാക്കളും മറ്റ് ബന്ധുക്കളില്‍ പലരും എറണാകുളത്താണ്. നഗരങ്ങളെ വല്‌ളാതെ ഇഷ്ടപെ്പടുന്ന എനിക്ക് കൊച്ചിയെ വല്‌ളാത്ത ഇഷ്ടമാണ്. കൊച്ചിയെ മാത്രമല്‌ള ഇന്ത്യയിലെ എല്‌ളാ വന്‍നഗരങ്ങളെയും എനിക്കിഷ്ടമാണ്. വിശേഷിച്ചും മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളെ.
ഒരു എഴുത്തുകാരനായതെങ്ങനെ? ആദ്യ രചന ഏത്?
എഴുത്തുകാരനായത് ജന്മസിദ്ധമായ കഴിവും ഗുരുത്വവും ഉള്ളതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിലെന്റെ ആത്മാര്‍ത്ഥമായ പ്രയത്‌നവും ഉണ്ട്. അച്ചടിക്കപെ്പട്ടുവന്ന ആദ്യരചന ‘കൊലുസ്’ എന്ന ഇന്‍ലന്റ് മാസികയില്‍ വന്ന ‘അമ്മിണി” എന്ന കഥയാണ്. അതിന്റെ പത്രാധിപര്‍ കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍ എന്നൊരാളായിരുന്നു. അദ്ദേഹത്തെ ഞാനിന്നുവരെ കണ്ടിട്ടുമില്‌ള.
മിനിമാസികകള്‍- പിന്നീട് മിനി മാസികകള്‍ നടത്തിപ്പ്- ആ കാലഘട്ടത്തിലെ മനോഹരവും ദുരിതപൂര്‍ണവുമായ അവസ്ഥകള്‍ പറയാമോ?
അതൊക്കെ ഒരു ഹ്രസ്വകാലത്തായിരുന്നു. മനോഹരവും അതേസമയം ദുരിതപൂര്‍ണ്ണവുമായിരുന്നു ആ കാലം. അത് സ്വാഭാവികമാണ്. ഇന്നത്തെ അത്ര വാര്‍ത്താവിനിമയ സൗകര്യങ്ങളും അച്ചടിസൗകര്യങ്ങളും അന്നുണ്ടായിരുന്നില്‌ളലേ്‌ളാ. അതൊക്കെ ചില പരിശീലനങ്ങള്‍ എന്നതിനപ്പുറം മറ്റെന്തെങ്കിലുമായി ഞാന്‍ പരിഗണിക്കുന്നില്‌ള.
എഴുത്തിനെ രൂപപെ്പടുത്തിയത്/പരുവപെ്പടുത്തിയത് എന്തൊക്കെ?
കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ ജീവിത സാഹചര്യങ്ങളാണ് എന്റെ എഴുത്തിനെ രൂപപെ്പടുത്തിയതും പരുവപെ്പടുത്തിയതും.
സുസ്‌മേഷിന്റെ നോവലുകള്‍ യഥാര്‍ത്ഥത്തില്‍ സ്ഥലപുരാണം കൂടിയാണ്. സാങ്കല്പികമായ സ്ഥലങ്ങള്‍ സൃഷ്ടിക്കാതെ, യഥാര്‍ത്ഥ ഭൂപടം രചനകളില്‍ ചേര്‍ക്കാനുള്ള കാരണമെന്ത്?
‘ഡി’ എന്ന നോവലില്‍ പറയുന്ന സ്ഥലം തികച്ചും സാങ്കല്‍പ്പികമാണ്. ‘9’, ‘പേപ്പര്‍ ലോഡ്ജ്’ എന്നീ നോവലുകളില്‍ മാത്രമാണ് ഞാന്‍ യഥാര്‍ത്ഥ സ്ഥലങ്ങളെ കൊണ്ടുവന്നിട്ടുള്ളത്. അത് ആ പ്രമേയങ്ങള്‍ അതാവശ്യപെ്പടുന്നതുകൊണ്ടാണ്. സ്ഥലപുരാണങ്ങള്‍ മാത്രമല്‌ള ആ നോവലുകള്‍. അവയിലൂടെ അനേകം മനുഷ്യരും ജന്തുജാലങ്ങളും കടന്നുവരുന്നുണ്ട്. അവരുടെ ജീവിതവും ഏറെക്കുറെ പ്രതിപാദിക്കപെ്പടുന്നുണ്ട്. വാസ്തവത്തില്‍ അവ ഒരു നോവല്‍ത്രയമാണ്. 9, പേപ്പര്‍ ലോഡ്ജ്, ഡി എന്നതാണ് ആ ക്രമം.
ഒന്‍പത്, പേപ്പര്‍ ലോഡ്ജ്, ഡി…നോവലിന്റെ പേരുകള്‍ എത്ര വ്യത്യസ്തമാണ്!
നോവലിന്റെ പേരുകളല്‌ള വ്യത്യസ്തം. അവയുടെ വിഷയങ്ങളാണ്. നിങ്ങളെന്തിനാണ് അവയുടെ പേരുകളില്‍ തട്ടിവീഴുന്നത്..? പേരുകള്‍ വായനക്കാരെ ആകര്‍ഷിക്കും എന്ന സത്യം മാത്രമേ അതിനു പുറകിലുള്ളൂ.
മഹാത്മാഗാന്ധി, ഈച്ചരവാര്യര്‍, വെള്ളായിയപ്പന്‍, പെരുന്തച്ചന്‍ എന്തായിരുന്നു ഇത്തരം കഥാപാത്രസൃഷ്ടിക്കു പിന്നില്‍?
അതൊക്കെ അങ്ങനെ സംഭവിച്ചതാണ്. പെരുന്തച്ചന്‍ മിത്തൊക്കെ വള്ളുവനാടന്‍ നാട്ടുജീവിതത്തിലൂടെ മനസ്‌സില്‍ തറഞ്ഞതാണ്. പന്നിയൂരിലെ ശ്രീവരാഹമൂര്‍ത്തീ ക്‌ഷേത്രമൊക്കെ എനിക്കു വളരെ സുപരിചിതമാണ്. എന്നാല്‍ അതൊന്നും മനപ്പൂര്‍വ്വമായിട്ട് എഴുതിയതല്‌ള. എഴുതിപേ്പായതാണ്. അതതുകാലത്തെ വായനയും അവയെ നിര്‍ണ്ണയിക്കുന്നുണ്ടെന്നു പറയാം. പിന്നെ എന്റെ ഏറ്റവും വലിയ എന്‍േറതല്‌ളാത്ത വേദനകളില്‍ ചിലത് ഈച്ചരവാരിയര്‍ സാറും നവാബ് രാജേന്ദ്രനും വെള്ളായിയപ്പനുമൊക്കെയാണ്. അതൊക്കെ എഴുതാതെ എഴുത്തുകാരനായി ജീവിക്കാന്‍ എനിക്കാവില്‌ള. ഞാനതിഷ്ടപെ്പടുന്നില്‌ള.
ചരിത്രത്തിന്റെ പരത്തിപ്പറച്ചില്‍ സുസ്‌മേഷിന്റെ ചില കൃതികളുടെ പാരായണാനുഭവത്തിന് വിരസമുണ്ടാക്കുന്നു എന്ന പറച്ചിലുണ്ട്. എന്തു പറയുന്നു?
അത് അടിമവംശം എന്ന കഥയെ സംബന്ധിച്ചാവും. കുറെയൊക്കെ ശരിയാണ്. വായനക്കാര്‍ ക്ഷമിക്കട്ടെ.
അസാധാരണമായ ക്രാഫ്റ്റാവശ്യപെ്പടുന്ന ഒന്നാണ് നോവല്‍. എന്തായിരുന്നു നോവലെഴുത്തിനു പിന്നിലെ ധൈര്യം?
അങ്ങനെ ധൈര്യമൊന്നുമല്‌ള, ആഗ്രഹമായിരുന്നു മുന്നിലുണ്ടായിരുന്നത്. നോവലെഴുതണം എന്ന ആഗ്രഹം. അത് പെഡ്രോ പരാമോ വായിച്ചതുകൊണ്ടാണ്. ഒന്നുരണ്ടെണ്ണം എഴുതിക്കഴിഞ്ഞപേ്പാഴാണ് ഇതത്ര നിസ്‌സാര കളിയല്‌ള എന്നു മനസ്‌സിലായത്. ഞാന്‍ മനസ്‌സിലാക്കിയിരിക്കുന്നത് ലോകത്തിലെ രണ്ടു വലിയ നോവലുകള്‍ മഹാഭാരതവും ബൈബിളുമാണെന്നാണ്. അവയുടെ സത്ത പൊളിച്ചെടുക്കാന്‍ കഴിഞ്ഞത് ദസ്തയേവ്‌സ്‌കിക്കും. ഇപേ്പാള്‍ ഞാന്‍ ദൈവത്തിന് സ്തുതി പറയുന്നു. എന്താണെന്നോ, ആദ്യനോവലും കഥയുമൊക്കെ വലിയ സംഭവമാക്കി തരാത്തതിന്. ഒരു ഖസാക്കോ ആള്‍ക്കൂട്ടമോ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സോ എഴുതിയിരുന്നെങ്കില്‍ എന്റെ എഴുത്ത് വായനക്കാരന്റെ തടവിലകപെ്പടുമായിരുന്നു. അതിനാല്‍ ഞാനിപേ്പാള്‍ പരോളില്‍ നില്‍ക്കുന്ന ഒരുവനാണ്. എപേ്പാള്‍ വേണേലും അകത്തുപോകാം, പുറത്തും പോകാം. മുന്‍വിധികളാല്‍ നയിക്കപെ്പടാന്‍ ഞാനാഗ്രഹിക്കുന്നില്‌ള.
നോവല്‍രചനയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ എന്തെല്‌ളാം?
അത് അധികവും മനസ്‌സിലാണലേ്‌ളാ നടക്കുന്നത്. പിന്നെ കുറെയൊക്കെ കുറിപ്പുകളായും വരകളായും വസ്തുസ്ഥിതിവിവരണ കണക്കുകളായും അടിസ്ഥാന രേഖകളായും സമാഹരിക്കാറുണ്ട്. പേപ്പര്‍ ലോഡ്ജ് കൃത്യമായ മുന്നൊരുക്കം നടത്തി എഴുതിയ നോവലാണ്.
നമ്പൂതിരിയായ മീര എന്ന കഥാപാത്രം പല കഥകളിലും ആവര്‍ത്തിക്കുന്നലേ്‌ളാ? മാതൃകയുണ്ടോ?
എഴുത്തുകാരന്റെ പണിപ്പുര ഭദ്രമായിരിക്കട്ടെ എന്നാണ് ഒ.വി.വിജയന്‍ സര്‍, മണര്‍കാട് മാത്യു സാറിനോട് പറഞ്ഞിട്ടുള്ളത്. ഞാനതില്‍ വിശ്വസിക്കുന്നു.
എഴുത്തില്‍ എപേ്പാഴെങ്കിലും പരിചിത വ്യക്തിത്വങ്ങള്‍ കഥാപാത്രങ്ങളായിട്ടുണ്ടോ?
എന്താ സംശയം. പലപേ്പാഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്. 9-ലെ പലരും ഇന്നും ജീവിച്ചിരിക്കുന്നവരാണ്. അവരൊക്കെ അത് വായിച്ചിട്ടുമുണ്ട്. പേപ്പര്‍ ലോഡ്ജ് നടക്കുന്നത് തന്നെ തൃശൂരാണ്. തൃശൂരിലെ എനിക്കു പരിചയമുള്ള ഒട്ടുമിക്ക മനുഷ്യരും ആ നോവലില്‍ അതേപടി വരുന്നുണ്ട്.
