സ്വര്‍ഗ്ഗീയ ജറുസലേമിന്റെ മഹിമ

നവംബര്‍ 1: സകല വിശുദ്ധരുടെയും തിരുനാളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

താതാ വിശുദ്ധര്‍ വസിക്കുന്ന സ്വര്‍പ്പൂര
മാകുന്നൊരോര്‍ശേ്‌ളമിന്‍ ദിവ്യോത്സവം

ഇന്നിതാ സാമോദം ഞങ്ങളാഘോഷിപ്പൂ
സന്നിധാനത്തിങ്കല്‍ ഭക്തിപൂര്‍വ്വം

മുന്നില്‍ വന്നാദരാല്‍ പാടി സ്തുതിക്കുന്നു
ഞങ്ങള്‍ തന്‍ സോദരവൃന്ദമെല്ലാം

മന്നിലെ തീര്‍ത്ഥ സഞ്ചാരികളാം ഞങ്ങള്‍
ഉന്നത വിശ്വാസബദ്ധരായി

നിന്റെ വിശുദ്ധനഗരിയിലേക്കിതാ
ഉന്മേഷം പൂണ്ടു ഗമിച്ചിടുന്നു

ധന്യസഭാംഗങ്ങളൊത്തുമോദിക്കാനും
വന്ദ്യര്‍ തന്‍ മാദ്ധ്യസ്ഥ്യം നേടുവാനും

ദുര്‍ബലര്‍ ഞങ്ങള്‍ക്കവരുടെ മാതൃക
ലഭ്യമാക്കാനും നീ ചിത്തമായി

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ(2)