വിവാഹം : മഹത്തായ കൂദാശ

വിവാഹപൂജയില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ദൈവമേ ക്രിസ്തുവും അങ്ങേ ജനവുമായ്
നവ്യമുടമ്പടി ചെയ്തുവല്ലോ

തന്‍ തിരുമൃത്യുവും ഉത്ഥാനവുംവഴി
ഞങ്ങളെയങ്ങുന്നു വീണ്ടെടുത്തു

ദൈവപ്രകൃതിയില്‍ പങ്കുകാരാക്കി നീ
ദിവ്യ സൗഭാഗ്യത്തിനര്‍ഹരാക്കി

ഉന്നതമാകുമീ ദിവ്യരഹസ്യത്താല്‍
ഞങ്ങള്‍ക്കങ്ങേക്കും വരപ്രസാദം

പാവന ദാമ്പത്യ ബന്ധത്തിലീവിധം
താവക ചിത്തം പ്രതിഫലിച്ചു

ദൈവികമായൊരീ കൂദാശ ഞങ്ങളെ
ദിവ്യസ്‌നേഹത്തിലേക്കാനയിച്ചു

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)