സഭയില്‍ വി. പത്രോസിന്റെയും വി. പൗലോസിന്റെയും ദ്വിവിധ ദൗത്യം

വി. പത്രോസിന്റെയും വി. പൗലോസിന്റെയും ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

അപ്പസ്‌തോലന്‍മാരാം പത്രോസും പൗലോസും
തൃപ്പാദ കാരുണ്യ വായ്പിനാലെ

ആനന്ദമാനസരാക്കുന്നു ഞങ്ങളെ
ആഘോഷപൂര്‍ണ്ണമീ വേളയിങ്കല്‍

ക്രിസ്തീയവിശ്വാസ നേതൃത്വത്താലല്ലോ
പത്രോസ് ഞങ്ങള്‍ക്കു മാതൃകയായ്

ഉദ്ബുദ്ധരാക്കുന്നു പൗലോസു ഞങ്ങളെ
വിശ്വാസസത്യ പ്രഘോഷണത്താല്‍

യൂദസമൂഹത്തില്‍ പത്രോസിന്‍ ശുശ്രൂഷ
ആദിസഭക്കേവം രൂപം നല്‍കി

ഉത്തമ പ്രേഷിതന്‍ പൗലോസ് വിജാതീയര്‍
മദ്ധ്യേ പ്രശോഭിച്ചു സല്‍ഗുരുവായ്

വ്യത്യസ്തമീവിധ മാര്‍ഗ്ഗത്തിലൂടിവര്‍
ക്രിസ്തുവിന്‍ഗേഹം പടുത്തുയര്‍ത്തി

രക്തസാക്ഷിത്വമണിഞ്ഞൊരീ ധന്യരെ
വാഴ്ത്തുന്നു തുല്യമായിന്നു ലോകം

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)