സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
സ്വര്‍ഗ്ഗത്തില്‍ വിളങ്ങും വിശുദ്ധരാല്‍
സന്തതം കീര്‍ത്തിതനായ നാഥാ
മായാ പ്രപഞ്ചത്തില്‍ യുദ്ധം ജയിച്ചവര്‍
പാരൊളി ചിന്നും വിശുദ്ധാത്മാക്കള്‍
ജീവിതായോധന വേദിയില്‍ നേടിയ
ഭാസുരപുണ്യഫലങ്ങള്‍ക്കായ് നീ
പൊന്നിന്‍ കിരീടമണിയുന്ന വേളയില്‍
നിന്‍ മഹാദാനങ്ങള്‍ക്കല്ലയോ താന്‍
ജീവിതകാലമവരില്‍ ചൊരിഞ്ഞതാ-
മായിരമായിരം നന്മയാലെ
പാരില്‍ വസിക്കുമീ ഞങ്ങള്‍ക്കു മാതൃക
ദീപങ്ങളായി ലസിച്ചിടുന്നു
ആ സിദ്ധന്മാരുടെ ഐക്യത്തിലൂടെയീ-
ആത്മീയബന്ധവും ലഭ്യമായി
ആയവര്‍ തന്നുടെ മാദ്ധ്യസ്ഥ്യ ശക്തിയാല്‍
ആശ്വാസമിന്നിവര്‍ നേടിടുന്നു
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