പെസഹാരഹസ്യം

പെസഹാ ജാഗരപൂജയിലും ഉയിര്‍പ്പുഞായറിലും ഉയിര്‍പ്പിന്റെ അഷ്ടദിനങ്ങളിലെ പൂജകളിലും ആലപിക്കുന്നത്.

സര്‍വ്വേശാ സര്‍വ്വ പരിശുദ്ധനാം താതാ
സര്‍വ്വദാ നിന്നെ സ്തുതിപ്പൂ ഞങ്ങള്‍

ഞങ്ങള്‍ തന്‍ പെസഹാ കുഞ്ഞാടായിത്തീര്‍ന്നേശു
യാഗാര്‍പ്പണം ചെയ്‌തൊരീരാത്രിയില്‍ (ദിനത്തില്‍)

നിന്നെയുച്ചൈസ്തരം വാഴ്ത്തി സ്തുതിപ്പതു
യോഗ്യമുചിതവും ന്യായവുംതാന്‍.

ഉര്‍വ്വിതന്‍ പാപം കഴുകിക്കളഞ്ഞവന്‍
സര്‍വ്വേശ സൂനുവാം കുഞ്ഞാടല്ലോ.

സ്വന്തം മരണത്താല്‍ ഞങ്ങള്‍ തന്‍ മൃത്യുവി-
ന്നന്ത്യം വരുത്തിയ സ്‌നേഹരാജന്‍

തന്‍പുനരുത്ഥാനം കൊണ്ടിവര്‍ക്കേകുന്നു
കന്മഷഹീനമാം നവ്യജീവന്‍.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)