അഞ്ച്

ഔചിത്യങ്ങളെ തള്ളുന്ന ശ്രദ്ധക്കേടുകളും അത്യാര്‍ത്തികളും ലോകജനസഞ്ചയത്തെ അപായവഴികളില്‍ എത്തിക്കുമെന്ന് ശ്രദ്ധാലുക്കള്‍ പലവഴികളിലായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൃതികളെ ഏതു കാലത്തും സമകാലികമാക്കുന്ന അടിസ്ഥാനാംശങ്ങളുടെ വിശകലനവും ഏകോപനവും രചനാപരമായ പ്രധാനസാദ്ധ്യതയാണ്. ഈ സാദ്ധ്യത പല ബാദ്ധ്യതകളിലും നിറവേറ്റുന്നുണ്ട് ശാകുന്തളം. ആദ്യവസാനം നീളുന്ന പ്രകൃതിവിതാനവും അതിലുള്ള ആസക്തിയും അവയില്‍ ഒന്നുമാത്രമാണ്. എന്നാല്‍ അതു വളരെ പ്രധാനവുമാണ്. ‘തൂണിലും തുരുമ്പിലു’മെന്നപോലെ വരിയിലും വാഴ്‌വിലും ജൈവപ്രകൃതിയുടെ സൂക്ഷ്മ-സ്ഥൂലരൂപങ്ങള്‍ ശാകുന്തളത്തെ ഹരിതനിര്‍ഭരമാക്കുന്നു.

ഇതിവൃത്തവും ആഖ്യാനവും കഥാപരിസരങ്ങളും പ്രത്യേകനിര്‍ദേശമേറ്റെടുത്തതുപോലെ ഈ കൃതിയില്‍ പ്രവര്‍ത്തിക്കുന്നു. കര്‍ത്താവ് അറിഞ്ഞും അറിയാതെയും കൃതിയിലുടനീളം ഇത് സംഭവിക്കുന്നു. ഉദയത്തിലും അസ്തമയത്തിലും രാപ്പകലുകളിലും, തറയിലും പുഴയിലും ആകാശത്തിലും ഉണര്‍വുകള്‍ സംസാരിക്കുന്നു. കുന്നുകുഴികളെ നേരിടുക, നയനഗതി തടയുന്ന കണ്ണീരിനെ മാറ്റിവയ്ക്കുക; വഴികള്‍ സ്ഖലിക്കാതിരിക്കുവാന്‍. കണ്വനിര്‍ദേശം ഒാര്‍ത്താല്‍, പ്രകൃത്യുപദേശം തന്നെയാണ്:
ഉയരുമിമയിലാര്‍ന്നു വാര്‍ന്നിടാതേ
നയനഗതിപ്രതിബന്ധിയായ ബാഷ്പം
തടയുക ധൃതി പൂണ്ടു കണ്ടു കുന്നോ-
ടിടപെടുമീ വഴിയില്‍ സ്ഖലിച്ചിടായ്‌വാന്‍.