ഓര്‍മ്മനീര്‍/ത്തുള്ളി/ വീണ/ വീഡിയോ/യന്ത്ര/ത്തിന്‍ വ്യൂ/
ഫൈന്ററി/ലിപേ്പാള്‍/ ചെമ്മണ്‍/പാത ചാ/യുന്ന/ കുന്ന്
എന്നിങ്ങനെയുള്ള വരികള്‍ക്കൊപ്പം,
വിണ്ടു കീ/റിയ/ തരി/ശുടമ്പ്,/
ചൂഴും/ മുറി/വെണ്ണ,
കണ്‍/ചാലില്‍/ ചത്ത/ നെയ്യുറു/മ്പുകള്‍,/
താഴെ-/
പ്പാഴ്മരു/ന്നുറ/ങ്ങുന്ന/ മരവി,/
മരി/ക്കാത്ത/ മാറാല/ നിഴല്‍/
കറു/ത്തിരുണ്ടു/ മുനി/യറ/
എന്നപോലെ താളംവിടാതെ മുറിഞ്ഞും ഈരടികളിലവസാനിക്കാതെ കണ്ണികള്‍ കൊരുത്തും നീങ്ങുന്ന വരികളും ഈ കവിതയില്‍ സുലഭമാണ്. എസ്. ജോസഫിന്റെ മയില്‍, അനിത തമ്പിയുടെ കേകയില്‍ ഒരു തീവണ്ടി, റഫീക്ക് അഹമ്മദിന്റെ പാറയില്‍ പണിഞ്ഞത്, ശ്രീകുമാര്‍ കരിയാടിന്റെ ബദല്‍ എന്നിങ്ങനെ ഈ വൃത്തത്തിന്റെ സാര്‍ത്ഥകമായ ഉപയോഗത്തിന് ഇനിയും ഏറെ ഉദാഹരണങ്ങളുണ്ട്.
പൂര്‍വകവികള്‍ ഉപയോഗിച്ച പല വൃത്തങ്ങളും ഇത്തരത്തില്‍ പല പുതുകവികളും ഉപയോഗിക്കുന്നുണ്ട്. കാകളി, മാരകാകളി, മഞ്ജരി, അന്നനട, തരംഗിണി, പാന, ഉപസര്‍പ്പിണി, ഊനസര്‍പ്പിണി, താരാട്ട്, കുറത്തി എന്നിങ്ങനെയുള്ള വൃത്തഭേദങ്ങള്‍ പലതും അവയില്‍ കാണാം. അമ്മനട എന്ന കവിതയില്‍ എന്‍. ജി. ഉണ്ണികൃഷ്ണന്‍ അന്നനട എന്ന വൃത്തത്തെ വിന്യസിക്കുന്നത് ഉദാഹരണം.
നിലവിളക്കിന്റെ തിരിനീട്ടിയമ്മ
നരകവാരിധിനടുവില്‍നിന്നെന്നെ
കരകേറ്റീടണേ ശിവശംഭോയെന്ന്
പറത്തി പിന്നീന്ന്
ഒരു പത്തുരൂപാ.