ഈ കലാവിഷ്‌കാരങ്ങള്‍ പ്രകാശിപ്പിച്ച വിമര്‍ശനാവബോധം, കേവലം മുതലാളിത്തവിമര്‍ശനത്തിന്‍േറതു മാത്രമായിരുന്നില്‌ള. ആധുനിക്തയുടെ ആധാരസ്വരൂപങ്ങളിലേറെയും -വ്യക്തി, യുക്തി, ശാസ്ത്രം എന്നിവ മുതല്‍ വ്യവസായ
വത്കരണവും മുതലാളിത്തവും വരെ – ഇവയില്‍ വിമര്‍ശനവിധേയമായി. എന്നാല്‍ 1920 കളുടെ അവസാനമാകുമ്പോഴേക്കും അത്യന്തം കേന്ദ്രീകൃതവും നിര്‍ബന്ധിതവുമായ വ്യവസായവത്കരണത്തില്‍ അധിഷ്ഠിതവുമായ ഒരു വികസനപരിപ്രേക്ഷ്യം സോഷ്യലിസ്റ്റ് സമൂഹനിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനപരിപടിയായി അവിടെ സ്ഥാനം നേടിയിരുന്നു. റഷ്യയിലെ പരമ്പരാഗത കര്‍ഷകകമ്യൂണുകള്‍ മുതലാളിത്തപരമായ പരിവര്‍ത്തനം കൂടാതെതന്നെ സോഷ്യലിസ്റ്റ് സമുദായത്തിലേക്ക് എത്തിപെ്പടാവുന്നതിന്റെ സാധ്യതയെ ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് ക്‌ളാരാസെട്കിന് എഴുതിയ കത്തുകളില്‍ മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സ്റ്റാലിനിസ്റ്റ് വ്യവസ്ഥ ഭരണകൂടമുതലാളിത്തവും കേന്ദ്രീകൃത അധികാരവും എന്ന നിലയിലുള്ള ഒരു സംയോജനത്തിന് വഴിവയ്ക്കുകയും ആധുനികവ്യവസായവത്കരണത്തെ എല്‌ളാനിലയിലും ശക്തിപെ്പടുത്താന്‍ പരിശ്രമിക്കുകയും ചെയ്തു. അതോടെ സോവിയറ്റ് മാര്‍ക്‌സിസം ആധുനികതാ വിമര്‍ശനത്തിന്റെ സമഗ്രസ്വഭാവം നഷ്ടപെ്പട്ട ഒന്നായിത്തീരുകയും സ്വകാര്യമൂലധനവിമര്‍ശനം എന്ന പരിമിതമായ ഉള്ളടക്കത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. ഈ പരിമിതദര്‍ശനത്തിന്റെ കലാസിദ്ധാന്തമായി സോഷ്യലിസ്റ്റ് റിയലിസം മാറി. ഫാസിസത്തിനും ലോകയുദ്ധത്തിനുമെതിരായ നിലപാട് മൂലം കൂടുതല്‍ വ്യാപകമായ പ്രസക്തി കുറച്ചു കാലത്തേക്ക് അതിന് കൈവന്നു എന്നത് ശരിയാണ്. എന്നല്‍ രണ്ടാംലോകയുദ്ധാനന്തരം സോഷ്യലിസ്റ്റ് രാഷ്ട്രനിര്‍മ്മാണാത്തെ കൃത്രിമമായ പ്രസാദാത്മകതയോടെ ഉയര്‍ത്തിപ്പടിക്കുക മാത്രം ചെയ്യുന്ന ഒരു ലോകവീക്ഷണം അതില്‍ മേല്‍ക്കൈ നേടി. ഫലത്തില്‍ പുരോഗമനസാഹിത്യത്തിന്റെ വിപുലമായ സാധ്യതകള്‍ ചോര്‍ന്നുപോയതും രാഷ്ട്രപ്രകീര്‍ത്തനത്തിന്റെ നേര്‍വടിവില്‍ തളയ്ക്കപെ്പട്ടതുമായ യാന്ത്രികദര്‍ശനമായി സോഷ്യലിസ്റ്റ് റിയലിസം ചുരുങ്ങിപേ്പായി.