ലൈംഗികതയുടെ അതിപ്രസരമുണ്ട് സുസ്‌മേഷിന്റെ നോവലുകളില്‍ എന്നൊരു ആരോപണമുണ്ട്. എന്തു പറയുന്നു?
ലൈംഗികതയുടെ പ്രസരമുള്ളതാണ് സാധാരണ മനുഷ്യജീവിതം പോലും. അവിടെ അതിപ്രസരം എന്ന പ്രയോഗത്തിന് സാംഗത്യമുണ്ടോ എന്നറിയില്‌ള. കാരണം മനുഷ്യന്‍ ഇരുപത്തിനാലുമണിക്കൂറും സംഭോഗസന്നദ്ധനല്‌ളലേ്‌ളാ. പിന്നെങ്ങനെ മനുഷ്യന്റെ ജീവിതം പറയുന്ന സാഹിത്യത്തില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടാവും. എന്തായാലും ഒരാളെ സംഭോഗസന്നദ്ധനാക്കാനായി ഞാനൊന്നും എഴുതാറിലെ്‌ളന്നാണ് വിശ്വാസം. ഞാനെഴുതിയത് വായിച്ച് ആര്‍ക്കെങ്കിലും സംഭോഗസന്നദ്ധത ഉണ്ടാവുന്നുണ്ടെങ്കില്‍ അതിലെനിക്ക് ആത്മാര്‍ത്ഥമായും സന്തോഷമേയുള്ളൂ. രതി ഒരു നല്‌ള കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. മനുഷ്യന് ദൈവം കൊടുത്ത ഏറ്റവും ശരിയായ ധ്യാനമാര്‍ഗമാണ് സ്‌നേഹപൂര്‍വ്വമുള്ള രതി.
ഒരുപാടു യാത്രകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. എഴുത്തിനെ അവ നിര്‍ണയിച്ചതെങ്ങനെ?
സാധാരണക്കാരനായ ഒരാളെന്ന നിലയില്‍ വളര്‍ന്നുവന്ന സാഹചര്യത്തില്‍ പരമാവധി ഇരുപത് വയസ്‌സുവരെയേ മനസ്‌സമാധാനത്തോടെ പുസ്തകം വായിക്കാന്‍ എനിക്ക് പറ്റുമായിരുന്നുള്ളൂ. അതുവരെ വീട്ടില്‍നിന്നു പുറത്തേക്ക് സ്വതന്ത്രമായി യാത്ര പോകാനും സാധിക്കുമായിരുന്നില്‌ള. അതായത് യാത്രകള്‍ നിഷിദ്ധമായിരുന്നു. എന്നാല്‍ ഇരുപതു വയസ്‌സിനുശേഷം അറിഞ്ഞോ അറിയാതെയോ യാത്രകള്‍ ആരംഭിക്കുകയായി. പിന്നെ വായന സെലക്ടീവാകും. യാത്രകളും വായനയും എന്നെ സ്വാധീനിക്കുന്നത് ഈ കാലവിളംബത്തിലൂടെയാണ്. ഇവ പരസ്പരപൂരകമലേ്‌ള? എന്റെ പല കഥകളും യാത്രകളില്‍ നിന്നുണ്ടായവയാണ്.
നിരൂപണത്തെ നോക്കിക്കാണുന്നതെങ്ങനെ?
നിരൂപണങ്ങളും വിമര്‍ശനങ്ങളും വായിക്കാന്‍ എനിക്കിഷ്ടമാണ്. നിരൂപകരുടെ നിരീക്ഷണങ്ങള്‍ ഞാന്‍ ഗൗരവപൂര്‍വ്വം കാണാറുണ്ട്.
നോവലും/ജീവിതവും കഥയും/ജീവിതവും എവിടെയെങ്കിലും ഇവ തമ്മില്‍ ചേരുന്നുണ്ടോ?
