നാല്

രാഷ്ര്ടവല്‍ക്കരണത്തിന്റെ പരമോന്നതിയാണ് നഗരവല്‍ക്കരണം. അടിസ്ഥാനപ്രകൃതിക്ക് വിരുദ്ധമായ ഒരവസ്ഥ അതിലുണ്ട്. രാഷ്ര്ടാധികാരം ലഭിക്കുന്നതുവരെയുള്ള സംതൃപ്തിയേ അതിലുള്ളു. അതു കഴിഞ്ഞാല്‍ പിന്നെ അശാന്തിയാണ്. അധികാരത്തിന്റെ അശാന്തി. അത് സ്ഥലജലഭ്രമം സൃഷ്ടിക്കുന്നു. മാനവും മൂല്യവും നഷ്ടപെ്പടുത്തുന്നു. രാജശ്രീ കുടയെന്നപോലെ പിടിക്കാമെന്നേയുള്ളു, അശാന്തിമാത്രമാണ് അത് നല്‍കുന്നതെന്ന് ദുഷ്യന്തനെക്കൊണ്ടുതന്നെ (അഞ്ചാം അങ്കം ശേ്‌ളാകം 6) കാളിദാസന്‍ പറയിപ്പിക്കുന്നുണ്ട്. കൊട്ടാരത്തില്‍ വന്നുകയറുന്ന ആശ്രമവാസികളുടെ മനോവ്യവസ്ഥ ശാര്‍ങ്ഗരവന്റെ വാക്കുകളില്‍ തീവ്രമായി എഴുതിയിരിക്കുന്നു. ഈ വേദിയില്‍ ജനസങ്കുലം തീജ്ജ്വാലയില്‍പെട്ടപോലെ കാണുന്നത്രെ.

തനിക്കറിയാന്‍, ഓര്‍ക്കാന്‍ കഴിയാതെ പോയ ഉത്തമബാന്ധവത്തെക്കുറിച്ച് അഭിജ്ഞാനശേഷം ദുഷ്യന്തന്‍ വിലയിരുത്തുന്നതിങ്ങനെ:
നേരെ സമക്ഷമിഹ വന്നൊരു കാന്തയാളെ
ദൂരെ ത്യജിച്ചു പടമേറ്റു രസിക്കുമീ ഞാന്‍
നീരോട്ടമുള്ള പുഴയൊന്നു കടന്നുവന്നി-
ട്ടാരാഞ്ഞിടുന്നു ബത, കാനല്‍ജലം കുടിപ്പാന്‍.

നാഗരികജീവിതത്തിന്റെ സാഹചര്യവശാലെങ്കിലുമുള്ള മലിനാവസ്ഥ വ്യംഗ്യപ്പെടുത്താനെങ്കിലും ഈ വരികള്‍ ഉപകരിക്കാതിരിക്കുകയില്‌ള. കാലദേശാതീതമായ ഒരു സമകാലികവര്‍ത്തമാനം ഇവിടെയുണ്ട്. ‘നിനയ്ക്കണം പ്രകൃതിഹിതം പ്രജേശ്വരന്‍’ എന്നാണ് ഏഴാമങ്കത്തില്‍ ഭരതവാക്യം തുടങ്ങുന്നത്. പ്രകൃതിയില്‍ ചരാചരങ്ങളും മനുഷ്യകോടികളും അടങ്ങുന്നു. ജൈവികമായത്, സ്വാഭാവികമായത് ആണ് പ്രകൃതി. അവയെ നോക്കേണ്ട, നിലനിര്‍ത്തേണ്ട ആളാണ് പ്രജേശ്വരന്‍. നിയതിയുടെ പ്രതിനിധികൂടിയാണ് ചക്രവര്‍ത്തി; അഥവാ അങ്ങനെ ആകേണ്ടതാണ്.