ഡോ. ഇന്ദ്രബാബു

തിരുവനന്തപുരം പ്രസ് ക്ലബിലെ വാടിത്തളര്‍ന്നെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭയമരുളുന്ന ‘ വിനോദ കേന്ദ്രം’ ആണ് പ്രസിദ്ധവും അല്പമൊക്കെ കുപ്രസിദ്ധവുമായ ‘ സങ്കേതം’. കഴിഞ്ഞ ദിവസം പകല്‍ കവിയും പത്രപ്രവര്‍ത്തകനുമായ ഇന്ദ്രബാബു അവിടെ എത്തിയപ്പോള്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഇ. സോമനാഥിനെ അവിടെ കണ്ടു. സോമന് ഒരു ശീലമുണ്ട്. ആരുടെ പോക്കറ്റിലെയും പേനയില്‍ കണ്ണുവയ്ക്കുക എന്ന ശീലം. അതുപോലെ ആര്‍ക്കും പേന കൊടുക്കുക എന്ന ശീലവും ഉണ്ട്. കവി കണ്ണുവയ്ക്കാതെ തന്നെ സോമന്‍ ഒരു പേന ഓഫര്‍ ചെയ്തു. പിന്നെ വീട്ടില്‍ നിന്നുകൊണ്ടുവന്ന ചുട്ടപപ്പടവും. പക്ഷേ, ഒരു ഉപാധി ഉണ്ടായിരുന്നു. പപ്പടത്തെയും പേനയെയും പറ്റി ഓരോ നിമിഷ കവിത രചിക്കണം. അങ്ങനെ രചിക്കപ്പെട്ടതാണ് താഴെ കൊടുക്കുന്ന കവിതകള്‍.

 

പപ്പടം

പപ്പടം പോലെ ഉടയുന്ന
ജീവിതം കണ്ടു നമ്മള്‍
മഴ കലി തുള്ളവേ,
പപ്പടം പോലെ പ്രകൃതിയെ
നിത്യവും തച്ചുടയ്ക്കുന്ന
മാനവരോര്‍ക്കുക
നിങ്ങള്‍ ചെയ്യുന്ന
ദുര്‍വൃത്തിക്കെന്നുമേ
നിങ്ങള്‍തന്നെ നല്‍കീടണം
ജീവിതം.

പേന

പേനയെന്നാല്‍ മനസ്സിന്റെതാം
ഉടല്‍
കണ്ടുകൊള്‍ക തൂലികയാകവേ
ചരമമെഴുതുന്ന പേനയ്ക്ക്
തന്നെയും
കാവ്യമെഴുതാം
മനസ്സു നന്നാവുകില്‍.