തീര്‍ച്ചയായും പലയിടത്തും തമ്മില്‍ ചേരുന്നുണ്ട്. അതുകൊണ്ടായിരിക്കണമലേ്‌ളാ എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞത്, ഞാനിനി പ്രത്യേകിച്ച് ആത്മകഥയൊന്നും എഴുതാന്‍ പോകുന്നില്‌ള എന്ന്. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. ഈ എഴുതുന്നതൊക്കെ തന്നെയാണ് ഞാനുള്‍പെ്പടുന്ന സാമൂഹികജീവിതം.
എഴുത്തോ ജീവിതമോ ബാദ്ധ്യതയായിട്ടുണ്ടോ?
ഇല്‌ള.
വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഇടയില്‍ ആണ്‍വായനക്കാരില്‌ള എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനമെന്ത്?
അതെന്റെ തോന്നലാണ്. എഴുതുന്നതും വായിക്കുന്നതും ഇക്കാലത്ത് അധികവും പെണ്‍കുട്ടികളാണെന്ന് എനിക്ക് തോന്നുന്നു. ആണ്‍കുട്ടികളുടെ സര്‍ഗാത്മകത വേറെ കാര്യങ്ങളിലാണ്. അമ്മമാര്‍ ലാളിച്ചു വഷളാക്കിയവരാണ് അവരില്‍ പലരും.
പുതിയ എഴുത്തുകാരില്‍ സുഹൃത്തുക്കളാരൊക്കെ?
പലരുമായും നല്‌ള പരിചയബന്ധമുണ്ട്. സുഹൃത്ത് എന്നു പറയാന്‍ രണ്ടോ മൂന്നോ പേരേ ജീവിതത്തിലുള്ളൂ. അവരെല്‌ളാവരും എഴുത്തുകാരല്‌ള.
ഏറ്റവും ഇഷ്ടപെ്പടുന്ന എഴുത്തുകാരന്‍/എഴുത്തുകാരി ആര്? എന്തുകൊണ്ട്?
അതെനിക്ക് പറയാനാവില്‌ള. ഞാന്‍ വളരെ മോശം വായനക്കാരനാണ്.
എന്തൊക്കെ വായിക്കാനാണിഷ്ടം?
ഡിറ്റക്ടീവ് നോവലുകളില്‍ നിന്നാണ് തുടക്കം. ഇപേ്പാഴും സര്‍ ആര്‍തര്‍ കോനന്‍ ഡോയലാണ് പഥ്യം. പിന്നെ മറ്റ് വിഷയങ്ങള്‍ പറഞ്ഞാല്‍ ചരിത്രം, രാഷ്ട്രീയം, കവിത എന്നിങ്ങനെ പോകും.
പഴയ തലമുറയിലെ എഴുത്തുകാരില്‍ ആരോടെങ്കിലും കടപ്പാടുണ്ടോ?
എല്‌ളാവരോടും കടപ്പാടുണ്ട്. എല്‌ളാ ഭാഷയിലെയും ഞാന്‍ വായിച്ചിട്ടുള്ള പുര്‍വ്വഗാമികള്‍ എന്നെ വളരാന്‍ സഹായിച്ചിട്ടുണ്ട്.
ജീവിതത്തില്‍ സ്വാധീനിച്ച അഞ്ചുപേരെ പേരെടുത്തു പറയാന്‍ ആവശ്യപെ്പട്ടാല്‍…
ആറുപേരുണ്ട്. അമ്മ, മദര്‍ തെരേസ, മാധവിക്കുട്ടി, ഇറോം ശര്‍മ്മിള, ദയാബായി, പ്രോതിമാ ബേദി.
എഴുത്ത് ഉപജീവനമാക്കാന്‍ തീരുമാനിച്ചയാളാണലേ്‌ളാ. എങ്ങനെയുണ്ട് എഴുത്തിന്റെ ഈ വഴി?
എനിക്കതില്‍ വളരെ തൃപ്തിയും മനസ്‌സമാധാനവുമുണ്ട്. ഞാന്‍ ആഹ്‌ളാദിച്ച് ചെയ്യുന്ന ജോലിയാണ് എഴുത്ത്.
പണത്തിനുവേണ്ടി എഴുതുന്ന ഒരാളെന്ന തോന്നല്‍ വായനക്കാരനിലുണ്ടായാല്‍ അതു നിലവാരമില്‌ളാത്ത കൃതിയാണെന്ന തോന്നല്‍ അവര്‍ക്കുണ്ടാവിലേ്‌ള? ഏകാഗ്രതയും മനനവും ധ്യാനവും നഷ്ടപെ്പട്ട, അച്ചുയന്ത്രപ്പണിയാവിലേ്‌ള എഴുത്ത്?
അങ്ങനെയാവേണ്ട കാര്യമില്‌ളലേ്‌ളാ. ഉപജീവനത്തിനായി ഞാനെഴുതുന്നത് ഫീച്ചറുകളും ടെലിവിഷന്‍ പരിപാടികളുടെ തിരക്കഥയും സിനിമയുടെ തിരക്കഥകളുമാണ്. അല്‌ളാതെ 1500 രൂപ ഒരു കഥയ്ക്ക് ശമ്പളം കിട്ടുന്ന എഴുത്തിലൂടെയല്‌ള. അതിവിടുത്തെ സാമാന്യവായനക്കാര്‍ക്കുപോലും അറിയാം എന്നാണ് ഞാന്‍ കരുതുന്നത്. പിന്നെയും അല്പമെങ്കിലും വരുമാനമുള്ളത് നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുമ്പോഴാണ്.
എന്തായിരുന്നു സിനിമാലോകത്തെ അനുഭവങ്ങള്‍?
പൃഥ്വിരാജ് നായകനായ ‘പകല്‍’ ആണ് ആദ്യ സിനിമ. പിന്നെ, ആശുപത്രികള്‍ ആവശ്യപെ്പടുന്ന ലോകം, അമൃത ടി.വി നിര്‍മ്മിച്ച ആതിര 10 സി എന്നീ ഹ്രസ്വചിത്രങ്ങളും. ആതിര 10 സിയുടെ തിരക്കഥയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മറ്റ് പുരസ്‌കാരങ്ങളും ആ ചിത്രത്തിന് കിട്ടിയിട്ടുണ്ട്. ഇപേ്പാള്‍ അശോകന്‍ ചരുവിലിന്റെ ‘മരിച്ചവരുടെ കടല്‍’ എന്ന കഥയെ ആസ്പദമാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയെഴുതി. ഷൂട്ടിംഗ് കഴിഞ്ഞു. വിനീത് കുമാറും രമ്യാ നമ്പീശനുമാണ് പ്രധാനതാരങ്ങള്‍. മറ്റ് പടങ്ങളുടെ പണികള്‍ വിവിധ ഘട്ടങ്ങളിലാണ്. സിനിമ അനിശ്ചിതത്വത്തിന്റെ ലോകമാണലേ്‌ളാ. അവയൊക്കെ പൂര്‍ത്തിയായിട്ട് അവയെപ്പറ്റി പറയാം.
പ്രണയം, വിവാഹം, കുടുംബജീവിതം- എന്താണ് ഇവയെക്കുറിച്ചുള്ള സങ്കല്പം?
പ്രണയം, വിവാഹം, കുടുംബം എന്നിവയൊക്കെ തീര്‍ച്ചയായും ഏതൊരു മനുഷ്യനും അനിവാര്യമാണ്. അവ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രം.
എഴുത്തല്‌ളായിരുന്നെങ്കില്‍ എന്താകുമായിരുന്നു?
മണ്ണിനോട് സജീവബന്ധം പുലര്‍ത്തി ജീവിക്കുന്ന ഒരു കൃഷിക്കാരനാകുമായിരുന്നു. സംശയം വേണ്ട.