സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍ പിതാവേ
പുണ്യവാന്‍മാരുടെ വിസ്മയമാര്‍ന്നുള്ള
സത്യവിശ്വാസപ്രഖ്യാപനത്താല്‍
അങ്ങീസഭയെ പരിപുഷ്ടമാക്കുന്നു
വിണ്ണില്‍ വസിപ്പൊരു പുണ്യതാതാ
അങ്ങയില്‍ സ്‌നേഹം പകരുവാന്‍ ഞങ്ങള്‍ക്കു
കാണിപ്പൂ വന്ദ്യര്‍ തന്‍ മാതൃകകള്‍
ഞങ്ങള്‍തന്‍ ആത്മാവു രക്ഷനേടീടുവാന്‍
മാതൃക ഞങ്ങള്‍ക്കു നല്‍കിടുന്നു
ധന്യരവരുടെ മാദ്ധ്യസ്ഥ്യം ഞങ്ങള്‍ക്കു
പിന്‍ബലമായി ലഭിച്ചുവല്ലോ
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടിന്നു താഴ്മയോടെ.