വാഴയിലയില്‍
ചാടുന്ന മഞ്ഞക്കിളിച്ചുണ്ടില്‍
നിന്നൊരു പാട്ടുമില്‌ള
പകലിന്‍ ചായം ചമയ്ക്കുമ്പൊഴും (എസ്. ജോസഫ്, മഞ്ഞക്കിളിയോട്)
എന്നിങ്ങനെ ശാര്‍ദ്ദൂലവിക്രീഡിതം പോലും അവയില്‍ കടന്നുവരുന്നു. അയഞ്ഞ താളം മാത്രമുള്ള കവിതയ്‌ക്കൊടുവില്‍ വൃത്തം ശാര്‍ദ്ദൂലവിക്രീഡിതം (എ. അയ്യപ്പന്‍, മുറ്റത്തെ കറുകകള്‍) എന്നെഴുതിയ ആധുനികകവിതയിലെ നിഷേധപാരമ്പര്യവുമായി ഇതിനെ ചേര്‍ത്തുവയ്ക്കുന്നതു രസകരമാണ്.
ഒറ്റയ്‌ക്കേ യാത്ര ചെയ്‌വോ, നടിയിളകിയ പാഴ്-
പ്പാദുകം മാത്രമായോന്‍
കൂട്ടങ്ങള്‍ക്കന്യ, നാരും ബഹിര്‍നയനതയാല്‍
കണ്ടിടാക്കാഴ്ച കാണ്‍േമാന്‍
എന്നിങ്ങനെ അയ്യപ്പനെത്തന്നെ സ്രഗ്ദ്ധരയില്‍ നിര്‍വചിക്കുന്ന അന്‍വര്‍ അലിയുടെ അയ്യപ്പന്‍ എന്ന കവിതയും ഇതേ കൗതുകം പങ്കുവയ്ക്കുന്നു.
പി. പി. രാമചന്ദ്രന്‍ അനുഷ്ടുപ്പിനെ വൃത്തഭദ്രമായും (കരിങ്കണ്ണന്‍, ടീയെന്‍ കൃഷ്ണന്റെ വയലിന്‍, ചുറ്റുവിളക്ക്) ഒട്ടൊക്കെ സ്വതന്ത്രമായും (ഇടശേ്ശരിപ്പാലം, പരമാനന്ദം) ഉപയോഗിക്കുന്നതു കാണാം. കെ. ആര്‍. ടോണിയുടെ കുന്നിന്റെ കഥ എന്ന കവിത വസന്തതിലകം, സ്രഗ്ദ്ധര എന്നീ സംസ്‌കൃതവൃത്തങ്ങളിലാണ്. വൃത്തത്തിന്റെ പ്രൗഢിയെ ഭാഷയുടെ വിപരീതധ്വനികളിലൂടെ ശിഥിലമാക്കുകയെന്ന കാവ്യതന്ത്രമാണ് ടോണി ഉപയോഗിക്കുന്നത്. അതില്‍ വസന്തതിലകത്തിലുള്ള വരികള്‍ക്കുദാഹരണം:
കാട്ടില്‍ച്ചരിക്കുമൊരു മാടിനു തുല്യനാം ഞാന്‍
വീട്ടില്‍ ജനിച്ചു തുലയുന്നതിനെന്തു ബന്ധം!
-ആട്ടും പുകഴ്ചയുമഭേദമെനിക്കു ബ്രഹ്മം
തീട്ടത്തിലും മരുവുമൂണിലുമെന്നപോലെ.
എ. സി. ശ്രീഹരിയുടെ ആധുനികോത്തരം, നിങ്ങളെന്നെ (പോസ്റ്റ്) മോഡേണാക്കി എന്നീ കവിതകളിലും വൃത്തവും ഭാഷയും തമ്മില്‍ ഇത്തരത്തിലൊരു വ്യത്യയം നിര്‍മ്മിക്കുന്നതിനുള്ള ശ്രമമുണ്ട്. പ്രമോദ് കെ. എമ്മിന്റെ കവിതാവിചാരം മറ്റൊരുദാഹരണം. പി. രാമന്റെ താളിയോലയ്ക്കു വിട എന്ന കവിതയില്‍ രഥോദ്ധത എന്ന വൃത്തം അതിലെ ഭാഷയോടു ചേര്‍ന്നുനിന്നുകൊണ്ട് പഴയ കാലത്തെ കാവ്യവ്യവഹാരത്തെത്തന്നെ കുറിക്കുന്നതിന് ഉപയുക്തമാകുന്നു.
വക്രതം എന്ന വൃത്തത്തെ താളപരമായ ഭാഷാസ്വാതന്ത്ര്യത്തോടെ പ്രയോജനപെ്പടുത്തുന്നതാണ് അനിത തമ്പിയുടെ വൃത്തി എന്ന കവിത: