കലയുടെ വിപ്‌ളവാത്മകസ്വരൂപത്തെക്കുറിച്ച് ലൂക്കാച്ചും ബ്രഹ്റ്റും തമ്മലുണ്ടായ സംവാദങ്ങള്‍ ഈ അടിസ്ഥാനപ്രശ്‌നത്തോട് ബന്ധമുള്ളവയായിരുന്നു. ആധുനികതാപ്രസ്ഥാനത്തെയപ്പാടെ നിഷേധാത്മകമായി വിലയിരുത്തുന്നതിനെ ബ്രെഹ്റ്റും വാള്‍ട്ടര്‍ബെഞ്ചമിനും എതിര്‍ക്കുകയുണ്ടായി. ആധുനികതാപ്രസ്ഥാനത്തിലെ ആവിഷ്‌കാരവൈചിത്ര്യങ്ങളും രൂപശൈഥില്യവും മറ്റും ആധുനികതാ വിമര്‍ശനത്തിന്റെ സന്ദര്‍ഭത്തില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നുണ്ട് എന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നിരുന്നാലും സോവിയറ്റ് മാര്‍ക്‌സിസത്തിന് ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായിരുന്ന മേല്‍ക്കൈ നിമിത്തം പുരോഗമനസാഹിത്യത്തിന്റെയും കലയുടെയും ഔദ്യോഗികരൂപമായി സോഷ്യലിസ്റ്റ് റിയലിസം ഉയര്‍ന്നുവരികയാണ് ചെയ്തത്. ആധുനികതാവിമര്‍ശനത്തിന്റെ ഇതരധാരകളെല്‌ളാം ബൂര്‍ഷ്വാവ്യതിയാനങ്ങളായി വിലയിരുത്തപെ്പടുകയും ചെയ്തു. അങ്ങനെ കലയെക്കുറിച്ചുള്ള വൈരുധ്യാത്മകവീക്ഷണത്തിന്റെ സ്ഥാനത്ത് അതിലളിതവും പലപേ്പാഴും വളരെ യാന്ത്രികവുമായ ഒരു ദ്വന്ദ്വവിചാരം പുരോഗമനകലാദര്‍ശനത്തിന്റെ സൈദ്ധാന്തികസമീക്ഷയായി സ്ഥാനം നേടി.